റിയോ ഡി ജെനെയ്‌റോ: റിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് മെഡൽ കിട്ടാക്കനിയായി തുടരുന്നു. ഏറെ പ്രതീക്ഷകളുടെ ഭാരമേന്തിയ ഇന്ത്യയുടെ ബാഡ്മിന്റൺ താരം സൈന നേവാൾ ആദ്യ മത്സരത്തിൽ തന്നെ തോറ്റ് പുറത്തായി. ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവായിരുന്നു സൈന. യുക്രൈന്റെ മരിജ ഉളിറ്റിനയോടാണ് സൈന തോറ്റത്.

ബാഡ്മിന്റൻ വനിതാ വിഭാഗം സിംഗിൾസിൽ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു സൈന. സ്‌കോർ; 21-18, 21-19. ലോക അഞ്ചാം നമ്പർ താരമായ സൈനയെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ലോക 61ാം നമ്പർ താരമായ മരിയ യുലിറ്റിനയുടേത്. ഇരു സെറ്റിലും ഭേദപ്പെട്ട പോരാട്ടം കാഴ്ചവച്ചെങ്കിലും റാങ്കിങ്ങിൽ തന്നേക്കാൾ ഏറെ താഴെയുള്ള മരിയയ്‌ക്കെതിരെ ഒരു സെറ്റുപോലും സ്വന്തമാക്കാൻ സൈനയ്ക്കായില്ല.

ബാഡ്മിന്റൺ ഡബിൾസിൽ പുരുഷവനിത ടീമുകൾ നേരത്തെ പുറത്തായിരുന്നു. സൈനയ്ക്ക് പുറണേ പി വി സിന്ധുവിലാണ് ഇനിയുള്ള പ്രതീക്ഷ. 12 ഷൂട്ടർമാരുമായി റിയോയിലെത്തിയ ഇന്ത്യക്ക് ഷൂട്ടിങ് റേഞ്ചിലെ അവസാന മത്സരം ഇന്നാണ്. 50 മീറ്റർ റൈഫിൾ ത്രി പൊസിഷനിൽ ഗഗൻ നാരംഗിന്റെയും ചെയിൽ സിങിന്റെയും ആദ്യ റൗണ്ട് മത്സരങ്ങൾ. പുറത്തായാൽ ഇന്ത്യൻ ഷൂട്ടിങ് സംഘത്തിന് സംപൂജ്യരായി മടങ്ങാം.