ന്യൂഡൽഹി: പത്മഭൂഷൺ പുരസ്‌കാരത്തിനായി ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിനെ കേന്ദ്ര കായിക മന്ത്രാലയം ശുപാർശ ചെയ്തു. പത്മഭൂഷണിനായി സൈന അപേക്ഷ നൽകിയിരുന്നെങ്കിലും നേരത്തെ കായിക മന്ത്രാലയം പരിഗണിച്ചിരുന്നില്ല.

തുടർന്ന് സർക്കാരിനെ വിമർശിച്ച് സൈന രംഗത്തെത്തിയതോടെയാണ് അപേക്ഷ വീണ്ടും പരിഗണിക്കാൻ ആലോചിക്കുന്നത്. സൈനയുടെ അപേക്ഷ പരിഗണിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നാണ് കേന്ദ്ര കായികമന്ത്രി സർബാനന്ദ സോനാവാൾ പറഞ്ഞത്.

തന്നെ തഴഞ്ഞ് രണ്ടു തവണ ഒളിമ്പിക്‌സ് മെഡൽ നേടിയ ഗുസ്തി താരം സുശീൽ കുമാറിനെ പത്മഭൂഷൺ പുരസ്‌കാരത്തിന് ശുപാർശ ചെയ്തതിനെതിരെ സൈന രംഗത്തുവന്നിരുന്നു. 2010-ലാണ് പത്മശ്രീ പുരസ്‌കാരം സൈനയ്ക്ക് ലഭിച്ചത്. പിന്നീട് കഴിഞ്ഞ ഓഗസ്റ്റിൽ സൈന പത്മഭൂഷണ് അപേക്ഷം നല്കി. എന്നാൽ പത്മ പുരസ്‌കാരം ലഭിച്ച് അഞ്ചു വർഷത്തിന് ശേഷം മാത്രമേ അടുത്തത് നൽകാനാവൂ എന്ന ചട്ടം ചൂണ്ടിക്കാട്ടി സൈനയുടെ അപേക്ഷ കേന്ദ്രസർക്കാർ നിരസിക്കുകയായിരുന്നു.

ഈ ചട്ടം മറികടന്നാണ് സുശീൽ കുമാറിന് പത്മപുരസ്‌കാരം നൽകിയതെന്നാണ് സൈന പരാതിപ്പെട്ടത്. 2011ലാണ് സുശീലിന് പത്മശ്രീ ലഭിച്ചത്. അഞ്ചുകൊല്ലം തികയുംമുമ്പ് സുശീലിനെ അടുത്ത പുരസ്‌കാരത്തിന് പരിഗണിക്കുകയും സൈനയുടെ അപേക്ഷ തള്ളുകയും ചെയ്ത സംഭവം വിവാദമായതോടെയാണ് സൈനയുടെ കാര്യത്തിൽ അനുകൂല നടപടിയെടുക്കാൻ കേന്ദ്രം ഒരുങ്ങുന്നത്.