- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈന പൊട്ടിത്തെറിച്ചപ്പോൾ പത്മഭൂഷൺ; അപ്പോൾ ഒരു രാജ്യത്തെ മുഴുവൻ ഓടാൻ പഠിപ്പിച്ച പി ടി ഉഷയ്ക്കെന്താണ് അയോഗ്യത?
രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയാണ് പത്മഭൂഷൺ. ഈ ബഹുമതിക്ക് അർഹരാകാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. തന്റെ പേര് പത്മഭൂഷണിന് ശുപാർശ ചെയ്യാത്തതിന് പൊട്ടിത്തെറിച്ച ബാഡ്മിന്റൺ താരം സൈന നേവാളിന്റെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കലമെഡലിലൂടെ തന്റെ അർഹത സൈന തെളിയിക്കുകയും ചെയ്തിരുന്നു. സൈന തന്
രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയാണ് പത്മഭൂഷൺ. ഈ ബഹുമതിക്ക് അർഹരാകാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. തന്റെ പേര് പത്മഭൂഷണിന് ശുപാർശ ചെയ്യാത്തതിന് പൊട്ടിത്തെറിച്ച ബാഡ്മിന്റൺ താരം സൈന നേവാളിന്റെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കലമെഡലിലൂടെ തന്റെ അർഹത സൈന തെളിയിക്കുകയും ചെയ്തിരുന്നു. സൈന തന്റെ അമർഷം പരസ്യമായി പ്രകടിപ്പിച്ചപ്പോൾ, കായികമന്ത്രാലയം അവരുടെ പേരും ശുപാർശ ചെയ്തു. ശുപാർശകൾ സമർപ്പിക്കേണ്ട സമയം മൂന്നരമാസം മുമ്പ് അവസാനിച്ചതാണെങ്കിലും, പ്രത്യേക പരിഗണന നൽകണമെന്ന അഭ്യർത്ഥനയോടെയാണ് സൈനയുടെ പേര് മുന്നോട്ടുവച്ചിട്ടുള്ളത്.
രണ്ടുവട്ടം വ്യക്തിഗത ഒളിമ്പിക് മെഡൽ നേടിയ ഒരേയൊരു താരമേ ഇന്ത്യയിലുള്ളൂ. അത് ഗുസ്തി താരം സുശീൽകുമാറാണ്. സുശീലിന് പത്മഭൂഷണിന് ശുപാർശ ചെയ്തപ്പോഴാണ് സൈന പൊട്ടിത്തെറിച്ചത്. എന്നാൽ, സുശീലിന്റെ നേട്ടങ്ങൾക്കൊപ്പമാണ് തന്റെ സ്ഥാനമെന്ന് വാശിപിടിച്ച സൈനയുടെ നിലപാട് സ്പോർട്സ്മാൻ സ്പിരിറ്റിന് ചേർന്നതല്ലെന്ന് വിമർശിക്കുന്നവരേറെയാണ്. സൈനയ്ക്ക് പത്മഭൂഷണിന് അർഹതയുണ്ടെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ, അത് സുശീലിനൊപ്പം തന്നെ വേണമെന്ന് വാശിപിടിക്കുന്നിടത്താണ് കുഴപ്പം.
പത്മ ശ്രീ നേടിയശേഷം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതിന്റെ പേരിലാണ് സുശീലിനും വൈകിയാണെങ്കിലും സൈനയ്ക്കും പത്മഭൂഷൺ നൽകണമെന്ന് കായികമന്ത്രാലയം ശുപാർശ ചെയ്തത്. എന്നാൽ, പത്മശ്രീ നേടിയശേഷം ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ച ഷൂട്ടിങ് താരം ഗഗൻ നാരംഗിന്റെയും ബോക്‌സിങ് താരം വിജേന്ദർ സിങ്ങിന്റെയും ഗുസ്തി താരം യോഗേശ്വർ ദത്തിന്റെയും പേരുകൾ എന്തുകൊണ്ട് കായികമന്ത്രാലയം ശുപാർശ ചെയ്തില്ല എന്ന് ചോദിക്കുന്നവരുമുണ്ട്.
സൈന നേവാളിന് പത്മഭൂഷൻ വേണമെന്ന് വാശിപിടിക്കുമ്പോൾ, മാറിമാറി വന്ന സർക്കാരുകൾ മറന്നുപോയ മറ്റൊരു പേരുണ്ട്. അത് നമ്മുടെ സ്വന്തം പി.ടി.ഉഷയുടേതാണ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായികതാരം ഉഷയാണെന്നതിൽ ആർക്കും സംശയമുണ്ടാകില്ല. എന്നാൽ, 1984-ൽ പത്മശ്രീ നൽകിയതൊഴിച്ചാൽ ഉഷയെത്തേടി മറ്റൊരു സിവിലിയൻ ബഹുമതിയും കടന്നുവന്നിട്ടില്ല.
പത്മശ്രീ നേടിയശേഷം കൈവരിച്ച നേട്ടങ്ങളാണ് പത്മഭൂഷണിന് അടിസ്ഥാനമെങ്കിൽ, ഉഷയ്ക്ക് ആ ബഹുമതി എന്നോ നൽകേണ്ടതായിരുന്നു. 1984-ൽ അർജുന അവാർഡും 1985-ൽ പത്മശ്രീയും നേടിയ ഉഷയുടെ സുവർണ നിമിഷങ്ങൾ പിറന്നത് 1986-ലെ സോൾ ഏഷ്യൻ ഗെയിംസിലാണ്. മൂന്ന് വ്യക്തിഗത ഇനങ്ങളിലൂടെ നാല് സ്വർണമെഡലുകളും ഒരു വെള്ളിമെഡലുമാണ് ഉഷ നേടിയത്. ഒരു ഏഷ്യൻ ഗെയിംസിൽ നാല് സ്വർണമുൾപ്പെടെ അഞ്ച് മെഡൽ!. 1990-ലെ ബെയ്ജിങ് ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളിയും 1994-ലെ ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ ഒരു വെള്ളിയും ഉഷ സ്വന്തമാക്കി. ഇത്രയും നേട്ടങ്ങൾ കൈവരിച്ച ഉഷയെ മറന്നിടത്താണ്, സൈന നേവാൾ ഉയർത്തിയ പത്മഭൂഷൺ വിവാദമെന്നോർക്കണം.