- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌പെയിനിൽ 2.56 ലക്ഷം മദ്യശാലകൾ; അവിടെ മുഖ്യം സെക്‌സ് ടൂറിസം; ഇവിടെ സെക്‌സ് എന്നു പറഞ്ഞാൽ പൊട്ടിത്തെറി; അവിടെ ചെറുപ്പക്കാർ ലഹരിമരുന്ന് ഉപയോഗിക്കുന്നത് വ്യാപകമായപ്പോൾ ആവശ്യമുള്ളവർക്ക് കഞ്ചാവ് ചെടി വളർത്താൻ സർക്കാർ അനുമതി നൽകി! ഇതാണ് നാട്... ഇതാകണം നാട്! പിണറായി അറിയാൻ സാസ്കാരിക മന്ത്രി സജി ചെറിയാൻ പ്രതികരിക്കുമ്പോൾ
തിരുവനന്തപുരം: മദ്യ വർജ്ജനത്തിലേക്ക് കേരളത്തെ എത്തിക്കുകയാണ് ഇടതു സർക്കാരിന്റെ പ്രഖ്യാപിത നയം. എന്നാൽ സാംസ്‌കാരിക മന്ത്രിക്ക് അത് അംഗീകരിക്കാൻ പറ്റുന്നില്ല. സാംസ്‌കാരികത്തിനൊപ്പം ഫിഷറീസും സിനിമയും സജി ചെറിയാന്റെ ചുമതലയാണ്. സജി ചെറിയാന്റെ ഏറ്റവും പുതിയ വാക്കുകൾ ചിലർക്ക് സന്തോഷമൊരുക്കും. ഏതായാലും മദ്യത്തിലും ലൈംഗികതയിലും പുതിയ കേരളാ മോഡൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് മന്ത്രി.
'സമം' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസിൽ ഉദ്ഘാടനം ചെയ്യവേ മന്ത്രി സജി ചെറിയാൻ പറഞ്ഞത് ഇന്നത്തെ മനോരമയാണ് റിപ്പോർട്ട് ചെയ്തത്. അനുപമയ്ക്കും അജിത്തിനും എതിരെ പച്ചക്കള്ളം പറഞ്ഞ മന്ത്രി ചില വിദേശ സത്യങ്ങളും വിളിച്ചു പറഞ്ഞു. കേരളത്തിലെ മദ്യശാലകൾക്കും ലൈംഗികതയ്ക്കും എതിരെയുള്ള നിലപാടിനെയാണ് മന്ത്രി വിമർശിച്ചത്. സ്‌പെയിൻ മോഡൽ വേണമെന്ന് പറയാതെ പറയുകയാണ് സാംസ്‌കാരി മന്ത്രി.
സ്‌പെയിനിൽ 2.56 ലക്ഷം മദ്യശാലകളുണ്ട്. തിരക്കും ക്യൂവുമില്ല. ഇവിടെ മദ്യശാല തുടങ്ങിയാൽ പ്രതിഷേധമാണ്. സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി വാങ്ങിക്കുടിക്കും. സ്‌പെയിനിലെ ടൂറിസത്തിൽ മുഖ്യം സെക്‌സ് ടൂറിസമാണ്. ഇവിടെ സെക്‌സ് എന്നു പറഞ്ഞാൽതന്നെ പൊട്ടിത്തെറിയാണ്. സ്‌പെയിനിൽ ചെറുപ്പക്കാർ ലഹരിമരുന്ന് ഉപയോഗിക്കുന്നത് വ്യാപകമായപ്പോൾ ആവശ്യമുള്ളവർക്ക് കഞ്ചാവ് ചെടി വളർത്താൻ സർക്കാർ അനുമതി നൽകി. അതോടെ ഉപയോഗം നിലച്ചു.
നിയന്ത്രിക്കുന്നതും മറച്ചുവയ്ക്കുന്നതുമാണ് അപകടമെന്നു മനസ്സിലാക്കി എല്ലാം തുറന്നു കൊടുത്ത രാജ്യമാണത്. ഇവിടെ നമ്മൾ എല്ലാം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്. നിയമം മൂലം ക്യാംപസിലെ സംഘടനാ പ്രവർത്തനം പുനഃസ്ഥാപിക്കണം. കുറേ പഠിക്കുക, കുറേ ഛർദിക്കുക, എല്ലാവരും ജയിക്കുക. ഇതുമൂലം തുടർന്നു പഠിക്കാൻ സീറ്റില്ല. പാവം ശിവൻകുട്ടി (മന്ത്രി) വിഷമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഈ പ്രസംഗത്തിലാണ് അനുപമയേയും അജിത്തിനേയും സജി ചെറിയാൻ കടന്നാക്രമിച്ചതും.
സിപിഎമ്മിന് നാണക്കേടുണ്ടാക്കിയ ദത്ത് വിവാദത്തിന് പിന്നാലെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പരാമർശവുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ രംഗത്തു വന്നിരുന്നു. അനുപമ വിഷയം നേരിട്ട് പരാമർശിക്കാതെയാണ് മന്ത്രിയുടെ പരാമർശം. മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് പരാമർശം ചർച്ചയായത്. 'കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം', ഇതായിരുന്നു മന്ത്രിയുടെ പ്രസ്താവന.
സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശമുണ്ടായത്.
തനിക്കും മൂന്ന് പെൺകുട്ടികളുള്ളതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നതെന്ന് മന്ത്രി പറഞ്ഞു. പഠിപ്പിച്ച് വളർത്തി ഒരു സ്ഥാനത്തെത്തിയപ്പോൾ മാതാപിതാക്കൾ എന്തൊക്കെ സ്വപ്നം കണ്ടിട്ടുകാം. എന്നാൽ ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പമാണ് പോയത്. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ