ഹൈദരാബാദ്: പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ ബാഡ്മിന്റൺ താരങ്ങളായ സൈനയും കശ്യപും വിവാഹിതരായി. മാധ്യമങ്ങളെ അറിയിക്കാതെ അതീവരഹസ്യമായാണ് ഇരുവരും വിവാഹിതരായത്. ട്വിറ്ററിലൂടെ വിവാഹചിത്രം പങ്കുവച്ച് സൈനയാണ് വിവാഹവാർത്ത ആരാധകരെ അറിയിച്ചത്. ഹൈദാരാബാദിലായിരുന്നു വിവാഹച്ചടങ്ങുകൾ. തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങളും രാഷ്ട്രീയ നേതാക്കളും കായിക രംഗത്തെ പ്രഗൽഭരും ചടങ്ങിൽ പങ്കെടുത്തു.ഡിസംബർ 21ന് വിവാഹസത്കാരം നടക്കും.

നേരത്തെ ഡിസംബർ 16ന് വിവാഹം നടക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ മാധ്യമങ്ങളെ കബളിപ്പിച്ചു കൊണ്ട് ഇന്ന് ഇരുവരും ഹൈദരാബാദിൽ വിവാഹിതരാവുക ആയിരുന്നു. കഴിഞ്ഞ പത്ത് വർഷമായി കശ്യപും സൈനയും പ്രണയത്തിലായിരുന്നു. 2005-ൽ ഗോപീചന്ദിന്റെ ഹൈദരാബാദിലെ ബാഡ്മിന്റൺ അക്കാദമിയിൽ വച്ചാണ് സൈനയും കശ്യപും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും.

ഇരുവരുടെയും സുഹൃത്തുക്കളും സഹതാരങ്ങളായ കെ. ശ്രീകാന്ത്, സായ് പ്രണീത്, ഗുരുസായ്ദത്ത് എന്നിവർക്കെല്ലാം ഇരുവരുടേയും പ്രണയമറിയാമായിരുന്നു. എന്നാൽ ഈ സൗഹൃദ വലയത്തിനപ്പുറം പോകാതെ സൈനയും കശ്യപും പ്രണയം രഹസ്യമാക്കി വെയ്ക്കുകയായിരുന്നു. ഇതിനു സുഹൃത്തുക്കളും ഒത്താശ ചെയ്തു. ഈ കുട്ടുകെട്ടിനകത്തു നിന്നാണ് ഇരുവരും കറങ്ങി നടന്ന് പ്രണയിച്ചത്. ഇരുവരും പോകുന്നിടത്തെല്ലാം ഈ കൂട്ടുകാരും ഉണ്ടായിരുന്നു. അതിനാൽ തന്നെ പ്രണയ വാർത്ത പുറത്തായതും ഇല്ല.

ഇരുപത്തിയെട്ടുകാരിയായ സൈന കരിയറിൽ ഇതുവരെ പ്രധാനപ്പെട്ട 20 കിരീടങ്ങൾ നേടിയിട്ടുണ്ട്. ഒളിമ്പിക്‌സ് വെങ്കല മെഡലും ലോകചാമ്പ്യൻഷിപ്പിൽ വെള്ളിയും സൈനയുടെ അക്കൗണ്ടിലുണ്ട്. അതേസമയം 32-കാരനായ കശ്യപ് 2013-ൽ ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014 കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടി.

ഇതോടെ ഗോപിയുടെ മാത്രമല്ല, സ്‌ക്വാഷ് താരം ദീപിക പള്ളിക്കൽ-ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്, വോളിബോൾ താരം പ്രതിമ സിങ്ങ്-ക്രിക്കറ്റ് താരം ഇഷാന്ത് ശർമ്മ, ഗുസ്തി താരങ്ങളായ ഗീത ഫൊഗാട്ട്-പവൻ കുമാർ എന്നീ സ്പോർട്സ് ദമ്പതികളുടെ നിരയിൽ എത്തിയിരിക്കുകയാണ് സൈനയും കശ്യപും. ബാഡ്മിന്റൺ താരങ്ങളായ ജ്വാല ഗുട്ടയും ചേതൻ ആനന്ദും വിവാഹിതരായിരുന്നെങ്കിലും പിന്നീട് വേർപിരിയുകയായിരുന്നു.