കൊച്ചി : ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മിസ് കേരള ജേതാക്കളായ മോഡലുകൾ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്ന സൈജു തങ്കച്ചനും പൊലീസിൽ ഉന്നത ബന്ധങ്ങൾ. മോൻസൺ മാവുങ്കലിനെ പോലെ കൊച്ചിയിലെ പൊലീസിനെ നിയന്ത്രിച്ചിരുന്ന നിരവധി വിരുതന്മാർ ഉണ്ടെന്ന സൂചനയാണ് പാലാരിവട്ടത്തെ അപകട അന്വേഷണവും നൽകുന്നത്. സൈജു തങ്കച്ചനെതിരെ വഞ്ചനാക്കുറ്റത്തിനു മുംബൈ മലയാളിയായ യുവതി നൽകിയ പരാതിയും ഉന്നത ഇടപെടലിനെ തുടർന്നു പൊലീസ് ഒതുക്കിയതാണ് ഇതിന് പുതിയ തെളിവാകുന്നത്.

ലഹരി മരുന്ന് ഇടപാടിനെന്നു പറയാതെ യുവതിയിൽ നിന്നു സൈജു 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. കൊച്ചിയിലേക്കു രാസലഹരി കടത്താനാണു പണം വിനിയോഗിച്ചതെന്നു മനസ്സിലാക്കിയ യുവതി പണം തിരികെ ചോദിച്ചതോടെ സൈജു ഭീഷണിപ്പെടുത്തി. പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് രജിസ്റ്റർ ചെയ്തില്ല. നമ്പർ 18 ഹോട്ടൽ ഉടമയുമായി സൈജുവിന് അടുത്ത ബന്ധമുണ്ട്. ഹോട്ടലുടമയായി റോയിയുടെ സൗഹൃദ കരുത്താണ് സൈജുവിന് തുണയായത്. അതിനിടെ സൈജുവിന്റെ ക്രിമിനൽ ബന്ധങ്ങളെക്കുറിച്ച് അറിയാതെ പണം തിരികെ വാങ്ങാൻ 2 തവണ കൊച്ചിയിലെത്തിയ യുവതി ജീവൻ അപകടത്തിലാണെന്നു മനസ്സിലാക്കി മുംബൈയിലേക്കു മടങ്ങി. പിന്നീട് പൊലീസും യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തിയില്ല.

മോഡലുകളുടെ മരണത്തിൽ സൈജുവിന്റെ പങ്കാളിത്തം അപകടത്തിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട അബ്ദുൽ റഹ്മാന്റെ മൊഴികളിലൂടെ പുറത്തുവന്നതോടെ സൈജു ഒളിവിൽപോയി. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. നേരത്തെ സൈജുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് സൈജുവിന്റെ മൊഴി വിശ്വസിച്ച് കേസൊതുക്കാനായിരുന്നു പൊലീസിന്റെ ശ്രമം. എന്നാൽ ചില തെളിവുകൾ പുറത്തു വന്നതോടെ കാര്യങ്ങൾ കൈവിട്ടു പോയി. ഹോട്ടലുടമയെ അറസ്റ്റ് രേഖപ്പെടുത്തിയതും ഈ സാഹചര്യത്തിലാണ്. ഇതിനിടെ റോയിക്ക് ജാമ്യവും കിട്ടി. എങ്കിലും സൈജുവിനെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്. അതു മനസ്സിലാക്കിയാണഅ മുങ്ങൽ.

അപകടത്തിൽ മോഡലുകൾ കൊല്ലപ്പെട്ടതിനു ശേഷം ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമയെ തുടർച്ചയായി ഫോണിൽ വിളിച്ച സൈജു കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഹരികടത്തു റാക്കറ്റിലെ കണ്ണികളുമായും ബന്ധപ്പെട്ടതിന്റെ തെളിവും അന്വേഷണസംഘത്തിനു ലഭിച്ചു. മോഡലുകളെ പിന്തുടരാൻ സൈജു ഉപയോഗിച്ച ഔഡി കാറിന്റെ രജിസ്റ്റേർഡ് ഉടമയിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു. സൈജുവിനെ രക്ഷിക്കുന്ന തരത്തിലാണ് ഈ മൊഴി. സൈജുവിന്റെ സുഹൃത്ത് ഫെബി പോളിന്റെ പേരിലാണ് ഈ കാർ.

ഔഡി കാറിൽ കറങ്ങുന്ന സൈജു തങ്കച്ചൻ ആളു ചില്ലറക്കാരനല്ലെന്നാണ് സൂചന. മിസ് കേരള മത്സര വിജയികളായ മോഡലുകൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന സൈജു തങ്കച്ചൻ കൊച്ചിയിലെ ലഹരി കടത്തു സംഘത്തിന്റെ മുഖ്യകണ്ണിയെന്നു പൊലീസിന് വിവരം കിട്ടയെന്നാണ് സൂചന. ബംഗളൂരുവിൽനിന്നു സ്ഥിരമായി കേരളത്തിലേക്കു രാസലഹരിമരുന്നു കടത്തുന്ന സംഘത്തിന്റെ കൊച്ചിയിലെ വിതരണക്കാരനാണു സൈജുവെന്നാണ് ആരോപണം.

മനോരമയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മോഡലുകളുടെ മരണം കൊലപാതകമാകാനുള്ള സാധ്യത നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ലഹരി പാർട്ടിയിലെ തർക്കത്തെ കുറിച്ചു. നമ്പർ 18 ഹോട്ടലുകളിലെ പാർട്ടിയും വിവാദങ്ങളും വിശദമായി മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതെല്ലാം ശരിവയ്ക്കുന്ന നിർണ്ണായക സൂചനയാണ് സൈജു തങ്കച്ചനുമായി ബന്ധപ്പെട്ട പുതിയ ആരോപണം. ഹോട്ടലിൽ വച്ച് ലഹരി മാഫിയയുമായി ഉടക്കിയ മോഡലുകളെ വിരട്ടുകയെന്ന ലക്ഷ്യത്തോടെയാണ് സൈജു തങ്കച്ചൻ ആ ചെയ്സിങ് നടത്തിയത്. ഇതാണ് മരണത്തിന് കാരണമായത്.

2021 മേയിൽ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിലെ ലഹരി ഇടപാടുകളെ സംബന്ധിച്ചു സംസ്ഥാന ഡിജിപിക്കു ലഭിച്ച രഹസ്യാന്വേഷണ റിപ്പോർട്ടിലും സൈജുവിന്റെ ചിത്രവും നമ്പർ 18 കേന്ദ്രീകരിച്ചു നടക്കുന്ന ഇടപാടുകളും ഉൾപ്പെട്ടിട്ടുണ്ട്.കൊച്ചിയിലെ പല ഹോട്ടലുകളിലും നിശാപാർട്ടിയിൽ ലഹരി അനുവദിച്ചിരുന്നില്ല. ഇത്തരം പാർട്ടികൾക്കു ശേഷം ചെറുസംഘങ്ങളായി പിരിഞ്ഞു സമീപത്തെ മറ്റിടങ്ങളിൽ തുടരുന്ന ലഹരി പാർട്ടികളിലാണ് (ആഫ്റ്റർ പാർട്ടി) രാസലഹരി ലഭ്യമാക്കിയിരുന്നത്-മനോരമ റിപ്പോർട്ട് ചെയ്യുന്നു.

നിശാപാർട്ടിക്കു ശേഷം അതേ ഹോട്ടലിലെ മുറികളിൽ ആഫ്റ്റർ പാർട്ടിക്ക് സൗകര്യം ലഭ്യമാക്കിയിരുന്നതാണ് നമ്പർ 18 ഹോട്ടലിന്റെ പ്രത്യേകത. കോവിഡ് ലോക്ഡൗൺ കാലത്തു വളരെ പെട്ടെന്നാണ് ഇവിടത്തെ 'ക്ലബ് 18' പാർട്ടി കൂട്ടായ്മയിലേക്കു യുവാക്കൾ ഒഴുകിയെത്താൻ തുടങ്ങിയത്.അപകടദിവസം രാത്രി ചില 'വിഐപി'കൾ മാത്രം പങ്കെടുക്കുന്ന ആഫ്റ്റർ പാർട്ടിയിലേക്കു മിസ് കേരള മോഡലുകളെ സൈജു ക്ഷണിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ടെന്നും മനോരമ പറയുന്നു.

അൻസി കബീറും അഞ്ജന ഷാജനും ഈ ക്ഷണം അവഗണിച്ച് 2 സുഹൃത്തുക്കൾക്കൊപ്പം ഹോട്ടൽ വിട്ടുപോയതിൽ ക്ഷുഭിതനായ സൈജു കാറിൽ ഇവരെ പിന്തുടർന്നതായാണു പൊലീസിന്റെ നിഗമനം. കുണ്ടന്നൂരിനും വൈറ്റിലയ്ക്കും ഇടയിൽ ഇവർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തിയ െസെജു വിലകൂടിയ ലഹരിപദാർഥങ്ങൾ വാഗ്ദാനം ചെയ്ത് വീട്ടിലേക്കും ക്ഷണിച്ചതായി അപകടത്തിൽ രക്ഷപ്പെട്ട ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്. ഇതെല്ലാം പൊലീസ് രഹസ്യമാക്കി സൂക്ഷിക്കുകയാണ്.

നമ്പർ 18 ഹോട്ടലിനുള്ള ഉന്നത ബന്ധമാണ് ഇതിന് കാരണം. ഈ കേസ് അന്വേഷിക്കാൻ എൻസിബി എത്തേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. എൻസിബി എത്തിയാൽ സിനിമയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ഗൂഢാലോചനയും തെളിയും. മുംബൈയിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റിന് വഴിയൊരുക്കിയ സമീർ വാങ്കഡെയെ പോലൊരു ഉദ്യോഗസ്ഥൻ അന്വേഷിച്ചാലേ ഈ മരണത്തിലെ മയക്കുമരുന്ന് മാഫിയയെ കണ്ടെത്താൻ കഴിയൂവെന്നതാണ് വസ്തുത.

ഹോട്ടൽ മുതൽ അപകടം നടന്ന പാലാരിവട്ടം ചക്കരപ്പറമ്പ് വരെ മോഡലുകളും 2 സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ പിന്തുടർന്ന സൈജു തങ്കച്ചൻ ഇവരുടെ മരണ വിവരം അപ്പോൾ തന്നെ റോയിയെയും ജീവനക്കാരെയും ഫോണിൽ അറിയിച്ചിരുന്നു. ഇതിനു ശേഷമാണു പാർട്ടിയുടെ ദൃശ്യങ്ങൾ നശിപ്പിക്കാൻ ജീവനക്കാർക്കു നിർദ്ദേശം ലഭിച്ചതെന്നാണു നിഗമനം. ഈ നീക്കത്തിലാണു പൊലീസ് ഗൂഢാലോചന കാണുന്നത്.