ഹൈദരാബാദ്: റിയോയിൽ വെള്ളി നേടിയത് പിവി സിന്ധുവാണ്. ഇതിന്റെ ആഹ്ലാദത്തിലായിരുന്നു സോഷ്യൽ മീഡിയയും. അവിടെ യഥാർത്ഥ താരമായി സൈന നെഹ് വാളും. ലണ്ടൻ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ താരം ആരാധകന് നൽകിയ മറുപടിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കളിയാക്കാൻ എത്തിയ ആളിനെ എല്ലാ അർത്ഥത്തിലും തകർത്തായിരുന്നു സൈനയുടെ പ്രകടനം. 

പ്രിയ സൈന... താങ്കളുടെ പെട്ടിയും മടക്കാൻ ഒരുങ്ങിക്കൊള്ളുക. മികച്ചവരെ വീഴ്‌ത്താനറിയാവുന്ന ഒരു താരത്തെ ഞങ്ങൾക്കു ലഭിച്ചു കഴിഞ്ഞു.. അതിന് മറുപടിയായി സൈന കുറിച്ചു. ഉറപ്പായും. വാക്കുകൾക്ക് നന്ദി. സിന്ധു വളരെ നല്ല പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇന്ത്യയും ഏറെ മുന്നേറിയിരിക്കുന്നു... സൈനയുടെ ഈ മറുപടി അപ്രതീക്ഷിതമായിരുന്നു. ഇതോടെ മാപ്പു പറച്ചിലെത്തി. താൻ നടത്തിയ അപക്വമായ പരാമർശത്തിന് മാപ്പുപോലും പറഞ്ഞു അദ്ദേഹം. മാത്രമല്ല, സൈനയുടെ ആരാധകനാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധകന്റെ മാപ്പപേക്ഷയോടും വളരെ പക്വമായ പ്രതികരണമായിരുന്നു സൈനയുടേത്. ഒരു പ്രശ്‌നവുമില്ല പ്രിയ സുഹൃത്തേ. താങ്കൾക്ക് എല്ലാവിധ ആശംസകളും.-അങ്ങനെ സിന്ധുവിന്റെ വിജയത്തിൽ സൈനയും താരമായി

സിന്ധുവിനും തന്നേപ്പോലെ കോച്ച് പരിഗണന നൽകുന്നുവെന്ന് ആരോപിച്ച് പുല്ലേല ഗോപിചന്ദ് നടത്തുന്ന അക്കാദമിയിൽനിന്ന് പിണങ്ങിപ്പോയ താരമാണ് സൈനയെന്ന വിമർശനം സജീവമായിരുന്നു. എന്തായാലും സൈനയ്ക്ക് പിന്തുണയുമായി ട്വിറ്റർ ലോകത്തുനിന്നെത്തിയത് നൂറുകണക്കിന് സന്ദേശങ്ങളാണ്. സൈന തന്നെയാണ് ഇന്ത്യയുെട ഒന്നാം നമ്പർ ബാഡ്മിന്റൻ താരമെന്നും വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ യശസുയർത്തിയ ആദ്യതാരം സൈനയാണെന്നും പിന്തുണക്കുറിപ്പിൽ ആരാധകർ കുറിച്ചു. കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്ന് പ്രാഥമിക റൗണ്ടിലെ രണ്ടാം മൽസരത്തിൽ പോമിലേക്കുയരാതെ പോയ സൈന തോൽവിയോടെ ഒളിംപിക്‌സിൽനിന്ന് പുറത്തായിരുന്നു. മൽസരത്തിന് തൊട്ടുമുൻപ് പരിശീലനത്തിനിടെയാണ് സൈനയ്ക്ക് പരുക്കേറ്റത്. ഇപ്പോൾ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സൈന.

ബാഡ്മിന്റണിൽ മെഡൽനേടിയ സൈന നേവാളുമായി ചില സാമ്യങ്ങളുണ്ട് സിന്ധുവിന്. സിന്ധുവിനെപ്പോലെ ഗോപീചന്ദിനു കീഴിൽ പരിശീലിക്കുമ്പോഴാണ് സൈനയും ഒളിമ്പിക് മെഡൽ നേടിയത്. രണ്ടുപേരും ഹൈദരാബാദുകാർ. ഇന്ത്യയുടെ അയൺ ബട്ടർഫ്‌ലൈ എന്നാണ് സൈനയെ വിശേഷിപ്പിക്കുന്നത്. ഒളിംപിക്‌സിൽ ബാഡ്മിന്റൻ സിംഗിൾസിൽ ക്വാർട്ടർ ഫൈനലിലും സെമിഫൈനലിലും എത്തുന്ന ആദ്യത്തെ ഇന്ത്യൻ താരം, വേൾഡ് ജൂനിയർ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യത്തെ ഇന്ത്യക്കാരി എന്നീ ബഹുമതികളുമുണ്ട്. 21 ജൂൺ 2009ൻ ജക്കാർത്തയിൽ വച്ചു നടന്ന ഇൻഡോനേഷ്യ ഓപൺ മത്സരത്തിൽ ബാഡ്മിന്റണിൽ ഉയർന്ന സ്ഥാനക്കാരിയും, ചൈനീസുകാരിയുമായ ലിൻ വാംഗിനെ പരാജയപ്പെടുത്തി ചരിത്രം കുറിക്കുകയുണ്ടായി. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യക്കരിയാണ് സൈന.

ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന വനിതാകായികതാരമെന്ന ബഹുമതിയും സൈനക്കുള്ളതാണ്. സൈനയുടെ വരവ് ഇന്ത്യയിൽ ബാഡ്മിന്റനുണ്ടാക്കിയ കുതിപ്പ് വളരെ വലുതാണ്. വനിതാ ബാഡ്മിന്റണിൽ ചൈനയുടെ അധിനിവേശത്തെ വെല്ലുവിളിച്ച സൈന ലണ്ടനിൽ വെങ്കലമെഡൽ നേടിയതോടെ ഇന്ത്യൻ സ്‌പോർട്‌സിലെ പുതിയ സൂപ്പർതാരമായി വളർന്നു. ഇതുവരെ 16 അന്താരാഷ്ട്ര കിരീടങ്ങൾ നേടിയിട്ടുണ്ട്.