ന്ന് 38000..ഇന്നലെ 35000..മിനിഞ്ഞാന്ന് 32000. പക്ഷെ കേരളത്തിലെ ആശുപത്രികൾ നിറഞ്ഞുകവിയുന്നില്ല. ഓക്‌സിജൻ കിട്ടാതെ ആരും ശ്വാസംമുട്ടി മരിക്കുന്നില്ല. കൊറോണയെ നേരിടുന്ന കാര്യത്തിൽ മലയാളി പുപ്പുലി തന്നെയാണ്.

ഡൽഹിയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കേരളത്തിലേതിനേക്കാൾ കുറവാണ്. പക്ഷെ അവിടുത്തെ ഹോസ്പിറ്റലുകളിൽ ഒഴിവില്ല. അയൽസംസ്ഥാനങ്ങളായ ഹരിയാന പഞ്ചാബ് ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലേക്ക് ആളുകൾ ചികിത്സ തേടിപ്പോകുന്നു.
പക്ഷെ കേരളത്തിൽ ഇതുവരെ എല്ലാം നിയന്ത്രണാധീനമാണ്.

വാർത്താചാനലുകൾ മനുഷ്യരെ പേടിപ്പിക്കാനുള്ള എല്ലാ അടവുകളും പയറ്റിയിട്ടും മലയാളികൾക്ക് കോവിഡിനെ അത്ര പേടിയൊന്നുമില്ല.
നമ്മുടെ സാമാന്യബുദ്ധി, അതുതന്നെയാണ് കേരളത്തിൽ കോവിഡ് ഭീകരരൂപമാർജ്ജിക്കാതെ പോകുന്നതിന്റെ കാരണം.
ഒന്നാം തരംഗ കാലത്തെ കോവിഡ് ഭീതി ഇപ്പോഴില്ല. ഒരു ദിവസം 35000 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ അതിൽ 2000 പേർ പോലും ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യപ്പെടുന്നില്ല.

95 ശതമാനം കോവിഡ് പോസിറ്റീവുകാരും വീട്ടിലിരുന്ന് വിശ്രമിച്ച് ഒഴിവുവേളകളെ ആഹ്‌ളാദഭരിതരാക്കുന്നു. ചുരുക്കം ചില പണച്ചാക്കുകൾ സ്വകാര്യ ഹോസ്പിറ്റലുകളിൽ ചുമ്മാ അഡ്‌മിറ്റാകുന്നത് ഒഴിച്ചാൽ ആശുപത്രി ക്രേസ് ഇവിടെയില്ലേയില്ല. സർക്കാർ നിയന്ത്രണങ്ങൾ കർക്കശമാക്കിയതുകൊണ്ട് മാത്രമാണ് ജനം പുറത്തിറങ്ങുന്നത് കുറഞ്ഞത്.

വണ്ടിയിടിച്ച് നടുറോഡിൽ ചോരവാർന്ന് കിടക്കുന്നയാളെ തിരിഞ്ഞു നോക്കാതെ സ്വന്തം കാര്യം സിന്ദാബാദ് മുദ്രാവാക്യം മുഴക്കി നീങ്ങുന്ന മലയാളി കൊറോണയെ ഇപ്പോൾ സീരിയസായി കാണുന്നില്ലെങ്കിൽ അതിന്റെ പിന്നിൽ അവരുടെ കോമൻസെൻസ് തന്നെയാണ്.
ഡൽഹിയുടെ കാര്യത്തിൽ സ്ഥിതി നേരെമറിച്ചാണ്. പരമദരിദ്രരായ ചേരിനിവാസികളുടെ നഗരം മാത്രമല്ല ഡൽഹി. അതിസമ്പന്നരുടേയും ആയിരക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാരുടേയും റിട്ടയർ ചെയ്തവരുടെയും വാസഗൃഹം കൂടിയാണ് ഇന്ദ്രപ്രസ്ഥം. സുഖസുന്ദരജീവിതം നയിക്കുന്ന ഈ കുലീനർ കോവിഡിനെ വല്ലാതെ ഭയക്കുന്നവരാണ്. വലിയ ലക്ഷണങ്ങൾ ഒന്നുമില്ലാതെ വരുന്ന കൊറോണയെ പോലും പേടിച്ച് ഇത്തരക്കാർ ആശുപത്രികളിലേക്ക് ഓടിക്കയറുന്നു. ഡൽഹിയിലെ പ്രൈവറ്റ് ഹോസ്പിറ്റലുകൾ നിറഞ്ഞുകവിയാനുള്ള ഒരുകാരണം ഒരടിസ്ഥാനവുമില്ലാത്ത മരണഭയം മാത്രമാണ്.

വീട്ടിൽ ബെൻസ് കാറുള്ളപ്പോഴും റേഷൻകാർഡ് ബിപിഎൽ ആക്കാൻ പൊരിവെയിലത്ത് ക്യു നിൽക്കുന്ന പിശുക്കൻ മലയാളി കോവിഡിനെ പേടിച്ച് ആശുപത്രിയിൽ കൊണ്ട് കാശ് കളയാൻ തയ്യാറല്ല. വാക്‌സിൻ കാശുകൊടുത്ത് വാങ്ങേണ്ടി വരുമോ എന്ന ആശങ്കയിൽ രാവിലെ തൊട്ട് വൈകുന്നേരം വരെ സാമൂഹിക അകലം തകർത്ത് വരിവരിയായി നിന്ന് ബോധം കെട്ടുവീഴുന്ന കേരളമക്കളുടെ അടുത്തുകൊറോണ കണ്ണുരട്ടലൊന്നും വിജയിക്കാൻ പോകുന്നില്ല.

ഹൊറർന്യൂസ് ചാനലുകാർ ഒന്ന് അടങ്ങുന്നതാണ് അവർക്ക് നല്ലത്. സ്വയം മാറാൻ തയ്യാറായില്ലെങ്കിൽ റേറ്റിങ് ഇടിഞ്ഞ് കൈരളി ചാനലിന്റെ പിന്നിലാവും. 12 ജില്ലകൾ അടച്ചുപൂട്ടണമെന്ന കേന്ദ്ര നിർദ്ദേശം പോ മോനേ ദിനേശായെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ കേരളസർക്കാരിന് പ്രത്യേക അഭിനന്ദനങ്ങൾ.