തിരുവനന്തപുരം: 'എന്റെ മകൾക്കും കിട്ടി ഒരു വലിയ സമ്മാനം. അവളുടെ സ്‌കൂളിൽനിന്ന്. ഉറക്കെ പറയാൻ കഴിഞ്ഞില്ലെങ്കിലും അപ്പ എന്ന് വിളിച്ച് അവൾ അതിൽ ഉമ്മ വച്ചു. സ്‌കൂളിൽ അവളെ പഠിപ്പിക്കുന്ന എല്ലാ ടീച്ചേഴ്‌സിനും ഒരായിരം നന്ദി. 'എറണാകുളം സ്വദേശി സജൻകുമാറിന്റെ ഈ പോസ്റ്റും അതോടൊപ്പമുള്ള ഫോട്ടോകളും ഫേസ്‌ബുക്കിൽ പറന്നിറങ്ങിയത് ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്കാണ്. പ്രത്യേകതരം രോഗം ബാധിച്ച 10 വയസ്സുകാരി മകൾ വീണ സ്‌കൂളിൽ കിട്ടിയ സമ്മാനത്തിൽ മുത്തം വെയ്ക്കുന്ന ഫോട്ടോ ആണ് സജൻ പോസ്റ്റ് ചെയ്തത്. വലിയ പ്രതികരണമാണ് പോസ്റ്റിനു ഫേസ്‌ബുക്കിൽ ലഭിച്ചത്. 45000 ലൈക് . 5700 ഷെയറുകൾ.

മംഗോളിസം എന്ന അപൂർവ രോഗമാണ് വീണയ്ക്ക്. ഈ 10 വയസ്സിനിടെ ഒരുപാട് പ്രതിസന്ധികൾ നേരിട്ടു. ജനിച്ചപ്പോൾ തന്നെ ഹൃദയത്തിനു 2 ദ്വാരമുണ്ടായിരുന്നു. ഭാഗ്യവശാൽ കാലക്രമേണ ദ്വാരങ്ങൾ സ്വാഭാവികമായി അടഞ്ഞു. ജനിച്ചപ്പോൾ ആറ് മാസം വരെ കുട്ടി കണ്ണ് ചിമ്മാറില്ലായിരുന്നു. 5 സർജറികളാണ് ഇക്കാലയളവിൽ കണ്ണിനു നടത്തിയത്. കണ്ണ് തുറന്നുപിടിച്ചാണ് കുട്ടി ഉറങ്ങാറ്. കൃഷ്ണമണിയുടെ ചലനം നോക്കി വേണം ഉറങ്ങിയോ എന്നറിയാൻ.

രോഗം തിരിച്ചറിഞ്ഞപ്പോൾ തന്നെ ചികിത്സയും തുടങ്ങിയിരുന്നു. ആദ്യം ചൈനീസ് ചികിത്സയായിരുന്നു. പിന്നെ ആയുർവേദം. ആയുർവേദ ചികിത്സയിൽ കാര്യമായ മാറ്റങ്ങളുണ്ടായതായി സജൻകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. പത്തതാം വയസ്സിൽ കുട്ടി നടന്നുതുടങ്ങി. എറണാകുളം തൃപ്പൂണിത്തുറയിലാണ് സജൻ കുമാർ ഇപ്പോൾ കുടുംബസമേതം താമസിക്കുന്നത്. ഇവിടെ അടുത്ത് സ്‌നേഹനിലയം എന്ന സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിയാണ് വീണ ഇപ്പോൾ.

സജൻകുമാർ നേവൽ ബേസിലും ഭാര്യ ലതിക എറണാകുളത്തെ സ്വകാര്യആശുപത്രിയിലും ജോലി ചെയ്യുന്നു. കഴിഞ്ഞ ദിവസം ഇരുവരും ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്‌ച്ചയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ് ആയത്. സ്‌കൂളിൽ നിന്ന് കിട്ടിയ സമ്മാനവും കെട്ടിപ്പിടിച്ച് ഇരിക്കുകയായിരുന്നു കൊച്ചുവീണ. സ്‌കൂളിൽ അന്ന് സ്പോർട്സ് മീറ്റ് ആയിരുന്നു. ഒരു ചെറിയ മത്സരത്തിൽ വീണയ്ക്ക് സമ്മാനമായി ഒരു ട്രോഫി കിട്ടി. അത് തനിക്ക് കിട്ടിയതാണെന്ന തിരിച്ചറിവിൽ ട്രോഫിയിൽ ഉമ്മ കൊടുത്ത് ഇരിക്കുകയായിരുന്നു കൊച്ചുകുട്ടി.

സജൻകുമാറും ഭാര്യ ലതികയും ഈ ചിത്രം പകർത്തി ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തു. പോസ്റ്റ് വൈറലായി. 250 ഇൽ താഴെ സുഹൃത്തുക്കൾ മാത്രമാണ് ഫേസ്‌ബുക്കിൽ സജൻ കുമാറിനുള്ളത്. എന്നാൽ ചിത്രം കണ്ട ഫേസ്‌ബുക്ക് ഉപയോക്താക്കൾ ഇത് ഹൃദയത്തിൽ ഏറ്റെടുക്കുകയായിരുന്നു. അത്രയ്ക്ക് ഹൃദയത്തിൽ തൊടുന്ന വാക്കുകളാണ് ആ പിതാവിന്റെയും.