ബരിമല ക്ഷേത്രം മലയരന്മാർക്ക് പതിച്ചു കൊടുത്താൽ എന്തോ വലിയ വിപ്ലവം നടക്കുമെന്ന് പലരും വിചാരിക്കുന്നു.വളരെ തെറ്റായൊരു ധാരണയാണത്.അധികാരം കിട്ടിയാൽ താഴമൺ തന്ത്രിമാരുടെ കയ്യൊപ്പുള്ള അതേ യാഥാസ്ഥിതിക അനുഷ്ഠാനങ്ങളും ആചാരങ്ങളും അണുവിടതെറ്റാതെ മലയരയൻ പൂജാരിയും പിന്തുടരും.ചിലപ്പോൾ ബ്രാഹ്മണരേക്കാൾ ഉഗ്രാനുഷ്ഠാനരൂപികളായി മലയരയ തന്ത്രിമാർ മാറിയെന്നും വരാം.പമ്പ വരെ പോലും സ്ത്രീകൾക്ക് പ്രവേശിക്കാൻ കഴിയാതെ വരുന്ന കാർക്കശ്യം പോലും ഉടലെടുത്തേക്കാം.

സംശയമുള്ളവർ ദേവസ്വം ബോർഡിന്റെ ആദ്യ ദളിത് പൂജാരിയായ യദു കൃഷ്ണന്റെ വാക്കുകൾ മാത്രം കേട്ടാൽ മതി. ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ ക്ഷേത്രം അടച്ചിടണമെന്ന് കട്ടായം അഭിപ്രായപ്പെട്ട യദു കൃഷ്ണൻ ഇടതുപക്ഷസർക്കാരിന്റെ വിപ്ളവകരമായൊരു തീരുമാനത്തിലൂടെ പൂജാരിയായി നിയമിക്കപ്പെട്ട വ്യക്തിയാണ്.ആചാരലംഘനങ്ങളുടെ ഗുണഭോക്താവായ ആ യുവാവ് പക്ഷെ യുവതിപ്രവേശന വിഷയത്തിൽ കടുത്ത യാഥാസ്ഥിതികർക്കൊപ്പമാണ്.അതുകൊണ്ട് ദളിതൻ , ആദിവാസി തുടങ്ങിയ പദങ്ങൾ പുരോഗമനത്തിന്റെ മറുപേരാണെന്നുള്ള തോന്നലിന് ഭൂമിയിലെ യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല.

ഇന്ത്യയിലെ പല ഗോത്രങ്ങളും ബീഭത്സമായ സ്ത്രീവിരുദ്ധ ആചാരങ്ങൾ കർശനമായി പിന്തുടരുന്നവരാണ്.വയനാട്ടിലെ കുറിച്യർ ആദിവാസികളിലെ ബ്രാഹ്മണനാണ്. പണിയനെ തൊട്ടാൽ കുറിച്യർ കുളിച്ചിരിക്കണം എന്ന പോലെയുള്ള കടുത്ത അയിത്താചാരങ്ങൾ ആദിവാസികൾക്കിടയിൽ നിലനിൽക്കുന്നു.ദളിതർ എന്ന വിശാല ഐക്യവേദിയിൽ നിലകൊള്ളുന്ന പട്ടികജാതിക്കാർ തമ്മിലും ശക്തമായ ജാതീയ വേർതിരിവുണ്ട്.ദളിത് ആക്ടിവിസ്റ്റുകൾ പോലും സ്വന്തം ജാതി വിട്ട് മറ്റൊരു ദളിത് ജാതിയിൽ നിന്നും വിവാഹം കഴിക്കാറില്ല. അങ്ങനെ ആരെങ്കിലും ആഗ്രഹിച്ചാൽ തന്നെ ഇരുവീട്ടുകാരും സമ്മതിക്കുകയുമില്ല.

പുലയസമുദായക്കാരുടെ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഒരു യുവാവ് മണ്ണാൻ സമുദായക്കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ അയാളെ പൂജാജോലിയിൽ നിന്നുതന്നെ പുറത്താക്കിയൊരു സംഭവം നേരിട്ടറിയാം.നവോത്ഥാന നായകനെ ശ്രീകോവിനുള്ളിലാക്കിയ ശ്രീനാരയണീയർ ഇന്ന് കടുത്ത ജാതീയതയുടെ വക്താക്കളാണ്.ഹിന്ദു ഐക്യം പറയുന്നവർ അന്യജാതിയിൽ നിന്ന് വിവാഹം കഴിക്കുമോ എന്ന് ചോദിക്കുന്നവർ കമ്മ്യുണിസ്റ്റ് സാർവദേശീയത വിളമ്പുന്നവർ ജാതിയും മതവും വിട്ട് കല്യാണം നടത്തുമോ എന്ന ചോദ്യത്തിന് ഉത്തരം പറയാനും ബാധ്യസ്ഥരാണ്.

പുരോഗമന സമുദായം എന്ന് വിളിക്കാവുന്ന ഒരു ജാതിയും കേരളത്തിലെ സവർണ്ണരിലും അവർണ്ണരുമില്ല.വേട്ടക്കാരനാകുള്ള പൂതി ജാതിമതഭേദമന്യേ എല്ലാ മനുഷ്യരിലുമുണ്ട്.ബ്രാഹ്മണ്യഭാവം എല്ലാ മനുഷ്യരുടേയും അകക്കാമ്പിലുള്ളൊരു സെക്കുലർ വികാരമാണ്.അവസരവും സന്ദർഭവും കിട്ടുമ്പോൾ എടുത്ത് പ്രയോഗിക്കാനായി കണ്ണിൽച്ചോരയില്ലാത്തൊരു ചാട്ടവാർ എല്ലാവരും ഒളിപ്പിച്ചു സൂക്ഷിച്ചുവച്ചിട്ടുണ്ട്. .

അടിമ കങ്കാണിയാകുമ്പോൾ പഴയ യജമാനേക്കാൾ ക്രൗര്യം കാണിക്കുമെന്നാണ് മന:ശാസ്ത്ര പാഠം.നമ്പൂതിരിയെ മനുഷ്യനാക്കാൻ പണ്ട് നടന്നപോലെ മലയാളിയെ പരിഷ്‌കൃത മനുഷ്യനാക്കാനുള്ള നവോത്ഥാന മുന്നേറ്റമാണ് ഇനി കേരളത്തിൽ നടക്കേണ്ടത്.

( എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ സജീവ് ആല ഫേസ്‌ബുക്കിൽ കുറിച്ചത്)