ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ഭദ്രാസന ദേവാലയമായ ബെൽവുഡ് മാർത്തോമാ ശ്ശീഹാ കത്തീഡ്രലിൽ ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യാ പുണ്യവതിയുടെ തിരുനാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി. കത്തീഡ്രൽ ദേവാലയത്തിൽ നടത്തപ്പെട്ട ആഘോഷമായ ദിവ്യബലിയിൽ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കുകയും തിരുനാൾ സന്ദേശം നൽകുകയും ചെയ്തു.

വിശുദ്ധ കൊച്ചുത്രേസ്യയുടെ ഹ്രസ്വ ജീവചരിത്രവും, ഒക്‌ടോബർമാസം കത്തോലിക്കാ സഭയിൽ ആദരിക്കപ്പെടുന്ന മറ്റ് വിശുദ്ധരേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അഭിവന്ദ്യ പിതാവ് തന്റെ തിരുനാൾ സന്ദേശത്തിൽ വിവരിച്ചത് വിശ്വാസികൾക്ക് കൂടുതൽ വിജ്ഞാനം പകരുന്ന ഒന്നായിരുന്നു. കത്തീഡ്രൽ ഗായകസംഘം ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങൾ തിരുനാൾ കർമ്മങ്ങൾ ഭക്തിസാന്ദ്രമാക്കി. ലദീഞ്ഞിനും തുടർന്ന് നടന്ന ഭക്തിനിർഭരമായ പ്രദക്ഷിണത്തിനും ശേഷം നടന്ന നേർച്ചകാഴ്ച സമർപ്പണത്തോടെ തിരുനാൾ സമാപിച്ചു.

ജോസഫ് തോട്ടുകണ്ടം, പാപ്പച്ചൻ മൂലയിൽ എന്നിവരും കുടുംബാംഗങ്ങളും ചേർന്നാണ് തിരുനാൾ ഏറ്റെടുത്ത് നടത്തിയത്.  വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അഭിവന്ദ്യ ജോയി ആലപ്പാട്ട് പിതാവിനെ സ്വാഗതം ചെയ്തുകൊണ്ട് ആമുഖ പ്രസംഗം നടത്തുകയും, തിരുനാൾ ഏറ്റെടുത്ത് നടത്തിയവർക്കും, തിരുനാൾ മോടിയാക്കുവാൻ സഹകരിച്ച എല്ലാവർക്കും നന്ദിരേഖപ്പെടുത്തുകയും ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലിൽ,  കൈക്കാരന്മാരായ മനീഷ് ജോസഫ്, ഇമ്മാനുവേൽ കുര്യൻ, സിറിയക് തട്ടാരേട്ട്, ജോൺ കൂള, ലിറ്റർജി കോർഡിനേറ്റേഴ്‌സായ ജോസ് കടവിൽ, ജോൺവർഗീസ് തയ്യിൽപീഡിക, ചെറിയാൻ കിഴക്കേഭാഗം, ലാലിച്ചൻ ആലുംപറമ്പിൽ എന്നിവരും തിരുനാലിന് നേതൃത്വം നൽകി.