- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നെങ്കിൽ മരക്കാർ വൻ വിജയത്തിലേക്ക് പോകുമായിരുന്നു; ഒടിടിക്ക് കൊടുക്കും മുമ്പ് ആന്റണി പെരുമ്പാവൂരിന് കാത്തിരിക്കാമായിരുന്നു; സർക്കാരിന് ഇക്കാര്യത്തിൽ അഭിപ്രായം ഇല്ലെന്നും മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം; പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കലിന്റെ സിംഹം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന തീരുമാനത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. പ്രതിസന്ധിഘട്ടത്തിൽ കലകൾ പ്രദർശിപ്പിക്കാനുള്ള ഒരു സംവിധാനം മാത്രമാണ് ഒടിടി പ്ലാറ്റ്ഫോം. യഥാർഥത്തിൽ സിനിമകൾ പ്രദർശിപ്പിക്കേണ്ടത് തിയറ്ററുകളിൽ തന്നെയാണെന്ന് മന്ത്രി ടെലിവിഷൻ ചാനലിനോട് പറഞ്ഞു. ഇത്രയും മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുകയാണെങ്കിൽ വൻ വിജയത്തിലേക്ക് പോകുമായിരുന്നു. ഒടിടിക്ക് കൊടുക്കുന്നതിന് മുമ്പ് ആന്റണി പെരുമ്പാവൂരിന് കാത്തിരിക്കാമായിരുന്നുവെന്നും സർക്കാറിന് ഇക്കാര്യത്തിൽ അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ വാക്കുകൾ
'പ്രസിസന്ധി ഘട്ടത്തിൽ കലകൾ പ്രദർശിപ്പിക്കാനുള്ള ഒരു സംവിധാനം മാത്രമാണ് ഒടിടി പ്ലാറ്റ്ഫോം. യഥാർഥത്തിൽ സിനിമകൾ പ്രദർശിപ്പിക്കേണ്ടത് തിയറ്ററുകളിൽ തന്നെയാണ്. ആന്റണി അത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ അവരെ അലട്ടുന്ന ഒരു പ്രശ്നം കോവിഡിന്റെ പശ്ചാത്തലത്തിൽ തിയറ്റർ തുറന്നപ്പോൾ ചില നിയന്ത്രണങ്ങൾ വച്ചിട്ടുണ്ട്. അപ്പോൾ ബിഗ് ബജറ്റിലുള്ള ചിത്രം റിലീസ് ചെയ്യുമ്പോൾ സാമ്പത്തികമായ നഷ്ടം വരുമെന്ന ഭയത്തിൽ നിന്നുമാണ് ഇത്തരത്തിൽ ഒരു ചിന്തയിലേക്ക് എത്തുന്നത്.
രണ്ടാം തിയതി ഒരു മന്ത്രിസഭ യോഗം വിളിച്ചിട്ടുണ്ട്. സിനിമ മേഖലയിൽ പ്രശ്നങ്ങളും സിനിമ സംഘടനകളും മുന്നോട്ടുവച്ച ആവശ്യങ്ങളും ചർച്ച ചെയ്യുന്നതിന് വേണ്ടിയാണിത്. ആൾക്കാർ തിയേറ്ററിലേക്ക് എത്തുന്നില്ല, അത് എങ്ങനെ പരിഹരിക്കാൻ കഴിയും എന്തെല്ലാം കൂടുതൽ ഇളവുകളാണ് നൽകാൻ പറ്റുകയെന്നും ആലോചിക്കും.
സിനിമകൾ ഒടിടിയിൽ പ്രദർശിപ്പിക്കാൻ നൽകാതെ പൂർണമായും തിയറ്ററിൽ പ്രദർശിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. അങ്ങനെ ചെയ്തില്ലെങ്കിൽ സിനിമ ഇൻഡസ്്ട്രി വലിയ പ്രതിസന്ധി നേരിടേണ്ടി വരും. ഇത്രയും മുടക്കിൽ നിർമ്മിച്ച ചിത്രം ഒടിടിക്ക് കൊടുക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് കാത്തിരിക്കാമായിരുന്നു. സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യുകയാണെങ്കിൽ വൻ വിജയത്തിലേക്ക് പോകും അതിനായി കുറച്ച് കാത്തിരിക്കേണ്ടിവരും. സർക്കാറിന് ഇക്കാര്യത്തിൽ അഭിപ്രായമില്ല. അത് തീരുമാനിക്കേണ്ടത് സിനിമയുമായി ബന്ധപ്പെട്ട ആളുകളാണ്.
മറുനാടന് മലയാളി ബ്യൂറോ