തിരുവനന്തപുരം: ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടിയ ഇന്ത്യൻ കായികതാരങ്ങളോട് വീഡിയോ കോൺഫറൻസിൽ സംവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളി നീന്തൽ താരം സജൻ പ്രകാശിനോട് ചോദിച്ചത് മുൻ ദേശീയ അത്‌ലറ്റ് ആയിരുന്ന അമ്മയിൽ നിന്നും എങ്ങനെ പ്രചോദനം ഉൾക്കൊണ്ടു എന്ന്. കൂടാതെ പരിശീലന കാലയളവിൽ പരിക്കിൽ നിന്ന് കരകയറിയതെങ്ങനെയെന്നും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.

തന്റെ അമ്മയാണ് എല്ലാത്തിനും പ്രചോദനമെന്നും പരിശീലകന്റെയും സപ്പോർട്ടിങ് സ്റ്റാഫിന്റെയും സഹായത്തോടെ പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാൻ സാധിച്ചത് എന്നും മറുപടി നൽകി. തനിക്ക് പൂർണ പിന്തുണ നൽകിയ കേരള സർക്കാരിനോടും കേരള പൊലീസ് സ്വിമ്മിങ് ഫെഡറേഷൻ എന്നിവയോടും സജൻ പ്രകാശ് നന്ദി അറിയിച്ചു. ദുബായിലെ കോച്ചിങ് ക്യാമ്പിന്റെ വേദിയിൽ നിന്നുമാണ് സജൻ പ്രകാശ് സംവദിച്ചത്.



പ്രധാനമന്ത്രിയുമായി സജൻ പ്രകാശ് സംവദിക്കുന്നതിന് അദ്ദേഹത്തിന്റെ അമ്മയും ദേശീയ അത്‌ലറ്റുമായിരുന്ന വി ജെ ഷാന്റിമോൾ സാക്ഷിയായി. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ പ്രത്യേക വേദിയിൽ ഇരുന്നാണ് ചടങ്ങ് വിക്ഷിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് തിരുവനന്തപുരത്ത് പരിപാടി സംഘടിപ്പിച്ചത്.



സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, എഡിജിപി മനോജ് എബ്രഹാം, കേരള ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽ കുമാർ, സെക്രട്ടറി ജനറൽ എസ് രാജീവ്, സ്പോർട്സ് ഡയറക്ടർ ജെറോമിക് ജോർജ്, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സി കുട്ടൻ, അർജ്ജുന അവാർഡ് ജേതാവ് പത്മിനി തോമസ്, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ബാൽറാം കുമാർ ഉപാധ്യായ, സായി എൽഎൻസിപിഇ പ്രിൻസിപ്പലും ഡയറക്ടറുമായ ഡോ. ജി കിഷോർ എന്നിവർ ചടങ്ങിന് സാക്ഷിയാകാൻ എത്തിയിരുന്നു.

ടോക്കിയോ ഒളിമ്പിക്‌സിന്റെ ഭാഗമായി കേരള സർക്കാരിന്റെ സഹകരണത്തോടെ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ, കേരള ഒളിമ്പിക് അസോസിയേഷൻ, കേരള സ്‌റ്റേറ്റ് സ്പോർട്സ് കൗൺസിൽ എന്നിവയുമായി സഹകരിച്ച ചിയർ4ഇന്ത്യ പ്രചാരണത്തിൽ വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഒളിമ്പിക്‌സിന്റെ ആവേശം ജനകീയമാക്കുന്നതിനാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

ടോക്കിയോ ഒളിമ്പിക്‌സിൽ 200 മീറ്റർ ബട്ടർഫ്‌ളൈ വിഭാഗത്തിലാണ് സജൻ യോഗ്യത നേടിയിരിക്കുന്നത് ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് 27കാരനായ സജൻ പ്രകാശ്.

റോമിൽ നടന്ന മീറ്റിൽ സ്വർണം നേടിയാണ് സജൻ ഒളിമ്പിക്‌സ് യോഗ്യത നേടിയത്. റോമിൽ നടന്ന യോഗ്യതാ ചാമ്പ്യൻഷിപ്പിൽ ഒന്നാമതായാണ് സജൻ ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്നവരുടെ എ വിഭാഗത്തിലെത്തിയത്.

1:56.48 സെക്കന്റായിരുന്നു ഒളിമ്പിക്സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാൻ വേണ്ടിയിരുന്നത്. 1:56:38 സെക്കന്റിലാണ് സജൻ ഒന്നാമതായി ഫിനിഷ് ചെയ്ത് യോഗ്യത ഉറപ്പിച്ചത്.

2016ലെ റിയോ ഒളിമ്പിക്‌സിലും ഇതേ ഇനത്തിൽ സജൻ പങ്കെടുത്തിരുന്നു. 2015ൽ നടന്ന ദേശീയ ഗെയിംസിലൂടെയാണ് സജൻ ദേശീയ ശ്രദ്ധ നേടുന്നത്. ഗെയിംസിൽ ആറ് സ്വർണ മെഡലുകളും മൂന്ന് വെള്ളി മെഡലുകളും നേടി മീറ്റിലെ താരമായിരുന്നു സജൻ.

നേരത്തെ ബെൽഗ്രേഡിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സജൻ സ്വർണം നേടിയിരുന്നെങ്കിലും എ വിഭാഗത്തിൽ ഒളിമ്പിക്സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനൻ സജനായിരുന്നില്ല. വ്യക്തിഗത ഇനത്തിൽ ഒളിമ്പിക്‌സ് യോഗ്യത ലഭിക്കുന്ന അഞ്ചാമത്തെ മലയാളി താരമാണ് 27കാരനായ സജൻ.