- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവിധ മയക്കുമരുന്നുകളുടെയും അവ ഉപയോഗിക്കുന്നതിന്റെയും ചിത്രങ്ങളും നിരവധി സ്ത്രീകളുടെ ചിത്രങ്ങളും സൈജുവിന്റെ മൊബൈലിൽ; കോട്ടയത്തു നിന്ന് കാക്കനാട്ടെത്തി നമ്പർ 18 ഹോട്ടൽ താവളമാക്കിയത് രാസലഹരി കടത്തിന് തന്നെ; റോയി വയലാട്ടിന്റെ സുഹൃത്ത് കോഴിക്കോട് മാഫിയയുടെ കൊച്ചി ഏജന്റ്; മോഡലുകളുടെ മരണത്തിൽ മുതലാളി കുടുങ്ങുമോ?
കൊച്ചി: മിസ് കേരള മുൻ ജേതാക്കളായ മോഡലുകൾ അപകടത്തിൽ മരിച്ച കേസിൽ അറസ്റ്റിലായ സൈജു എം. തങ്കച്ചനിൽ നിന്നും പൊലീസ് ലഭിച്ചത് നിർണ്ണായക വിവരങ്ങൾ. മനഃപൂർവമല്ലാത്ത നരഹത്യ, ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ പിന്തുടർന്നു എന്നീ കുറ്റങ്ങളാണ് സൈജുവിനെതിരെ ചുമത്തിയിട്ടുള്ളത്. വിവിധ മയക്കുമരുന്നുകളുടെയും അവ ഉപയോഗിക്കുന്നതിന്റെയും ചിത്രങ്ങളും നിരവധി സ്ത്രീകളുടെ ചിത്രങ്ങളും ഇയാളുടെ മൊബൈൽഫോണിൽനിന്ന് പൊലീസ് കണ്ടെടുത്തു. രാസ ലഹരി കടത്തിലെ പ്രധാന ഏജന്റാണ് സൈജു എന്നാണ് സംശയം
ഹോട്ടലിൽ നിന്ന് അമിത ലഹരിയിൽ പുറത്തുവന്ന യുവാക്കളെ രാത്രി വൈകി വാഹനം ഓടിക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കാനാണു താൻ ശ്രമിച്ചതെന്നും ഈ ഉദ്ദേശ്യത്തോടെയാണു പിന്തുടർന്നതെന്നുമായിരുന്നു സൈജുവിന്റെ ആദ്യമൊഴി. എന്നാൽ, ഇവരുടെ വാഹനം സഞ്ചരിച്ച റോഡരികിൽ സ്ഥാപിച്ചിട്ടുള്ള സ്വകാര്യ നിരീക്ഷണ ക്യാമറകളിൽ നിന്ന് അന്വേഷണ സംഘം ശേഖരിച്ച ദൃശ്യങ്ങളാണു സൈജുവിന്റെ വാദത്തെ പൊളിച്ചത്. സൈജുവിനെതിരെ സാമ്പത്തിക വഞ്ചനാക്കുറ്റത്തിനു കാക്കനാട് സ്വദേശി നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സൈജുവിന് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് അന്വേഷകസംഘം വ്യക്തമാക്കി. മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന സൈജുവിന്റെ ഔഡി കാർ കസ്റ്റഡിയിലെടുക്കും. മോഡലുകളുമായി തർക്കമുണ്ടായെന്നുകരുതുന്ന കുണ്ടന്നൂരിലും അപകടസ്ഥലത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തി. മയക്കുമരുന്ന് സംഘങ്ങളുമായുള്ള മൊബൈൽ ചാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. വിവിധ നിശാപാർട്ടികളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും ഫോണിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് സൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ അറസ്റ്റിലായ നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ കുറ്റം നിലനിൽക്കില്ലെന്നു കണ്ട് കോടതി ജാമ്യം അനുവദിച്ചിരുന്നു. മോഡലുകൾ സഞ്ചരിച്ച കാർ ഓടിച്ച അബ്ദുൾ റഹ്മാൻ മദ്യപിച്ചിരുന്നെന്ന് അറിഞ്ഞുകൊണ്ടാണ് ഇയാൾ പിന്തുടർന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. സൈജു നമ്പർ 18 ഹോട്ടലിലെ സ്ഥിരം സന്ദർശകനാണെന്നും പൊലീസ് പറഞ്ഞു. ഇന്റീരിയർ ഡിസൈനറായ സൈജു ഹോട്ടലുടമ റോയി വയലാട്ടിന്റെ അടുത്ത സുഹൃത്താണ്. കോട്ടയം സ്വദേശിയാണ്. വർഷങ്ങളായി കാക്കനാട്ടാണ് താമസം.
മോഡലുകളും 2 സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ സൈജു പിന്തുടർന്നു തടഞ്ഞു നിർത്തിയ കുണ്ടന്നൂർ ജംക്ഷൻ, അപകടം സംഭവിച്ച പാലാരിവട്ടം ചക്കരപറമ്പ് ദേശീയപാത ബൈപാസ് എന്നിവിടങ്ങളിലാണു തെളിവെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത ശേഷം കൂടുതൽ ചോദ്യം ചെയ്യാനായി 3 ദിവസത്തേക്ക് അന്വേഷണ സംഘത്തിനു കസ്റ്റഡിയിൽ നൽകി. കേസിൽ സൈജു ഒളിവിൽപോയതോടെ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ചു കേരളത്തിലേക്കു രാസലഹരി മരുന്നു കടത്തുന്ന കോഴിക്കോട് റാക്കറ്റിന്റെ കണ്ണിയാണെന്ന സൂചനയും ലഭിച്ചു.
നമ്പർ 18 ഹോട്ടലായിരുന്നു സൈജുവിന്റെ സ്ഥിരം താവളം. നിശാപാർട്ടികളുടെ തുടർച്ചയായി ഇവിടെ നേരം പുലരുംവരെ നടന്ന 'ആഫ്റ്റർ പാർട്ടി'കൾക്കു വേണ്ടി ലഹരി എത്തിച്ചിരുന്നത് സൈജുവും കൂട്ടാളികളുമാണെന്ന് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇക്കാര്യത്തിൽ പരിശോധന നടക്കുന്നുണ്ട്. മോഡലുകളുടെ അപകടത്തിൽ നമ്പർ 18 ഹോട്ടലുടമ കുടുങ്ങുമോ എന്നതാണ് ഇനി അറിയേണ്ടത്. ഇക്കാര്യത്തിൽ സൈജുവിന്റെ മൊഴി നിർണ്ണായകമാണ്. ഹോട്ടലിലെ സിസിടിവി ഇനിയും കണ്ടെത്താനായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ