രാഹുൽ ഗാന്ധിയെ പോലെ ഹാർവാർഡ് കേംബ്രിഡ്ജ് ട്രിനിറ്റി കോളേജ് വിദ്യാഭ്യാസമൊന്നും പിണറായി വിജയനില്ല.കണ്ണൂർ നാട്ടുമ്പുറത്തെ പള്ളിക്കൂടപഠനവും തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്നുള്ള ബിരുദവും. അത്രമാത്രമേ പാവപ്പെട്ട കുടുംബത്തിൽ ജനിച്ചു വളർന്ന നമ്മുടെ മുഖ്യമന്ത്രിക്കുള്ളു.

രാഹുൽ ഗാന്ധിയുടെ മുതുമുത്തശ്ശനായ മോത്തിലാൽ നെഹ്റുവും മുത്തശ്ശനായ ജവഹർലാൽ നെഹ്റുവും യുക്തിവാദികൾ മാത്രമല്ല ലിബറൽ ഡെമോക്രാറ്റിക് മൂല്ല്യങ്ങളുടെ വക്താക്കളും പോരാളികളുമായിരുന്നു.പിണറായി വിജയന്റെ മാതാപിതാക്കളും പൂർവസൂരികളുമൊന്നും വിപ്ളകാരികളും സാമൂഹ്യ പരിഷ്‌ക്കർത്താക്കളും ഒന്നുമായിരുന്നില്ല.

ഒരു കടുത്ത മാർക്സിസ്റ്റ്- ലെനിനിസ്റ്റായ പിണറായി പാശ്ചാത്യ ഉദാരജനാധിപത്യത്തിന്റെ ആരാധകനുമല്ല.പക്ഷെ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ കേരളാ മുഖ്യമന്ത്രി സർവാത്മനാ സ്വാഗതം ചെയ്തു.തെരുവിൽ സ്ത്രീകളെ ഇറക്കി ഇരുണ്ടയുഗവാദികൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ വകവയ്ക്കില്ലെന്നും റിവ്യൂ പെറ്റീഷൻ നല്കില്ലെന്നും അസന്ദിഗ്ധമായി പിണറായി പ്രഖ്യാപിക്കുകയും ചെയ്തു.

പിണറായി വിജയന് നിലപാടുണ്ട്. അത് പരസ്യമായി പറയുവാനും നടപ്പിലാക്കുവാനുമുള്ള ധീരതയും ഇച്ഛാശക്തിയും അദ്ദേഹത്തിനുണ്ട്. ഭാരതത്തെ ഒരു ആധുനിക മതേതര ജനാധിപത്യരാജ്യമാക്കാനായി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച നെഹ്റുവിന്റെ പേരക്കുട്ടി കോൺഗ്രസ് പ്രസിഡന്റിന്റെ കസേരയിൽ ഇരിക്കുമ്പോൾ കേരളത്തിലെ ഉമ്മൻ ചാണ്ടി- ചെന്നിത്തല-മുല്ലപ്പള്ളി ത്രയം സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഉപവാസവും കുത്തിയിരുപ്പും നിരാഹാരവുമൊക്കെ തുടങ്ങിയിരിക്കുന്നു.

പുരോഗമന ലിബറൽ മൂല്യങ്ങളെപ്പറ്റി എപ്പോഴും അതിവാചാലനാകുന്ന രാഹുൽ ഗാന്ധി എവിടെയാണ് ഇപ്പോൾ ഒളിച്ചിരിക്കുന്നത്..? മേനകാ ഗാന്ധിയും സുബ്രഹ്മണ്യസ്വാമിയും ടി ജി മോഹൻദാസുമൊക്കെ കോൺഗ്രസുകാരേക്കാൾ ഭേദമാണെന്ന് സംശയാതീതമായി തെളിഞ്ഞിരിക്കുന്നു.പിന്തിരിപ്പന്മാരുടെ വാലായി മാറിയ കെപിസിസിയെ നിലയ്ക്ക് നിർത്താൻ ശേഷിയോ കഴിവോ ഇല്ലാത്ത രാഹുൽ ഗാന്ധിയാണ് മോദിയെ താഴെയിറക്കുമെന്ന് വമ്പും വീമ്പും പറഞ്ഞു നടക്കുന്നത്.

സംഘപരിവാറുമായി പിന്തിരിപ്പൻ പട്ടത്തിനായി കടുത്ത പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിടാനുള്ള മാന്യതയെങ്കിലും നെഹ്റുവിന്റെ കൊച്ചുമകനിൽ നിന്ന് നവോത്ഥാന കേരളം പ്രതീക്ഷിക്കുന്നു.കുലീനതയുടെ കുടുസ്സുമുറിയിൽ കുടുങ്ങിക്കിടക്കുന്ന ആഢ്യപ്രഭുക്കളേക്കൾ കരളുറപ്പും നിശ്ചയദാർഢ്യവും അതിജീവിക്കാനായി വാശിയോടെ പണിയെടുത്ത് പോരാടിയവരുടെ വംശപരമ്പരൾക്കുണ്ടാവുമെന്നതിന്റെ ഉത്തമോദാഹരണമാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

നെഹ്റുപ്രതിമയുടെ ചുവട്ടിലിരുന്ന് മനുസ്മൃതി പാരായണം നടത്തുന്ന രാഹുൽ കോൺഗ്രസുകാർക്ക് ആയിരമായിരം അഭിവാദ്യങ്ങൾ...

( എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ സജീവ് ആല ഫേസ്‌ബുക്കിൽ കുറിച്ചത്).