തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് വേണ്ടി നിർമ്മിക്കുന്ന പുതിയ ആഡംബര ശുചി മുറി നിർമ്മാണം വിവാദത്തിൽ. 4.10 ലക്ഷം രൂപയാണ് ശുചി മുറി നിർമ്മിക്കാനുള്ള ചെലവ്. സെക്രട്ടേറിയേറ്റ് അനക്‌സ് 1 കെട്ടിടത്തിലെ നാലാം നിലയിലാണ് ഫിഷറിസ് സാംസ്‌കാരിക വകുപ്പ് മന്ത്രിയായ സജി ചെറിയാന്റെ ഓഫിസ്.

മന്ത്രിയുടെ ഓഫിസിലാണ് ആഡംബര ശുചി മുറി നിർമ്മിക്കാൻ തീരുമാനിച്ചത്. പൊതു ഭരണ ഹൗസ് കീപ്പിങ് സെല്ലിൽ നിന്ന് ശുചി മുറി നിർമ്മിക്കുന്നതിനുള്ള ഉത്തരവ് ഈ മാസം 21 ന് ഇറങ്ങി. നിർമ്മാണ ചെലവായ 4 .10 ലക്ഷം രൂപ 4059 01- 51 - 91 എന്ന ബജറ്റ് ശീർഷകത്തിൽ നിന്ന് നൽകും. ഭരണ വിലാസം സംഘടന നേതാവ് അഡീഷണൽ സെക്രട്ടറി പി. ഹണിയാണ് ഉത്തരവിറക്കിയത്. പൊതു ഭരണ ( ഹൗസ് കീപ്പിങ് ) സെല്ലിന്റെ ചാർജ് മുഖ്യമന്ത്രിക്കാണ്.

ലൈഫ് മിഷൻ വഴി പാവപെട്ടവർക്ക് വീട് നിർമ്മാണത്തിന് സർക്കാർ നൽകുന്നത് 4 ലക്ഷം രൂപ മാത്രമാണെന്നിരിക്കെയാണ് മന്ത്രി സജി ചെറിയാന് കുളിക്കാനും വൃത്തിയാകാനും വേണ്ടി 4.10 ലക്ഷം രൂപയ്ക്ക് ആഡംബര ശുചി മുറി കെട്ടുന്നത്. വീടിനേക്കാൾ കുടുതൽ തുക മന്ത്രിയുടെ കുളിമുറിക്ക് നൽകിയ സർക്കാർ ഉത്തരവിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുമ്പോഴാണ് ലക്ഷങ്ങൾ ചെലവിട്ട് മന്ത്രി സജി ചെറിയാന്റെ ആഡംബര ശുചി നിർമ്മാണം.

മുഖ്യമന്ത്രിയുടെ വകുപ്പിൽ നിന്നുള്ള ഉത്തരവായതിനാൽ, ദുർ ചെലവുകളും ആഡംബര ചെലവുകളും നീയന്ത്രിക്കേണ്ട ധനകാര്യ മന്ത്രി ബാലഗോപാൽ ഞാനൊന്നു മറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടിലാണ് നടപ്പ്. മറ്റ് മന്ത്രിമാരും സജി ചെറിയാന്റേതു പോലെ ആഡംബര ശുചി മുറിവേണമെന്ന് നിർബന്ധം പിടിച്ചാൽ കുളിമുറി നിർമ്മാണ ചെലവ് 1 കോടി കവിയും. സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് സർക്കാർ പെട്രോളിലെ നികുതി പോലും കുറയ്ക്കുന്നില്ല. ഇതിനിടെയാണ് പുതിയ ചെലവുകൾ.

ജനങ്ങളെ പിഴിഞ്ഞ് സ്വന്തം സുഖ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടി തോന്നും പടി ചെലവാക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ശക്തമായ ജനരോഷമാണുയരുന്നത്. നേരത്തെ ചീഫ് വിപ്പിന് കൂടുതൽ സ്റ്റാഫിനെ നിയമിക്കാനുള്ള തീരുമാനവും വിവാദമായിരുന്നു. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ പേഴ്‌സണൽ സ്റ്റാഫിൽ 17 പേരെക്കൂടി ഉൾപ്പെടുത്താൻ സർക്കാർ അനുമതി നൽകി. 14 പേർക്ക് നേരിട്ടാണ് നിയമനം. 23,000 മുതൽ ഒരുലക്ഷം വരെയാണ് ഇവരുടെ ശമ്പളം. ചീഫ് വിപ്പിന്റെ പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം ഇതോടെ 24 ആയി. ചീഫ് വിപ്പ് ചുമതലയേറ്റപ്പോൾ പേഴ്‌സണൽ സ്റ്റാഫിലേക്ക് ഏഴുപേരെ സർക്കാർ അനുവദിച്ചിരുന്നു. ഇതിനുപുറമേയാണ് ഇപ്പോഴത്തെ നിയമനം.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ സമയത്ത് അന്നത്തെ ചീഫ് വിപ്പായിരുന്ന പി.സി. ജോർജിന് 30 പേഴ്‌സണൽ സ്റ്റാഫുകളെ അനുവദിച്ചതിനെ ഇടതുപക്ഷം വിമർശിച്ചിരുന്നു. നിയമസഭാ സമ്മേളനസമയത്ത് നിർണായകവോട്ടെടുപ്പുകളിൽ അംഗങ്ങൾക്ക് വിപ്പ് നൽകുക എന്നതാണ് ചീഫ് വിപ്പിന്റെ ചുമതല. ഇതിന് വേണ്ടി നടത്തുന്ന പാഴ് ചെലവ് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കുളിമുറി നിർമ്മാണം.