- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബട്ടർഫ്ളൈ ഹീറ്റ്സിൽ സജൻ പ്രകാശ് സെമി കാണാതെ പുറത്ത്; രണ്ടാം ഹീറ്റ്‌സിൽ മത്സരിച്ച സജൻ ഫിനിഷ് ചെയ്തത് ഒരു മിനിറ്റ് 57.22 സെക്കന്റിൽ; അഞ്ച് ഹീറ്റ്‌സിലുമായി മലയാളി താരം 24-ാമത്; ബോക്സിങ്ങ് റിങ്ങിലും ഇന്ത്യയ്ക്ക് നിരാശ
ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സ് നീന്തലിൽ പുരുഷവിഭാഗം 200 മീറ്റർ ബട്ടർഫൈയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മലയാളി താരം സജൻ പ്രകാശ് സെമി കാണാതെ പുറത്ത്. രണ്ടാം ഹീറ്റ്‌സിൽ മത്സരിച്ച സജൻ 1:57:22 സെക്കൻഡിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സജന്റെ മികച്ച സമയം ഒരു മിനിറ്റ് 56.38 സെക്കന്റാണ്.
ആകെ 38 പേർ പങ്കെടുത്ത മത്സരത്തിൽ 24-ാം സ്ഥാനമാണ് മലയാളി താരത്തിന് ലഭിച്ചത്. അഞ്ച് ഹീറ്റ്‌സിലുമായി ആദ്യ 16 പേർക്ക് മാത്രം സെമി ഫൈനൽ സാധ്യതയുണ്ടായിരുന്ന ഇനത്തിൽ സജന് ലഭിച്ചത് 24ാം സ്ഥാനം.
നേരത്തെ, 200 മീറ്റർ ബട്ടർഫ്‌ളൈസിൽ എ കാറ്റഗറിയിൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരെന്ന റെക്കോർഡുമായാണ് സജൻ ടോക്കിയോയിലെത്തിയത്. കഴിഞ്ഞ തവണ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഒളിംപിക്‌സിൽ ഇരുപത്തേഴാം സ്ഥാനത്തായിരുന്നു സജൻ.
100 മീറ്റർ ബട്ടർഫ്ളൈയിലും സജന് മത്സരം ബാക്കിയുണ്ട്. എ ക്വാളിഫിക്കേഷൻ മാർക്കോടെയാണ് 200 മീറ്റർ ബട്ടർഫ്ളൈയിൽ ഒളിംപിക്‌സിന് യോഗ്യത നേടിയത്. ഒളിംപിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് ഇരുപത്തിയേഴുകാരനായ സജൻ.
അത്‌ലറ്റു കൂടിയായ അമ്മയ്‌ക്കൊപ്പം അഞ്ചാം വയസു മുതലാണ് സജൻ നീന്തൽ പരിശീലിച്ച് തുടങ്ങിയത്. 2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസ് മുതലാണ് സജൻ താരമാകുന്നത്. ആറ് സ്വർണമുൾപ്പടെ നീന്തൽക്കുളത്തിൽ നിന്ന് മെഡൽചാകരയുമായാണ് സജൻ വരവറിയിച്ചത്. റിയോയിൽ ഇരുപത്തിയേഴാം സ്ഥാനത്തായിരുന്നു സജൻ.
നേരത്തെ ഇന്ത്യൻ താരങ്ങളായ മാനാ പട്ടേലും ശ്രീഹരി നടരാജും ഹീറ്റ്സിൽ പുറത്തായിരുന്നു. ഇരുവർക്കും വ്യക്തിഗത മികവ് പുറത്തെടുക്കാനായില്ല. 100 മീറ്റർ ബാക്ക്സ്ട്രോക്കിലാണ് മാനായും ശ്രീഹരിയും മത്സരിച്ചത്.
ബോക്സിങ്ങ് റിങ്ങിലും ഇന്ത്യക്ക് നേട്ടങ്ങളുണ്ടാക്കാനായില്ല. 75 കിലോഗ്രാം മിഡിൽവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ താരം ആശിഷ് കുമാർ ആദ്യ റൗണ്ടിൽ ചൈനയുടെ എർബെയ്‌കെ ടൗറ്റയോട് തോറ്റു (5 - 0).
സ്പോർട്സ് ഡെസ്ക്