കൊച്ചി: മോഡലുകൾ വാഹനാപകട കേസ് അന്വേഷണം മയക്കുമരുന്ന് മാഫിയയിലേക്ക്. മോഡലുകൾ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചനുമായി ബന്ധമുണ്ടായിരുന്ന യുവതികളെ ഉൾപ്പെടെ അന്വേഷണ സംഘം ചോദ്യംചെയ്തിരുന്നു. സൈജുവുമായി ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവ വഴി ചാറ്റ് ചെയ്തവരെയും സൈജുവിന്റെ മൊബൈൽ ഫോണിൽനിന്ന് ലഭിച്ച ദൃശ്യങ്ങളിലുള്ളവരെയുമാണ് വിളിച്ചുവരുത്തി ചോദ്യംചെയ്തത്. ഇവരുടെ വിശദാംശങ്ങൾ പൊലീസ് ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. അതിനിടെ ഇൻഫോ പാർക്കിന് സമീപത്തെ മൂന്ന് ഫ്‌ളാറ്റുകളിൽ പൊലീസ് റെയ്ഡ് നടത്തി. സൈജു തങ്കച്ചന്റെ കേന്ദ്രങ്ങലാണ് ഇത്.

ഈ ഫ്‌ളാറ്റുകളിൽ സൈജുവിന്റെ നേതൃത്വത്തിൽ പാർട്ടികൾ സ്ഥിരമായിരുന്നു. ഒരു ഫ്‌ളാറ്റ് സൈജുവിന്റെ പേരിലുമായിരുന്നു. പൊലീസ് അന്വേഷണത്തിൽ രഹസ്യമായി നടത്തിയ പാർട്ടികളുടെ ദൃശ്യങ്ങളായിരുന്നു സൈജുവിന്റെ ഫോണിൽനിന്ന് കണ്ടെത്തിയത്. ഇതിൽ ചിലർ മയക്കുമരുന്ന് ഉപയോഗിക്കുന്ന ചിത്രങ്ങളുമുണ്ട്. ഇവർ ആരെന്ന് അറിയില്ലെന്നും പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവർക്ക് അറിയാമെന്നുമായിരുന്നു സൈജുവിന്റെ മൊഴി. ഇതനുസരിച്ചാണ് ഇവരെ ചോദ്യം ചെയ്തത്. ഈ ഫ്‌ളാറ്റുകളിലാണ് പരിശോധനയും.

ഒരു സ്ത്രീയുടെ ശരീരത്തിൽ മയക്കുമരുന്നായ എം.ഡി.എം.എ. വിതറി ഒന്നിലധികം പുരുഷന്മാർ ചേർന്ന് ഉപയോഗിക്കുന്ന വീഡിയോയും സൈജുവിന്റെ ഫോണിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ചിലവന്നൂരിലെ ഫ്ളാറ്റിൽ 2020 സെപ്റ്റംബർ ആറിനാണ് സംഭവം നടന്നത്. തൊട്ടടുത്ത ദിവസം ഇതേ ഫ്ളാറ്റിൽ നടന്ന പാർട്ടിയിൽ അമൽ പപ്പടവട, നസ്ലിൻ, സലാഹുദീൻ മൊയ്തീൻ, ഷിനു മിന്നു എന്നിവർ പാർട്ടിയിൽ പങ്കെടുത്തുവെന്നും സൈജുവന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

സൈജു ഉപയോഗിച്ച ഔഡി കാറിന്റെ ഉടമ ഫെബി ജോണും സുഹൃത്തുക്കളും ഒരുമിച്ച് കാക്കനാട്ടെ ഫ്ളാറ്റിൽ നടത്തിയ പാർട്ടിയുടെ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. വനിതാ ഡോക്ടർ അടക്കം ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഫോണിലെ രഹസ്യ ഫോൾഡറിൽ പ്രകൃതിവിരുദ്ധ പീഡനത്തിന്റെ വീഡിയോകളും അന്വേഷണ സംഘം കണ്ടെത്തി. റിമാൻഡ് റിപ്പോർട്ടിലുള്ള പേരുകാരെയെല്ലാം പൊലീസ് ചോദ്യം ചെയ്തുവെന്നാണ് സൂചന. അമൽ പപ്പടവടയുടെ ഭാര്യ മിനു പൗളിനേയും പൊലീസ് കാര്യങ്ങൾ തിരക്കാൻ വിളിക്കും എന്നാണ് റിപ്പോർട്ട്.

മോഡലുകൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളായ ലഹരി ഇടപാടുകാരൻ സൈജു തങ്കച്ചൻ, ഹോട്ടലുടമ റോയ് ജോസഫ് എന്നിവരെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുണച്ച ഒരു യുവതി ഇവർ നടത്തിയ ലഹരി പാർട്ടികളിലെ സ്ഥിരം പങ്കാളിയാണെന്ന് പൊലീസ് സൂചിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സൈജുവിനെ പിന്തുണച്ചെത്തിയ വ്യക്തികളിൽ ഒരാൾ മിനു പൗളിനാണ്. മനോരമയുടെ ചാനൽ ചർച്ചയിലും ഇവർ പിന്തുണച്ച് എത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് സൈജുവിന്റെ കൂട്ടുകാരെ പൊലീസ് ചോദ്യം ചെയ്തത്. മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ചിത്രങ്ങളിലുള്ളവർക്കെതിരേ അതിന് കേസെടുക്കാനുള്ള സാധ്യത പരിശോധിക്കും. ഇപ്പോൾ സൈജുവിനെതിരേ ലഹരിമരുന്ന് വിരുദ്ധ നിയമപ്രകാരം ഒൻപത് കേസുകൾ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ സമഗ്രാന്വേഷണം നടന്നുവരികയാണ്.

സൈജുവിന് നേരിട്ടറിയാവുന്നവരുടെയെല്ലാം പേരും ഫോൺ നമ്പറും ഇയാൾ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പാർട്ടിയിൽ നിരവധിപേർ പങ്കെടുത്ത ചിത്രമുണ്ടെങ്കിലും പലരും ലഹരിമരുന്ന് ഉപയോഗിക്കുന്നതായുള്ള ചിത്രങ്ങളില്ല. ഇതിനാൽത്തന്നെ പാർട്ടി നടത്തിപ്പുകാരെക്കുറിച്ചും മറ്റുമുള്ള വിവരങ്ങളാണ് ചോദിച്ചറിയുന്നത്.

ഫോർട്ട്കൊച്ചി 'നമ്പർ 18' ഹോട്ടലുടമ റോയി ജെ. വയലാട്ടിനെയും സൈജുവിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാൻ സാധിക്കാഞ്ഞത് അന്വേഷണത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്. റോയി ആശുപത്രിയിൽ ചികിത്സയിൽനിന്ന് പോരാത്തതിനാലാണ് ഇത് നടക്കാതെപോയത്. ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. സൈജുവിന് ജാമ്യം കിട്ടും വരെ ഇയാൾ ആശുപത്രിയിൽ തുടരുമെന്നാണ് സൂചന.

അതിനിടെ ഫോർട്ട്കൊച്ചി 'നമ്പർ 18' ഹോട്ടലിനെതിരേ എക്‌സൈസ് കേസ് രജിസ്റ്റർ ചെയ്തു. അനുവദിച്ച സമയം കഴിഞ്ഞും മദ്യം വിറ്റതിനാണ് കേസ്. മോഡലുകളുടെ മരണം നടന്ന ഒക്ടോബർ 31-ന് രാത്രി ഒമ്പതു മണി കഴിഞ്ഞും മദ്യം വിറ്റതായി കൊച്ചി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയിൽ കണ്ടതോടെയാണ് കേസെടുത്തതെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ.കെ. അനിൽകുമാർ പറഞ്ഞു.

സമയംകഴിഞ്ഞും മദ്യം വിറ്റതിനെ തുടർന്ന് നമ്പർ 18 ഹോട്ടലിലെ ബാർ ലൈസൻസ് നവംബർ രണ്ടിന് എക്‌സൈസ് സസ്‌പെൻഡ് ചെയ്തിരുന്നു. ഒക്ടോബർ 28-ന് എക്‌സൈസ് സംഘം ഹോട്ടലിൽ നടത്തിയ റെയ്ഡിന് ശേഷമായിരുന്നു നടപടി.