- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊള്ളലാഭം പ്രതീക്ഷിച്ചു, പകരം കിട്ടിയത് കോടികളുടെ ബാധ്യത; മലബാറിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശം പകർന്ന് നാഗ്ജി പുനർജനിച്ചപ്പോൾ കിട്ടിയത് താളപ്പിഴകളുടെ പാഠങ്ങൾ; ആവേശം വന്നതും ചോർന്നതും റൊണാൾഡീഞ്ഞ്യോ വഴി
കോഴിക്കോട്: നെഹ്‌റു കപ്പ്, ഫെഡറേഷൻ കപ്പ്, നാഗ്ജി ട്രോഫി, സിസേഴ്‌സ് കപ്പ്, ഒ എൻ ജി സി, തുടങ്ങി എമ്പാടും ഫുട്ബോൾ ടൂർണ്ണമെന്റുകൾക്കു വേദിയാകുകയും ഗ്യാലറികളിൽ നിന്ന് ഗ്യാലറികളിലേക്ക് ആരവം നിറയ്ക്കുകകയും ചെയ്ത കോഴിക്കോട്ടുകാർക്ക് ഒരു ടൂർണ്ണമെന്റ് എങ്ങനെ നടത്തണമെന്നും എങ്ങനെ നടത്തരുതെന്നുമുള്ള ഒരുപാട് പാഠങ്ങൾ, അതിലേറെ ബാധ്യകൾ, അതിന
കോഴിക്കോട്: നെഹ്‌റു കപ്പ്, ഫെഡറേഷൻ കപ്പ്, നാഗ്ജി ട്രോഫി, സിസേഴ്‌സ് കപ്പ്, ഒ എൻ ജി സി, തുടങ്ങി എമ്പാടും ഫുട്ബോൾ ടൂർണ്ണമെന്റുകൾക്കു വേദിയാകുകയും ഗ്യാലറികളിൽ നിന്ന് ഗ്യാലറികളിലേക്ക് ആരവം നിറയ്ക്കുകകയും ചെയ്ത കോഴിക്കോട്ടുകാർക്ക് ഒരു ടൂർണ്ണമെന്റ് എങ്ങനെ നടത്തണമെന്നും എങ്ങനെ നടത്തരുതെന്നുമുള്ള ഒരുപാട് പാഠങ്ങൾ, അതിലേറെ ബാധ്യകൾ, അതിനെക്കാൾ പതിന്മടങ്ങ് ആവേശവും പകർന്നാണ് നിറഞ്ഞുകവിഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കി നാഗ്ജി ഇന്റർനാഷണൽ ക്ലബ്ബ് ഫുട്ബാളിന് തിരശ്ശീല വീണത്.
ഫുട്ബാളിന്റെ ഹൃദയഭൂമിയായ ബ്രസീലിൽ നിന്നും അർജന്റീനയിൽ നിന്നുമുള്ള ടീമുകൾ, ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ചുറുചുറുക്കുമായി വാട്ട്‌ഫോർഡ് എഫ് സി, യൂറോപ്യൻ ഫുട്ബാളിന്റെ ശക്തിസ്രോതസ്സുമായി ജർമ്മനിയുടെ ടി വി എസ് മ്യൂണിക്ക് അടക്കമുള്ള എട്ടു വിദേശ ടീമുകളെ പങ്കെടുപ്പിക്കാൻ സാധിച്ചതും നീണ്ട 21 വർഷങ്ങൾക്കു ശേഷം നാഗ്ജിയിലൂടെ മറ്റൊരു ഫുട്ബോൾ വസന്തത്തിന് വിത്തുപാകാനുമായത് എന്തുകൊണ്ടും അഭിനന്ദനമർഹിക്കുന്നു. ഗുജറാത്തിൽ നിന്നും കച്ചവടത്തിനായി കോഴിക്കോട്ടെത്തിയ സേട്ട് നാഗ്ജി കുടുംബത്തിന്റെ അത്യുത്സാഹത്തിൽ തുടക്കമിട്ട നാഗ്ജി ഫുട്ബോൾ ടൂർണ്ണമെന്റ് ലാഭങ്ങളുടെ കണക്കെടുപ്പ് തുടങ്ങിയതോടെയാണ് നാഗ്ജി കുടുംബം സ്വമേധയാ പ്രസ്തുത ലാഭം കോഴിക്കോട് കോർപ്പറേഷനെയും കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷനെയും ഏൽപ്പിച്ച് ടൂർണ്ണമെന്റ് കൂടുതൽ ജനകീയമാക്കിയത്. എന്നാൽ ഇത്തവണ കോടികളുടെ ബാധ്യതകൾ വരുത്തിയാണ് നാഗ്ജി കോഴിക്കോടിന്റെ മനസ്സിൽ ചെറിയൊരു നോവ് പകർന്നത്.
ചാമ്പ്യൻഷിപ്പിലൂടെ ലക്ഷങ്ങൾ വാരിക്കൂട്ടാമെന്നു ധരിച്ച ഇവന്റ് മാനേജ്‌മെന്റ് കളിപ്പാവകൾ മത്സരം തുടങ്ങേണ്ട അവസാന മണിക്കൂറുകളിൽ രംഗത്തുനിന്ന് പിന്മാറിയ പശ്ചാത്തലത്തിലാണ് കോഴിക്കോടിന്റെ എന്നല്ല, ലോക കായിക ഭൂപ്പടത്തിൽ ഇന്ത്യക്കു തന്നെയും നാണക്കേടാവാതിരിക്കാൻ ടൂർണ്ണമെന്റ് എന്തുവില കൊടുത്തും നടത്തണമെന്ന് കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ദൃഢപ്രതിജ്ഞയെടുത്തത്. സംഘാടകരുടെ ചില ധാരണപ്പിശകുകളും ഇന്റർനാഷണൽ ക്ലബ്ബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടത്തിയുള്ള പരിചയക്കുറവുമെല്ലാം ഈ ബാധ്യതകൾ വർധിപ്പിച്ചു എന്നതും വസ്തുതയാണ്.
നാഗ്ജി ചരിത്രത്തിലേക്കു കയറുന്നത് ഇങ്ങനെ
ഒരുപക്ഷേ, ഇന്ത്യയിൽ തന്നെ ഇതാദ്യമാണ് വിദേശ ക്ലബ്ബുകളെ മാത്രം പങ്കെടുപ്പിച്ചുള്ള ഒരു രാജ്യാന്തര ക്ലബ്ബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ്. നെഹ്‌റു കപ്പിലും നായനാർ കപ്പിലുമെല്ലാം വിദേശ ടീമുകൾ കോഴിക്കോട്ട് വന്ന് പന്തു തട്ടി ട്രോഫിയുമായി പോയെങ്കിലും ഒരു ഹോം ടീം പങ്കെടുക്കാത്ത ആദ്യ ചാമ്പ്യൻഷിപ്പും ഇതാവും. ഒരു രാജ്യാന്തര ഫുട്ബോൾ മേളയിൽ ഒരു ഗോൾ പോലും വഴങ്ങാതെ കിരീടം ചൂടാൻ ഭാഗ്യമുണ്ടായ ഉക്രൈന്റെ എഫ് സി ഡിനിപ്രോയും ചരിത്ര താളുകളിൽ ഇടംപിടിച്ചതിനും നാഗ്ജി സാക്ഷി.
വിദേശ ടീമുകൾ ഒരുവിധം മികച്ച കളി പുറത്തെടുത്തെങ്കിലും പേരിനെങ്കിലും ഒരു ഇന്ത്യൻ-കേരള ടീമുകൾ ഇല്ലാതെ പോയതും ഗ്യാലറികളെ നിരാശരാക്കി. ഏറ്റവും ചുരുങ്ങിയത് ഏഷ്യൻ രാജ്യങ്ങളിൽ നിന്നെങ്കിലും ഒന്നോ രണ്ടോ ടീമുണ്ടായിരുന്നാലും പിടിച്ചുനിൽക്കാമായിരുന്നു. ഒപ്പം ടിക്കറ്റ് നിരക്കിനനുസരിച്ചുള്ള കളി ചില ദിവസങ്ങളിലെങ്കിലും അകന്നുനിന്നതും പരീക്ഷാ സീസണും പരിസര ജില്ലകളിലെ ജനകീയ സെവൻസ് മേളകളുമെല്ലാം ഗ്യാലറികളെ ബാധിച്ചു.
ആവേശം വന്നതും ചോർന്നതും റൊണാൾഡീഞ്ഞ്യോ വഴി
സത്യത്തിൽ രണ്ടു പതിറ്റാണ്ട് മുമ്പ് നിലച്ചുപോയ നാഗ്ജിയുടെ പുനർജനയിലേക്ക് ആവേശത്തിന്റെ വിത്തു പാകാനാണ് ബ്രസീലിയൻ ഇതിഹാസ താരം റൊണാൾഡീഞ്ഞ്യോയെ കൊണ്ടുവന്നതെങ്കിലും അദ്ദേഹത്തിന്റെ വരവോടെ സംഘാടനം ആകപ്പാടെ അലങ്കോലമാവുകയായിരുന്നു. ലോക ഫുട്ബാളിലെ ഒരു മികച്ച താരത്തെ കെട്ടിയിറക്കിയെങ്കിലും അത് ഏതുവിധം ഉപയോഗപ്പെടുത്തണമെന്ന ഗൃഹപാഠം സംഘാടകർക്കുണ്ടായില്ല. ഏറ്റവും ചുരുങ്ങിയത് കുറച്ച് ടിക്കറ്റുകൾ വിൽക്കാനോ അതല്ലെങ്കിൽ താരസാന്നിധ്യം ഉദ്ഘാടന ദിവസത്തിലെങ്കിലും ഷെഡ്യൂൾ ചെയ്യാനോ സാധിച്ചിരുന്നെങ്കിൽ അത്രയെങ്കിലും ആശ്വാസമാകുമായിരുന്നു. അതുണ്ടായില്ല. ആവേശം വിതയ്ക്കാൻ റൊണാൾഡീഞ്ഞ്യോയെ കൊണ്ടുവന്ന സമയം മുതൽ അതിന്റെ ഒടുക്കം വരെയും താളപ്പിഴകളായിരുന്നുവെന്നതും മറ്റൊരു സത്യം. റൊണാൾഡീഞ്ഞ്യോയല്ല, അദ്ദേഹത്തിന്റെ കൂടെയുള്ളവരായിരുന്നു പ്രശ്‌നക്കാരെന്നു പറയുമ്പോഴും അത് തിരിച്ചറിയാനും ഏറെ വൈകി. താരത്തെ മുന്നിൽ നിർത്തി കോടികൾ വരുമാനം ഉണ്ടാക്കുന്നതിനു പകരം കോടികളുടെ ബാധ്യതകളാണ് അതുവഴി ക്ഷണിച്ചുവരുത്തിയത്.
കോഴിക്കോട്ടെ ഹോട്ടലുകൾ പിഴിച്ചിൽ കേന്ദ്രങ്ങളോ?
അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ് നടത്തിപ്പിലെ പരിചയക്കുറവിനാലും മറ്റും പ്രതീക്ഷിച്ചതിലും ഇരട്ടിതുകയാണ് ചെലവായത്. 10-15 കോടിയോളം ചെലവായ ടൂർണമെന്റിൽ ഏഴര കോടി രൂപയെങ്കിലും ടിക്കറ്റ് വില്പനയിനയിലൂടെ ലഭിക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിച്ചത്. പക്ഷേ, അത് 75 ലക്ഷം പോലും എത്തിയില്ല. സ്‌പോൺസർമാർ പിൻവാങ്ങിയതോടെ ആ തുക കൂടി കാണികളിൽ നിന്ന് ടിക്കറ്റ് ഇനത്തിൽ ഈടാക്കി ബാധ്യതകൾ കുറക്കാമെന്നായി അടുത്ത ഗവേഷണം. അതിനായി ഇത്തവണ സൗജന്യ ടീക്കറ്റ് ഇല്ലെന്നു വരെ പ്രചാരണം നടത്തി. പക്ഷേ, അതൊന്നും ക്ലച്ച് പിടിച്ചില്ല.
ഇന്ത്യയിൽ നിന്നുള്ള ടീമിന്റെ അഭാവം, താരതമ്യേന ഉയർന്ന ടിക്കറ്റ് നിരക്ക്, റൊണാൾഡീഞ്ഞ്യോയെ അസമയത്തുകൊണ്ടുവന്നത് വഴി സംഭവിച്ച സാമ്പത്തിക ബാധ്യത, സ്‌പോൺസർമാരുടെ പിന്മാറ്റം എന്നിവയും, ആഭ്യന്തര സെവൻസ് ടൂർണമെന്റുകളുടെ സീസണും, പരീക്ഷാ കാലത്തോടനുബന്ധിച്ച് ടൂർണമെന്റ് സംഘടിപ്പിച്ചതും സാമ്പത്തിക ബാധ്യത വർധിപ്പിച്ചു. 1,20000 ഡോളർ വരെ മുടക്കിയാണ് അർജന്റീനയുടെ അണ്ടർ 23 ടീമുൾപ്പെടെയുള്ളവരെ കോഴിക്കോട്ടെത്തിച്ചത്. അപ്പോഴും ഇന്ത്യയിൽ നിന്ന് ഒരു ടീമിനെ പോലും പങ്കെടുപ്പിക്കാൻ ചില ഫുട്ബോൾ ഏമാന്മാർ കനിഞ്ഞില്ല. അതിനിടെ ലോകത്ത് ഒരിടത്തും ഈടാക്കാത്ത ചാർജ്ജാണ് കോഴിക്കോട്ടെ ചില ഫൈവ് സ്റ്റാർ ഹോട്ടലുകൾ വിദേശ ടീമുകളെ താമസിപ്പിച്ചവരിൽ നിന്നും ഈടാക്കിയത്. ഇക്കാര്യത്തിലും സംഘാടകപ്പിശകുകൾ തന്നെ ഒന്നാം പ്രതി.
വാണിജ്യവത്കരണത്തിലും തളരാതെ സംഘാടകർ
കിക്കോഫിന് മണിക്കൂറുകൾ മാത്രം ബാക്കി. വിദേശ ടീമുകളെല്ലാം ഒന്നൊന്നായി എത്തുമ്പോഴും ഒരു ഭാഗത്ത് സ്‌പോൺസർമാർ പിൻവാങ്ങുന്നു. നേരത്തെ വാക്കു നൽകിയവരും സംഘാടക പ്രമുഖരുമെല്ലാം ഫോൺ പോലും എടുക്കാതെ നിസ്സഹായരാകുന്നു. എന്തിനേറെ വിദേശത്തു നിന്നെത്തിയ ടീമിന് ഭക്ഷണം നൽകാൻ പോലും തയ്യാറാകാത്തവിധം ഹോട്ടൽ മാനേജുമെന്റ് ഇടപെടലുണ്ടാകുന്നു. കളിക്കമ്പക്കാരുടെ സമ്മർദ്ദത്താൽ അവസാനനിമിഷം തട്ടിപ്പടച്ച കേരള ടീമിനെ ഗ്രൗണ്ടിലിറക്കണോ അതോ വിദേശത്തു നിന്നെത്തിയ എട്ടു ടീമുകളിൽ ഒന്നിനെ മടക്കണോ...
സംഘാടകർക്കു മുമ്പിൽ ഒരായിരം പ്രതിസന്ധികൾ കൂനിന്മേൽ കുരുപോലെ നിൽക്കുമ്പോഴാണ് എന്തു പ്രതിസന്ധിയുണ്ടായാലും വേണ്ടിയില്ല, തീരുമാനത്തിൽ നിന്നും പിറകോട്ടില്ലെന്ന ഉറച്ച തീരുമാനവവുമായി ഡോ. സിദ്ദീഖ് അഹമ്മദിന്റെയും പി ഹരിദാസിന്റെയും എ പ്രദീപ്കുമാർ എം എൽ എയുടെയും നേതൃത്വത്തിലുള്ള സംഘാടകസമിതി പരസ്പരം പഴി പറഞ്ഞ് മണപ്പിക്കാതെ അതിഗംഭീരമായി നാഗ്ജിയെ വിജയിപ്പിച്ചെടുത്തത്. എമ്പാടും പോരായ്മകൾക്കിടയിലും അതെല്ലാം മറന്ന് കോഴിക്കോട്ടെ മാദ്ധ്യമങ്ങളും കളിക്കമ്പക്കാരും കൈമെയ് മറന്നു കൂടെ നിന്നു. അപ്പോഴും ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷനും കേരള ഫുട്ബോൾ അസോസിയേഷനുമൊക്കെ നാഗ്ജി നടക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നാണ് വിവരം.
ഐ ലീഗിലെ മത്സരങ്ങൾ പുനക്രമീകരിച്ചിരുന്നെങ്കിൽ ഏതാനും ഇന്ത്യൻ ക്ലബ്ബുകൾക്കു നാഗ്ജിയിൽ പങ്കെടുക്കാൻ സാധിക്കുമായിരുന്നു. ഒരു വർഷം മുഴുവൻ ഐ ലീഗ് മത്സരങ്ങൾ നടത്തി രാജ്യത്തെ അഭ്യന്തര-രാജ്യാന്തര ഫുട്ബാളിനെ നശിപ്പിക്കുന്ന ഐ ലീഗ് സംവിധാനം ഇനിയെങ്കിലും പരിഷ്‌കരിച്ച് കുറ്റമറ്റതാക്കേണ്ടതുണ്ട്. ഐ ലീഗിലോ രണ്ടാം ഡിവിഷൻ ലീഗിലോ കേരളത്തിന്റെ ഒരു സാന്നിധ്യം പോലുമില്ലാത്ത സാഹചര്യത്തിൽ കേരള ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യത്തിൽ കൂടുതൽ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. എങ്കിലെ ദേശീയ നിലവാരത്തിലേക്ക് കേരള ക്ലബ്ബുകൾക്ക് ഉയർന്നുവരാനാകൂ.
അന്താരാഷ്ട്രമത്സരം ഏറ്റെടുത്ത് നടത്തുന്നതിലെ പരിചയക്കുറവും, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ പോരായ്മയും കൊണ്ട് സംഭവിച്ച പാകപ്പിഴകൾ ടൂർണമെന്റിന്റെ സ്‌പോൺസർഷിപ്പിനും അതുവഴി കോടികളുടെ സാമ്പത്തിക ബാധ്യതയ്ക്കും വഴിയൊരുക്കിയെങ്കിലും മേള വൻ വിജയമാണെന്നതിൽ സംശയമില്ല. ബ്രസീലിയൻ ടീമായ അത്‌ലറ്റിക്കോ പരാനെയ്ൻസും ഉക്രൈനിന്റെ എഫ് സി ഡിനിപ്രോയും തമ്മിലുള്ള കലാശപ്പോരാട്ടത്തിന് സാക്ഷിയാകാൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിയ അരലക്ഷത്തോളം കാണികൾ തന്നെയാണ് അതിനേറ്റവും വലിയ തെളിവ്. കോഴിക്കോടിന്റെ കളിപ്പെരുമയെയും ആതിഥ്യമര്യാദയെയും വാനോളം വാഴ്‌ത്തിയ വിദേശ താരങ്ങളും അവരുടെ കോച്ചുമാരുമെല്ലാം സംഘാടനത്തിന് നൂറിൽ നൂറു മാർക്കു നൽകിയാണ് കോഴിക്കോട് വിട്ടത്.
സാമ്പത്തിക പരാധീനതകളുണ്ടെങ്കിലും നാഗ്ജി ഫുട്ബോൾ അടുത്ത വർഷവും വർധിത വീര്യത്തോടെ പോരായ്മകളെല്ലാം പരിഹരിച്ച് കൂടുതൽ ആവേശപൂർവ്വം സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് സംഘാടകർ. കാൽപ്പന്തു കളിയെ ഹൃദയതാളമാക്കിയ മലബാറിലേക്കു മെസ്സിയെ കൊണ്ടുവരാൻ പോലും ഇവർ ആലോചിച്ചു തുടങ്ങി.