റിയോ ഡി ജനീറോ: ഒളിംപിക് വില്ലേജിലെ കാഴ്ചകളുടെ രാവെളിച്ചത്തിൽ അമ്പരന്നുനിൽക്കുകയാണ് നീന്തൽതാരങ്ങളായ സജൻ പ്രകാശും ശിവാനി കട്ടാരിയയും. റിയോയിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ കൊയ്യാൻ ഇരുവരും നീന്തൽ കുളത്തിലിറങ്ങും. എട്ടിന് മൽസരിക്കാനിറങ്ങുന്ന ഇരുവരും ഒളിംപിക്‌സ് വേദിയിൽ എത്തിയതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോഴും. ബാഹയിലെ അക്വാറ്റിക് സെന്ററിൽ കണ്ടുമുട്ടിയപ്പോൾ ഇരുവരും പങ്കുവച്ചത് മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷ.

റിയോയിലെത്തിയ സജനും ശിവാനിയും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടെന്ന് പരിശീലകൻ പ്രദീപ് കുമാറും പറയുന്നു. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സജൻ. ശിവാനിയും വലിയ പ്രതീക്ഷകളിൽത്തന്നെ. തങ്ങളുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ നടത്തിയാലേ സെമിയിലെങ്കിലും എത്താനാകൂ എന്ന് ഇരുവർക്കും കൃത്യമായ ധാരണയുണ്ട്. അതുകൊണ്ടുതന്നെ സെമിഫൈനലാണ് ലക്ഷ്യമെന്ന് ഇവർ പറയുന്നു.