മലപ്പുറം: ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) അന്വേഷണം അവസാനിപ്പിച്ചതോടെ കഴിഞ്ഞ രണ്ടര വർഷത്തോളമായി ഏറെ ചർച്ച ചെയ്യപ്പെട്ട ഹാദിയാ കേസിന് പര്യവസാനമായിരിക്കുകയാണ്. ഹാദിയയുടെ മതംമാറ്റത്തിനു പിന്നിൽ ബലപ്രയോഗം നടന്നതിനോ തീവ്രവാദ ബന്ധത്തിനോ തെളിവില്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു എൻ.ഐ.എ അന്വേഷണം അവസാനിപ്പിച്ചത്. 2016 ജനുവരി 6ന് ആണ് കോട്ടയം വൈക്കം സ്വദേശി ഹാദിയയുടെ പിതാവ് അശോകൻ മകളെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയതായും കാണിച്ച് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നത്. പിന്നീട് രണ്ട് തവണ കോടതിയിൽ ഹേർബിയസ് കോർപസ് ഹരജി അശോകൻ ഫയൽ ചെയ്തിരുന്നു. ഇക്കാലയളവിൽ കോട്ടക്കലിലെ എ.എസ് സൈനബയുടെ സംരക്ഷണത്തിലായിരുന്നു ഹാദിയ കഴിഞ്ഞിരുന്നത്.

കോടതിയിൽ ഹാജരാക്കിയപ്പോഴും അഖില എന്ന ഹാദിയ സൈനബ ടീച്ചറോടൊപ്പമായിരുന്നു പോയിരുന്നത്. സൈനബ ടീച്ചറുടെ സംരക്ഷണത്തിൽ കഴിയുന്നതിനിടെ 2016 ഡിസംബർ 19ന് കൊല്ലം സ്വദേശി ഷഫിൻ ജാനുമായുള്ള വിവാഹം നടന്നത്. ഇത് മാസങ്ങളോളം ഹൈക്കോടതിയിൽ നടന്ന വാദങ്ങൾക്കും മറുവാദങ്ങൾക്കുമൊടുവിൽ 2017 മെയ് 24ന് ഷെഫിൻ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കികൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. ഇത് ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി. ഷഫിൻ ജഹാൻ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചതോടെ എൻ.ഐ.എ ഹാദിയാ കേസ് അന്വേഷിക്കുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ഏറെ ആരോപണങ്ങൾ നേരിടേണ്ടി വന്ന ഹാദിയയുടെ മതം മാറ്റത്തിൽ ബലപ്രയോഗമോ, തീവ്രവാദ ബന്ധമോ ഇല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഹാദിയക്ക് സംരക്ഷണവും സഹായവും ഒരുക്കി തുടക്കം മുതൽ ഈ കേസിൽ ഉയർന്നു കേട്ട പേരായിരുന്നു പോപ്പുലർ ഫ്രണ്ട് വനിതാ വിഭാഗമായി നാഷണൽ വുമൺസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എ.എസ് സൈനബ ടീച്ചറുടേത്. ക്ലീൻ ചീറ്റ് ലഭിച്ചതോടെ ഏറെ സന്തോഷത്തിലാണിവർ. ഇത് സത്യത്തിന്റെ വിജയമാണെന്നും രാഷ്ട്രത്തോടും ഭരണഘടനയോടും നീതിപീഠത്തോടും പ്രതിബന്ധതയുള്ളതു കൊണ്ടാണ് പൊതുപ്രവർത്തനത്തിനിറങ്ങിയതെന്നും സൈനബടീച്ചർ മറുനാടൻ മലയാളിക്കു അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

നിരവധി ആരോപണങ്ങൾ അന്വേഷണ കാലയളവിൽ എ.എസ് സൈനബക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരിൽ ചിലർ തന്നെ ഭീകരവാദിയെ പോലെയാണ് പെരുമാറിയതെന്നും ആർ.എസ്.എസുകാർ ചോദിക്കുന്ന ചോദ്യങ്ങളും സംസാരങ്ങളുമാണ് തന്നോട് ചില പൊലീസുകാർ ചെയ്തതെന്നും സൈനബ ടീച്ചർ പറഞ്ഞു.ഹിന്ദുക്കളുടെ ഔദാര്യത്തിലാണ് ഇവിടെത്തെ മുസ്ലിംങ്ങൾ കഴിയുന്നതെന്ന രീതിയിൽ വരെ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ചെർപുളശേരിയിലെ ആതിരയുടെ മതംമാറ്റ കേസിലും മറ്റു നിരവധി കേസുകളിലും തന്നെ വലിച്ചിഴക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നതായും സൈനബ ടീച്ചർ പറഞ്ഞു.

നാഷണൽ വ്യുമൺസ് ഫ്രണ്ട് എസ്.സൈനബ ടീച്ചറുമായുള്ള അഭിമുഖത്തിന്റെ പൂർണ്ണ രൂപം:

? എൻ.ഐ.എ അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തിൽ എന്താണ് പ്രതികരണം

ഹാദിയാ കേസിൽ തുടക്കം മുതൽ മീഡിയകളോടു പറഞ്ഞിരുന്നതാണ് ഇത് കെട്ടിച്ചമച്ച കേസായിരുന്നെന്ന്. ഹാദിയ ഒരു പ്രായപൂർത്തിയായ വിദ്യാസമ്പന്നയായ പെൺകുട്ടിയാണ്. അവൾ തുടക്കം മുതലേ പറയുന്ന കാര്യമാണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം പഠിച്ചു മനസിലാക്കിയാണ് ഒരു ആദർശത്തിലേക്ക് മാറാൻ തീരുമാനിച്ചതെന്ന്. ആദ്യം സുഹൃത്തുക്കളോടു പറഞ്ഞു. പിന്നീട് കേസ് വന്നപ്പോൾ പറഞ്ഞതാണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഞാൻ കണ്ടെത്തിയ ശരിയിലാണ് ഉള്ളതെന്ന്. പക്ഷെ അതിനെ വേറെ തലങ്ങളിലേക്കു കൊണ്ടുപോകാൻ പ്രത്യേക അജണ്ടയും താൽപര്യത്തോടുകൂടിയും ഇടപെട്ടതായാണ് മനസിലാക്കാൻ കഴിയുന്നത്. ആർഎസ്.എസ് അല്ലെങ്കിൽ ഇവിടെ വർക്കൗട്ട് ചെയ്യുന്ന ഇസ്ലാമോഫോബിയ അത് എങ്ങിനെ പ്രചരിപ്പിക്കണം അതിന് ആരൊക്കെ ഉപയോഗപ്പെടുത്താം മീഡിയകളെ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നൊക്കെ കൃത്യമായ ആസൂത്രണത്തോടുകൂടി കെട്ടിച്ചമച്ച ഒരു വിഷയമാണ് ഹാദിയാ കേസ്.

? കേസ് നടന്ന ഇക്കാലയളവിൽ ഏത് തരത്തിലുള്ള അനുഭവങ്ങളായിരുന്നു നേരിടേണ്ടി വന്നത്

മൂന്ന് അന്വേഷണ ഏജൻസികളാണ് ഈ കേസിൽ പ്രധാനമായും അന്വേഷണം നടത്തിയിരുന്നത്. ഒന്ന് പെരിന്തൽമണ്ണ ഡിവൈഎസ്‌പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള കേരളാ പൊലീസും ക്രൈംബ്രാഞ്ചും അതിനു ശേഷം എൻ.ഐ.എയുമാണ് ഈ കേസ് അന്വേഷിച്ചിരുന്നത്. മോഹനചന്ദ്രൻ സാർ വളരെ ആഴത്തിൽ അന്വേഷണം നടത്തിയാണ് ഈ കേസിൽ ഒന്നുമില്ലെന്ന് കണ്ട് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെ എട്ടോളം റിപ്പോർട്ടുകൾ ഹൈക്കോടതിയിലുണ്ട്. ഈ റിപ്പോർട്ടും പെൺകുട്ടിയുടെ എല്ലാ സ്റ്റേറ്റ്‌മെന്റും ഇതിൽ ഉണ്ടായിരിക്കെയാണ് ഇന്ത്യൻ പൗരയെന്ന നിലയിൽ ആ കുട്ടിക്കു കിട്ടേണ്ട എല്ലാ നീതിയും നിഷേധിച്ചു കൊണ്ട് ഹൈക്കോടതിയിൽ നിന്ന് അങ്ങിനെയൊരു തീരുമാനമുണ്ടായത്. അതിനു ശേഷമാണ് ഈ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. ഇതിനു ശേഷം വലിയ ആഘോഷം തന്നെയായിരുന്നു. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ശേഷം അവർ കൃത്യമായ ഒരു കഥ സെറ്റ് ചെയ്തു. അവർ സെറ്റ് ചെയ്ത കഥ നമ്മളെകൊണ്ട് പറയിപ്പിക്കാനുള്ള ശ്രമമാണ് പിന്നീട് കണ്ടത്.

ക്രൈംബ്രാഞ്ചാണ് എന്നെ ഏറ്റവും കൂടുതൽ മെന്റലി ടോർച്ചർ ചെയ്തത്. അത് എത്രമാത്രമുണ്ടെന്ന് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. വീട്ടിൽ റെയ്ഡ് നടത്തിയും ഭർത്താവിനെയും മകനെയും ചോദ്യം ചെയ്യലും പതിവായിരുന്നു. അവർ ഉണ്ടാക്കിയ തിരക്കഥ ഞങ്ങളുടെ വായയിൽ നിന്ന് കേൾക്കാനുള്ള ശ്രമത്തിനായി വളരെയധികം മാനസികമായി പീഡിപ്പിച്ചു. ഓർത്തെടുക്കാൻ കഴിയാത്ത ചെറിയ കാര്യങ്ങളൊക്കെ മഹാ സംഭവമായിട്ടായിരുന്നു അവർ ചോദിച്ചിരുന്നത്. തുടക്കത്തിൽ എനിക്ക് ബാംഗ്ലൂർ പോകേണ്ട ആവശ്യമുണ്ടായിരുന്നു. അതു വരെ പല രീതിയിൽ വ്യാഖ്യാനിച്ചാണ് ചോദിച്ചതും പ്രചരിപ്പിച്ചതും.

ഞാൻ 2002 മുതൽ സാമൂഹ്യ, സ്ത്രീ ശാക്തീകരണ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആളാണ്. അതിനു ശേഷം എനിക്ക് നിരന്തര പരിപാടികളും പല സ്ഥലങ്ങളിൽ യാത്ര ചെയ്യേണ്ടിയും വരാറുണ്ട്. ഓരോ യാത്രയെ പറ്റിയും ചോദിച്ച് അത് എന്തിനായിരുന്നെന്നും കൂടെ ആരോക്കെ ഉണ്ടായിരുന്നെന്നുമൊക്കെ തിരിച്ചും മറിച്ചും ചോദിച്ചു. ഇതിന് തീവ്രവാദ സ്വഭാവമുള്ളതായി ചിത്രീകരിക്കാനും ഐ.എസിലേക്കു ബന്ധിപ്പിക്കാനുമായിരുന്നു അവർ ശ്രമിച്ചിരുന്നത്. ഇപ്പോൾ അന്വേഷിച്ച് ഒന്നും കിട്ടാത്തതിൽ ദൈവത്തിന് സ്തുതിയുണ്ട്. എന്റെ ഫോണും ഇ മെയിലും എല്ലാം അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടിയില്ല. ഒരു തുമ്പും അന്വേഷണ ഏജൻസികൾക്കു കിട്ടാത്തതുകൊണ്ടാണ് ഈ തരത്തിൽ എൻ.ഐ.എക്ക് കേസ് അവസാനിപ്പേക്കേണ്ടി വന്നത്.

? ഏതെങ്കിലും തരത്തിലുള്ള അടിച്ചേൽപ്പിക്കലുകൾ അന്വേഷണ ഉദോഗസ്ഥർ നടത്തിയിരുന്നോ

ഇന്നകാര്യം പറയണമെന്നു വാക്കുകൊണ്ടു പറയാതെ, ഈ കേസിന് ഇതേ സംഭവിക്കൂ അതിനേ സാധ്യതയുള്ളൂ എന്ന രീതിയിലാണ് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ ഉണ്ടായിരുന്നത്. ഈ രീതിയിൽ മാസങ്ങളോളം ചോദ്യം ചെയ്തതാണ്. വളരെ പെട്ടെന്ന് വിളിക്കും, പെട്ടെന്ന് വീട്ടിൽ കയറി വരും പിന്നീട് മണിക്കൂറുകളോളം ചോദ്യം ചെയ്യലാണ്. കുട്ടി സ്‌കൂൾ വിട്ടു വന്നാൽ ഭക്ഷണം കൊടുക്കാൻ പോലും പറ്റാത്ത രീതിയിൽ അവർ ഇരിക്കും. അവർക്ക് ഉദ്ദേശിച്ച സംഗതി കിട്ടണം. അത് കിട്ടുന്നത് വരെ ഒരുപാട് മാനസികമായി പീഡിപ്പിക്കും. അവസാനം ഞാൻ പറഞ്ഞു ഇതിലും കൂടുതലൊന്നും എനിക്ക് പറയാനില്ലെന്ന്. ജയിലിൽ കിടക്കാൻ തയ്യാറാണ് ഈ മെന്റൽടോർച്ചറിങ്ങ് അവസാനിപ്പിച്ചുതരണമെന്ന് അവരോടു പറഞ്ഞു.

?മകനെ ചോദ്യം ചെയ്യാൻ കൊണ്ടുപോയപ്പോഴുള്ള മാനസികാവസ്ഥ,

മകനെ ചോദ്യം ചെയ്യാൻ കൊണ്ടുപോയപ്പോഴുള്ള മാനസികാവസ്ഥ മാത്രമല്ല, ചില അന്വേഷണ ഉദ്യോഗസ്ഥർ വർഗീയമായി പോലും എന്നോട് മോശമായി സംസാരിച്ചിട്ടുണ്ട്. ഇസ്ലാമിനെ കുറിച്ച് മോശമായി ആർഎസ്എസ് ഒക്കെ സംസാരിക്കുന്നത് പോലെ എന്നോട് സംസാരിച്ചിട്ടുണ്ട്. ഇവിടത്തെ ഹിന്ദു സഹോദരന്മാരുടെ ഔദാര്യംകൊണ്ടാണ് ഇവിടത്തെ മുസ്ലിംങ്ങൾ ജീവിക്കുന്നത് ആ രീതിയിലുള്ള സംസാരങ്ങൾ പോലും ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായി. അവരുടെ പേര് പറയാൻ ഉദ്ദേശിക്കുന്നില്ല.

ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. കാര്യങ്ങൾ സത്യസന്തമായി മനസിലാക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. അങ്ങനെയുള്ള ഒരുപാട് പൊലീസുകാരുടെ അനുഭവവും എനിക്കുണ്ടായിട്ടുണ്ട്. അതുപോലെ അതിനകത്തും വർഗീയമായി ചിന്തിക്കുന്ന ഉദ്യോഗസ്ഥരുണ്ടായിട്ടുണ്ടെന്ന അനുഭവം ഉണ്ടായിരുന്നു. പിന്നെ മകനെ പൊലീസ് പിടിക്കാൻ വരുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ അറിയാലോ. അവൻ എട്ടാം ക്ലാസിൽ പഠിക്കുകയാണ് അന്ന്. എന്തോ അപരാധം ചെയതപോലെയായിരുന്നു അവനോട് പെരുമാറിയത്. പിന്നീട് അവനെ ഇരുത്തി സംസാരിച്ച് കൗൺസിലിങ് നൽകി മാനസികമായി എനിക്ക് ആത്മ വിശ്വാസം നൽകാൻ പറ്റി.

?ഏത് സാഹചര്യത്തിലായിരുന്നു താങ്കളുടെയും സംഘടനയുടെയും ഇടപെടൽ ഹാദിയാ കേസിൽ ഉണ്ടാകുന്നത്.

ആദ്യം ഫ്രണ്ടിന്റെ വീട്ടിലായിരുന്നു ഹാദിയ. പിന്നീട് എന്റെ വീട്ടിൽ സഹായം അഭ്യർത്ഥിച്ച് വരുന്നത്. ആ സമയത്ത് തന്നെ വീട്ടിലും അന്വേഷ ഉദ്യോഗസ്ഥരോടും ഹാദിയ വിവരം അറിയിച്ച ശേഷം അവളുടെ നിലപാടിൽ നിൽക്കുകയാണ് ചെയ്തിട്ടുള്ളത്. പിന്നീട് എന്നെ സമീപിച്ചപ്പോൾ ഇത് ന്യായമാണെന്ന് തോന്നി സംരക്ഷണം കൊടുത്തു. നിയമ നടപടിയൊക്കെ പിന്നീടായിരുന്നു. ഇത് വെറും വ്യക്തിപരമായ ഒരു കാര്യമായിരുന്നു. നാഷണൽ വ്യുമൺസ് ഫ്രണ്ടിന്റെ അജണ്ടയിൽ പെടാത്ത കാര്യം ആയതുകൊണ്ടു തന്നെ സംഘടന ഉപയോഗപ്പെടുത്തിയിരുന്നില്ല ഇതിൽ. വ്യക്തിപരമായ കാര്യം എന്ന രീതിയിലാണ് കണ്ടത്. അവസാനം ഇങ്ങനെയൊക്കെ ആകുമെന്നും കരുതിയിരുന്നില്ല. ഹൈക്കോടതി വിധി വന്ന ശേഷമാണ് പോപ്പുലർ ഫ്രണ്ട് പിന്തുണ കൊടുത്ത് രംഗത്തുവന്നത്.


?അഖില ഹാദിയ ആകും മുമ്പ് ആസിയ ആയതും ദമ്മാദ് സലഫികളുടെ ഇടപെടലും പിന്നീട് ഇടപെട്ട താങ്കളടക്കമുള്ളവർ പുറത്തു പറയാതിരുന്നതല്ലേ കൂടുതൽ തീവ്രവാദ ആരോപണത്തിന് ഇടയാക്കിയത്.

ഒരിക്കലുമല്ല, ജനുവരി 19നാണ് ഹൈക്കോടതി എന്നെ ലോക്കൽ ഗാർഡിയൻ എന്ന നിലയിൽ ഏൽപ്പിക്കുന്നത്. അന്ന് കേരളാ പൊലീസിന്റെ അന്വേഷണത്തിൽ തുടക്കത്തിൽ എന്നെയും ഹാദിയയെയും വിളിപ്പിച്ചപ്പോൾ ഈ കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. ഹാദിയ പോവാൻ വിചാരിച്ചതും ഷെറിൻ ഷഹാന എന്ന പെൺകുട്ടി ബന്ധപ്പെട്ടതും അടക്കം എല്ലാം ഞങ്ങൾ പറഞ്ഞിരുന്നു. ഒന്നും മറച്ചുവച്ചിട്ടില്ല. എല്ലാം ഇതിൽ സൂതാര്യമണ്.

?ആട് മെയ്‌ക്കൽ ആശയം ആദ്യം മതം മാറ്റിയ ഫസൽ മുസ്തഫയിൽ നിന്നല്ലേ ഹാദിയക്കു കിട്ടുന്നത്.

ഈ ഫസൽ മുസ്തഫയുടെ കൃത്യമായ ആശയം എന്താണെന്ന് എനിക്ക് അറിയില്ല. ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. ഇന്ത്യൻ പൗര എന്ന നിലയിൽ ഹാദിയ ഇവിടെ തന്നെയാണ് ജീവിക്കേണ്ടത്. ഈ വ്യക്തയുടെ ഇടപെടൽ ഉണ്ടായിരുന്നതായി ഹാദിയ തന്നെ പൊലീസ് സ്റ്റേറ്റ്‌മെന്റിൽ പറഞ്ഞിരുന്നു. അതിൽ ഒന്നും നമ്മൾ മറച്ചു വച്ചിട്ടില്ല. പിന്നീട് സത്യസരണിയിലും ക്ലിനിക്കിലും ഉണ്ടായിരുന്നത് പരസ്യമായിട്ടു തന്നെയായിരുന്നു. ഹാദിയ അവളുടെ അഛനുമായി സംസാരിക്കുന്ന വോയ്‌സ് റെകോർഡിങ് കേട്ടാൽ തന്നെ മനസിലാകുമല്ലോ.., ആ ഒരു ആശയം അവളുടെ കാഴ്ചപ്പാട് അല്ല. എന്റെ കാഴ്ചപ്പാട് അതല്ലയെന്ന് ആ ഫോൺ സംഭാഷണത്തിൽ ഹാദിയ തന്നെ പറയുന്നുണ്ട്.

അത് ഒരു ഫോൺ റെക്കോർഡ് മാത്രമാണ്. അതിനു മുമ്പ് സംസാരിച്ച ഒരുപാട് ഫോൺ റെക്കോർഡുകളുണ്ട് അതിലെല്ലാം പറയുന്നത് അങ്ങനെയൊരു ആശയം തനിക്കില്ലെന്നും അങ്ങനെ പോകില്ലെന്നുമാണ്. ഇതെല്ലാം കോടതിയിൽ സമർപ്പിച്ചിട്ടുള്ളതാണ്. 24 വയസുള്ള വിദ്യാ സമ്പന്നയായ പെൺകുട്ടി ഇതെന്റെ നിലപാടാണെന്ന് പറയുമ്പോൾ അംഗീകരിക്കാത്ത മറ്റൊരു നിലപാട് ഹൈക്കോടതിയിൽ നിന്ന് എങ്ങനെ ഉണ്ടായിയെന്ന് അറിയില്ല. അത് ആശങ്കയുണ്ടാക്കുന്നതാണ്. സംഭവിക്കാൻ പാടില്ലാത്തതാണ്.

? ദമ്മാജ് സലഫിസത്തോടുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്

അത് ഒരിക്കലും യോജിക്കാൻ കഴിയാത്തതാണ്. അതിനെ കുറിച്ച് പഠിക്കേണ്ട തന്നെ ആവശ്യം ഇപ്പോൾ ഇല്ല. ഇസ്ലാം ഒരു പ്രായോഗിക മതമാണ്. വളരെ ലളിതമാണ്. ആർക്കും എവിടെയും ജീവിക്കാം. അതിന് എവിടെയും പോകേണ്ട ഒരു ആവശ്യവുമില്ല. ആദിവാസിക്ക് ആദിവാസിയായി തന്നെ അവരുടെ നിലപാടനുസരിച്ച് ജീവിക്കാം. ഏത് സാഹചര്യത്തിലും ജീവിക്കാൻ പറ്റുന്ന ഒരു പ്രായോഗിക മതമാണ് ഇസ്ലാം. നമ്മുടെ ജനാധിപത്യം ഉൾകൊള്ളേണ്ടതാണ്. ബൃഹത്തായ ഭരണഘടനയുള്ള നമ്മുടെ രാജ്യത്തിൽ അഭിമാനിക്കുകയാണ് വേണ്ടത്. ഇവിടന്ന് ഒളിച്ചോടി പോകൻ വെറു വിഢിത്തമാണ്. അവനവന്റെ വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള സ്വതന്ത്ര്യം ഇവിടെതന്നെയുണ്ട്. പിന്നെ ആരെക്കെയോ തെറ്റിദ്ധരിപ്പിച്ച് എന്തെങ്കിലും പറയുന്നെങ്കിൽ അതിൽ ഇസ്ലാം അല്ല. അടിസ്ഥാനപരമായ കാര്യം ഖുർആനാണ്. അതിൽ ഒരിടത്തും എവിടെയെങ്കിലും പോകണമെന്ന് ഒന്നും പറയുന്നില്ല.

? താങ്കൾക്കെതിരെ പ്രധാനമായും ഉയർന്ന ആരോപണം നിരവധി പേരെ മതപരിവർത്തനം നടത്തിയെന്നാണല്ലോ, അതിനെകുറിച്ച്.

ഒരാളേയും മതപരിവർത്തനം നടത്താൻ പറ്റൂല. അത് അസാധ്യമാണ്. ഞാൻ പറഞ്ഞാൽ നിങ്ങളോ നിങ്ങൾ പറഞ്ഞാൽ ഞാനോ വരില്ല. അത് സ്വന്തമായെടുക്കേണ്ട തീരുമാനമാണ്. ഒരാളെ നിർബന്ധിച്ചുകൊണ്ട് ഒരാളെയും മതം മാറ്റാൻ പറ്റില്ല. അത് നടക്കാത്ത കാര്യമാണ്. പിന്നെ ആസൂത്രണ മത പരിവർത്തനം എന്ന ടേംമായിരുന്നു ആ സമയത്ത് കേൾക്കാൻ കഴിഞ്ഞത്. ഡിക്ഷണറിയിലില്ലാത്ത ഒരുപാട് പേരുകൾ എനിക്കും കിട്ടി. അതെല്ലാം കൃത്യമായ ആസൂത്രണത്തോടു കൂടിയുള്ള പേരുകളാണെന്നാണ് മനസിലാക്കുന്നത്. ഒരു സുപ്രഭാതത്തിൽ പൊട്ടിപ്പുറപ്പെട്ടതല്ലാത്തതുകൊണ്ടാണ് മീഡിയകളും അത് ആഘോഷിച്ചത്. കേസ് ഈ തലത്തിൽ കൊണ്ടുവന്നതിൽ മീഡിയകൾക്കും ഒരു പങ്കുണ്ട്. ഒരു വാർത്ത സത്യസന്ധമാണെന്ന് അന്വേഷിക്കാൻ ഞാൻ ഇവിടെതന്നെയുണ്ട്. ഇതൊന്നും അന്വേഷിക്കാതെ എന്തൊരു ആഘോഷമായിരുന്നു. ഒരു വ്യക്തിയെ എത്രമാത്രം വ്യക്തിഹത്യ നടത്താൻ പറ്റുമെന്നുള്ളതാണ് ഹാദിയാ കേസിൽ എനിക്ക് അനുഭവിക്കേണ്ടി വന്നത്. നീതിപീഠത്തിന്റെയും അള്ളാഹുവിന്റെയും ഇടപെടൽകൊണ്ടുമാത്രമാണ് ഈകേസിൽ സത്യം പുറത്തുവന്നത്. അല്ലെങ്കിൽ ഞാൻ ജീവിക്കുന്ന കാലമത്രയും ഒരു ഭീകരജീവിയായി അറിയപ്പെടുന്നുണ്ടാകും.

? 'ലൗ ജിഹാദ്' എന്ന് പറയുന്ന ഒരു സംഭവം യഥാർത്ഥത്തിൽ ഉണ്ടോ

ആ പേരിന്റെ ഉൽഭവം തന്നെ ആർ.എസ്.എസിന്റെ വെബ്‌സൈറ്റിലുണ്ടായിരുന്ന പേരാണ്. അതിൽ നിന്നാണ് ഇത് പുറത്തുവന്നത്. അല്ലാതെ അങ്ങനെ ഒരു സംഗതിയേ ഇല്ല. എന്താണ് 'ലൗ ജിഹാദ്' എന്ന് എത്ര വിശദീകരിച്ചാലും വിശദീകരണം കൊടുക്കാൻ പറ്റാത്തതാണ്. പ്രേമമെന്ന ഒരു കാര്യം സ്വതസിദ്ധമായി എല്ലാവർക്കും ഉണ്ടാകുന്ന ഒരു കാര്യമാണ്. അതിൽ ലൗവും ജിഹാദും എങ്ങനെ ഒരുമിച്ചുവെന്നത് എനിക്ക് വിശദീകരിക്കാൻ അറിയില്ല. ഇത് ഇസ്ലാമോഫോബിയ ഉണ്ടാക്കാനായി അവരുടെ അണിയറയിൽ നിന്ന് പടച്ചുവിട്ട ഒന്നാണ്. അല്ലാതെ അങ്ങനെയൊരു സംഭവമേ നടക്കാത്തതാണ്. സത്യസരണിയും ഒരു തുറന്ന പുസ്തകമാണ് ആർക്കും പോയി അന്വേഷിക്കാവുന്നതാണ്.

? ഹാദിയ-ഷഫിൻജഹാൻ തമ്മിൽ വിവാഹം നടക്കുന്നത് എങ്ങനെയായിരുന്നു, അവർ തമ്മിൽ മുമ്പ് പരിചയമുണ്ടായിരുന്നോ

അങ്ങനെയൊരു സാധ്യത പോലുമില്ല. ഷഫിൻ ജഹാന്റെ ഉമ്മയുമായി ആദ്യമായി സംസാരിച്ചതും വാട്‌സ് ആപ്പ് ചാറ്റ് നടത്തിയതിനുമെല്ലാം രേഖകളുണ്ട്. ഇതെല്ലാം സമർപ്പിച്ചതാണ്. മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ആദ്യം ഷഫിന്റെ ഉമ്മയും പിന്നീട് ഷഫിനും സംസാരിച്ചു. ഷഫിൻ നാട്ടിൽ വരുമ്പോൾ കാണാമെന്നാണ് പറഞ്ഞുവച്ചത്. ഇത് സംഘടനാപരമായ പ്രപ്പോസലല്ലായിരുന്നു. അങ്ങനെ പ്ലാൻചെയ്തുകൊണ്ടുള്ള പ്രപ്പോസൽ ആയിരുന്നില്ല. പിന്നീടാണ് ഷഫിൻ ഞങ്ങളുടെ സംഘടനാ പ്രവർത്തകനാണെന്ന് അറിയുന്നത്. എല്ലാം യാദൃശ്ചികമായിരുന്നു.

? ഈ അടുത്ത കാലത്ത് വരെ സത്യസരണിയുടെ വെബ്‌സൈറ്റിൽ ഇസ്ലാമിൽ നിന്ന് ക്രിസ്തുമതത്തിലേക്കു പോയവരെ ബ്രയിൻവാഷ് ചെയ്ത് മതം മാറ്റണമെന്ന് പറയുന്ന വാചകങ്ങൾ ഉണ്ടായിരുന്നില്ലേ

എനിക്ക് അതിനെ കുറിച്ച് അറിയില്ല. ഞാൻ കുറെകാലം അതിൽ മെമ്പറായിരുന്നു. പക്ഷെ ഇങ്ങനെയൊരു കാര്യം വെബ്‌സൈറ്റിൽ ഉണ്ടെന്ന് അറിയില്ല. ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഞാൻ കുറെകാലം അവിടെ സ്റ്റാഫായും പ്രവർത്തിച്ചിട്ടുള്ളതാണ് അങ്ങനെയൊരു അജണ്ട സത്യസരണിക്ക് ഉള്ളതായി അറിയില്ല. അങ്ങനെയൊരു അജണ്ടക്ക് സ്‌കോപ്പ് തന്നെയില്ലല്ലോ..ബ്രയിൻവാഷ് ചെയ്യുകയെന്നു പറയുന്നതൊക്കെ നടക്കാത്ത സംഗതിയാണല്ലോ. പ്രത്യയശാസ്ത്രപരമായ കാര്യങ്ങൾ ഒരാളെ അടിച്ചേൽപ്പിക്കാൻ പറ്റില്ല. ഒരാൾക്ക് ശരിയെന്നു തോന്നുന്നതിൽ അതിൽ ഉറച്ചു നിൽക്കുക, അത്രതന്നേയുള്ളൂ..

ചെർപുളശേരി ആതിരയെ മതംമാറ്റിയതുമായി ബന്ധപ്പെട്ട കേസിൽ താങ്കൾക്ക് പങ്കുണ്ടെന്നത് ശരിയായിരുന്നോ

അതിൽ ഏറ്റവും രസകരമായ സംഗതി ഹാദിയ കേസ് ചർച്ച ചെയ്യപ്പെട്ട ശേഷമാണ് ആതിര കേസിലേക്ക് എന്റെ പേര് വലിച്ചിഴക്കുന്നത്. ഹാദിയ വരുന്നതിന് ഒരു വർഷം മുമ്പാണ് ആതിരയുടെ വിഷയം. ആ സമയത്ത് കോടതിയിൽ ആർ.എസ്.എസിന്റെ വക്കീൽ വാദിച്ചതാണ് ഞാൻ ആ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന്. അപ്പോഴാണ് ഞാൻ ഞെട്ടുന്നത്. ആ കേസിനെ പറ്റി എനിക്ക് ഒന്നും അറിയില്ല. പിന്നീട് ക്രൈം ബ്രാഞ്ച് നിരന്തരമായി ഇക്കാര്യം ചോദിച്ച സമയത്താണ് ഈ കേസ് പഠിക്കാൻ തീരുമാനിച്ചത്. ഇതിൽ ഒരുപാട് വൈരുധ്യങ്ങളുണ്ടായിരുന്നു. ആതിര എന്ന കുട്ടി എനിക്കെതിരെ പരാതി കൊടുക്കുകയോ ഞാൻ സ്വാധീനിച്ച് മതം മാറ്റിയെന്നോ പറഞ്ഞിട്ടില്ല, പരാതിപ്പെട്ടിട്ടില്ല. ഇത് പൊലീസ് സ്വയം ഏറ്റെടുത്തതാണ്. പൊലീസിലെ ചില ഉദ്യോഗസ്ഥർ പ്രത്യേക താൽപര്യത്തോടെ എടുത്ത് വലിച്ചിഴച്ചതാണ്. ഞാൽ പലപ്പോഴും സത്യസരണിയിൽ പോയിരുന്നു. പക്ഷെ ആതിര സത്യസരണിയിൽ വന്നിട്ടില്ല. വന്നെങ്കിൽ കാണാൻ ചാൻസ് ഉണ്ടായിരുന്നു. പക്ഷെ വന്നിട്ടില്ല. പിന്നീട് ഹാദിയ വീട്ടു തടങ്കലിൽ കിടന്ന സമയത്ത് ഒരുപാട് പേർ ഹിന്ദുമതത്തിലേക്ക് കൊണ്ടുപോകാനായി വന്ന കൂട്ടത്തിൽ ആതിരയും ഉണ്ടായിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നും ഹാദിയ എന്നോട് പറഞ്ഞിരിന്നു.

? അന്വേഷണം അവസാനിപ്പിച്ചു, തുടർന്നുള്ള പദ്ധതികൾ എന്തൊക്കെയാണ്.

12 വർഷമായി സാമൂഹ്യ സേവന മേഖലയിൽ പ്രവർത്തിക്കുന്നതാണ് ഞാൻ. ഈ ഒരു വിഷയം കൊണ്ട് പിന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നില്ല. വീണ്ടും എത്ര റിസ്‌കുള്ള കാര്യങ്ങളാണെങ്കിലും സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയും ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന നീതി നിലനിൽക്കുന്നതിനു വേണ്ടിയും ഏത് ത്യാഗം സഹിക്കാനും തയ്യാറാണ്. എന്നേകൊണ്ടു ചെയ്യാൻ പറ്റുന്നതെല്ലാം ഞാൻ ചെയ്യും. സാമ്പത്തികമായും വിദ്യാഭ്യാസപരമായും സ്ത്രീകളെ എല്ലാ നിലയിലും ശാക്തീകരിക്കുകയെന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. ആ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും. സത്യം മനസിലാക്കാനുള്ള എല്ലാ സംവിധാനവും ഇന്നുണ്ട്. സത്യം മനസിലാക്കാതെ പീഡിപ്പിക്കരുതെന്നാണ് എല്ലാവരോടും പറയാനുള്ളത്. മീഡിയകളും സത്യം പറയാൻ ബാധ്യതയുണ്ട്. ഇന്ത്യൻ പൗരയെന്ന നിലയിൽ കിട്ടേണ്ട അവകാശം മാത്രമാണ് ചോദിച്ചത്. അത് പറയാനുള്ള അവസരം മീഡിയകൾ തന്നില്ല. പകരം തെറ്റായ വാർത്തകൾക്കു പിന്നിൽ പോയത് ഒരുക്രൂരതയായിപ്പോയി. ഞാൻ ഒരു വ്യക്തിയല്ല, ഇനി എന്നെപോലെ ആർക്കും ഇത്തരമൊരു അവസ്ഥ വരരുത്.