- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പേരറിവാളൻ രണ്ട് സാദാ ടോർച്ച് ബാറ്ററി മാത്രമാണ് വാങ്ങി നല്കിയതെന്ന കാല്പനികവത്ക്കരണം ക്രൂരവും അസംബന്ധവുമാണ്; രാജീവ് ഗാന്ധിയുടെ ഉറ്റവരുടെ തീരാവേദനയും സങ്കടവും കാണാതെ പോകരുത്: സജീവ് ആല എഴുതുന്നു
കിടന്നുറങ്ങുകയായിരുന്ന എന്നെ വെളുപ്പിന് വിളിച്ചുണർത്തിയാണ് അന്ന് അമ്മ ആ ദുരന്തവാർത്ത പറഞ്ഞത്. രാജീവ് ഗാന്ധി ബോംബ് സ്‌ഫോടനത്തിൽ മരിച്ചു. അതുകേട്ട് പത്താംക്ലാസുകാരനായിരുന്ന ഞാൻ ഞെട്ടിവിറച്ചു പോയി. രണ്ടാഴ്ച മുമ്പ് രാജീവ് ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഞങ്ങളുടെ ചെങ്ങന്നൂരിൽ വന്നിരുന്നു. ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അദ്ദേഹത്തെ നേരിൽ കണ്ടിരുന്നു. അതുകൊണ്ടായിരിക്കാം മരണവാർത്ത അവിശ്വസനീയമായി തോന്നിയത്. പിറ്റേദിവസം പത്രത്തിൽ രാജീവ് ഗാന്ധിയുടെ ചിതറിത്തെറിച്ച ശരീരം കണ്ടപ്പോൾ സഹിക്കാനായില്ല.
ശ്രീലങ്കൻ തമിഴരുടെ അവകാശങ്ങൾ സംരക്ഷിക്കാനായി രൂപം കൊണ്ട എൽടിടിഇ വേലുപ്പിള്ള പ്രഭാകരന്റെ കീഴിൽ ലക്ഷണമൊത്ത ഭീകരസംഘടനയായി മാറിയിരുന്നു. സിംഹള അതിക്രമത്തിനെതിരെ പോരാടിയിരുന്ന മിതവാദികളായ മറ്റ് തമിഴ് നേതാക്കളെ മുഴുവൻ പുലികൾ വെടിവെച്ചു കൊന്നുകഴിഞ്ഞിരുന്നു.
1991ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി തിരിച്ചുവരാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നതിനാലാണ് അദ്ദേഹത്തെ പ്രഭാകരന്റെ ചാവേർസംഘം അതിനികൃഷ്ടമായ രീതിയിൽ കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ ദ്രാവിഡ അതിദേശീയവാദികൾ മുഴുവൻ വേലുപ്പിള്ള പ്രഭാകരന്റെ ആരാധകരായിരുന്നു. കരുണാനിധിയും വൈക്കോയുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു.
രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ചാവേറായ ധനുവിന്റെ ശരീരത്തിൽ കണക്ട് ചെയ്തിരുന്ന ബോംബിനുള്ള ബാറ്ററി ലഭ്യമാക്കിയത് അന്ന് പത്തൊമ്പത് വയസ് പ്രായമുള്ള പേരറിവാളനായിരുന്നു. ഭീകരസംഘടനകൾ അതിഗൂഢമായി നടത്തുന്ന ചാവേർ ഓപ്പറേഷന് ഏറ്റവും വിശ്വസ്തരായ അനുയായികളെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളു. അതായത് ഇലക്ട്രോണിക്‌സ് വിദഗ്ധനായിരുന്ന പേരറിവാളൻ അന്നൊരു hard-core LTTE അനുഭാവിയായിരുന്നു.
കാർത്തികേയന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൃത്യമായ തെളിവുകൾ ലഭിച്ചതുകൊണ്ടാണ് പേരറിവാളൻ കേസിൽ പ്രതിയായത്. അതുകൊണ്ടാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. വധശിക്ഷ ആധുനിക മാനവിക ജനാധിപത്യ മൂല്യങ്ങൾക്കെതിരെയുള്ള വെല്ലുവിളിയാണ്. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ച സുപ്രീംകോടതി വിധി അങ്ങേയറ്റം സ്വാഗതാർഹമായിരുന്നു.
30 വർഷത്തെ ജയിൽവാസം അനുഭവിച്ച പേരറിവാളന്റെ ശിക്ഷ കമ്മ്യൂട്ട് ചെയ്ത് വിട്ടയച്ച പരമോന്നത കോടതിയുടെ നടപടിയോട് ഒട്ടും എതിർപ്പില്ല. പക്ഷെ പേരറിവാളൻ രണ്ട് സാദാ ടോർച്ച് ബാറ്ററി മാത്രമാണ് വാങ്ങി നല്കിയതെന്ന രീതിയിലുള്ള കാല്പനികവത്ക്കരണം ക്രൂരവും അങ്ങേയറ്റത്തെ അസംബന്ധവുമാണ്. കുറ്റവാളികളെ ലോഭമില്ലാതെ വാഴ്‌ത്തുമ്പോൾ, തിരിച്ചറിയാൻ മുഖമോ രൂപമോ ഒന്നുമില്ലാത്തവിധം ചിതറിപ്പോയ രാജീവ് ഗാന്ധി എന്ന മനുഷ്യന്റെ ഉറ്റവരുടെ തീരാവേദനയും സങ്കടവും കാണാതെ പോകരുത്.
കൊടുംതീവ്രവാദി മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പണ്ട് കേരളനിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിട്ടുണ്ട്. അതേപോലെ തമിഴ് വംശീയവികാരം ആളിക്കത്തിച്ച് ദ്രാവിഡദേശീയതയുടെ ഒരേയൊരു മുതലാളിയായി മാറാനുള്ള സ്റ്റാലിന്റെ തന്ത്രം മാത്രമാണ് രാജീവ് ഗാന്ധി കേസിലെ കൊലയാളികളോട് മാത്രം വഴിഞ്ഞൊഴുകുന്ന ഈ അൻപിന്റെ പിന്നിലുള്ളതെന്ന് സുവ്യക്തമാണ്.
സ്വന്തം മകന്റെ മോചനത്തിനായി മൂന്ന് പതിറ്റാണ്ട് പോരാടിയ പേരറിവാളന്റെ അമ്മ ഒരു മഹാമാതൃക തന്നെയാണ്. അതേസമയം സ്വന്തം പിതാവ് ഒരു പിടി മാംസക്കഷണങ്ങളായി മാറിയത് കണ്ട രാഹുലും പ്രിയങ്കയും മനുഷ്യജീവികളാണെന്ന കാര്യവും മറക്കാൻ പാടില്ല. സോണിയാ ഗാന്ധി നിശ്ശബ്ദമായി സഹിച്ച വേദന പേരറിവാളന്റെ അമ്മയുടെ വേദനയേക്കാൾ ഒട്ടും താഴെയല്ല.
സ്വന്തം ജാതിക്കാർ, സ്വന്തം മതക്കാർ, സ്വന്തം വംശക്കാർ, സ്വന്തം ഗോത്രക്കാർ, സ്വന്തം പാർട്ടിക്കാർ നടത്തുന്ന അരുംകൊലകളെ ന്യായീകരിച്ച് കുറ്റവാളികൾക്ക് വീരപരിവേഷം നല്കുന്നത് പ്രാകൃതസമൂഹത്തിന്റെ ലക്ഷണമാണ്. ഒരു മഹാപാതകം ചെയ്യാൻ കൂട്ടുനിന്നതിന്റെ പശ്ചാത്താപത്തിൽ കൂടുതൽ നല്ല മനുഷ്യനായി ഇനിയുള്ള കാലം ജീവിക്കാൻ പേരറിവാളന് കഴിയട്ടേ...