തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ, രാജി വച്ചത് ഒരുമാർഗ്ഗവും ഇല്ലാതെ വന്നതോടെ. ആർക്കും ന്യായീകരിക്കാൻ കഴിയാത്ത സാഹചര്യം ഉടലെടുക്കുകയും, മുഖ്യമന്ത്രി എജിയോട് നിയമോപദേശം തേടുകയും ചെയ്തതോടെയാണ് രാജി അനിവാര്യമായത്. എന്നാൽ, തന്റെ വിവാദപരാമർശത്തിൽ കാര്യമായ പശ്ചാത്താപത്തിന് അദ്ദേഹം തയ്യാറായതുമില്ല. ഒരു മണിക്കൂറോളം നീണ്ട തന്റെ മല്ലപ്പള്ളി പ്രസംഗത്തിലെ, ഏതാനും ഭാഗങ്ങൾ അടർത്തി മാറ്റിയാണ് വിവാദമുണ്ടാക്കിയതെന്ന ന്യായീകരണവും മുന്നോട്ടുവച്ചു. സ്വതന്ത്ര തീരുമാനമാണ് മന്ത്രിസ്ഥാനത്ത് നിന്നുള്ള രാജിയെന്ന് സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സജി ചെറിയാന്റെ പ്രസ്താവന:

നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും ഭരണഘടനാ മൂല്യങ്ങളെ ആദരിക്കുകയും ചെയ്യുന്ന ഒരു പൊതുപ്രവർത്തകനാണ് ഞാൻ.

ഞാൻ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം നമ്മുടെ ഭരണഘടന ഇന്ന് നേരിടുന്ന അസാധാരണമായ വെല്ലുവിളികൾക്കെതിരായി അതിശക്തമായ പ്രതിരോധം തീർക്കാനുള്ള പ്രയത്‌നത്തിലാണ്. നിയമപരമായും രാഷ്ട്രീയമായുമുള്ള എല്ലാ മാർഗങ്ങളും ഉപയോഗിച്ചാണ് ഞങ്ങൾ മതനിരപേക്ഷ-ജനാധിപത്യ-ഫെഡറൽ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള ശ്രമകരമായ പ്രയത്‌നത്തിലേർപ്പെട്ടിരിക്കുന്നത്. ഇതിനായി നമ്മുടെ ഭരണഘടനാ മൂല്യങ്ങൾ ശാക്തീകരിക്കപ്പെടണമെന്ന കാര്യത്തിൽ സുചിന്തിതമായ അഭിപ്രായമാണ് സിപിഐ (എം) എന്ന പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എനിക്കുള്ളത്. ഭരണഘടനാ സംരക്ഷണം പ്രധാന രാഷ്ട്രീയ ഉത്തരവാദിത്വമായി ഏറ്റെടുത്തവരാണ് സിപിഐ (എം) ഉം ഇടതുപക്ഷവും.

സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏഴര ദശാബ്ദ കാലയളവിൽ പല ഘട്ടങ്ങളിലും ഭരണഘടനയിൽ വിഭാവനം ചെയ്തിട്ടുള്ള ജനാധിപത്യവും പൗരസ്വാതന്ത്ര്യങ്ങളും മാത്രമല്ല, സാമ്പത്തിക നീതിക്കുവേണ്ടിയുള്ള ലക്ഷ്യങ്ങളും അട്ടിമറിക്കപ്പെട്ടതായി നമ്മൾ കണ്ടതാണ്. ഈ ഘട്ടങ്ങളിലെല്ലാം ഇത്തരം നീക്കങ്ങളെ ചെറുക്കുന്നതിൽ ഞാനുൾപ്പെടുന്ന പ്രസ്ഥാനം അഭിമാനാർഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്; ഇപ്പോഴും വഹിച്ചുകൊണ്ടിരിക്കുന്നത്. 1975-77 ലെ അടിയന്തരാവസ്ഥ, 2019 ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി, വ്യവസ്ഥാപിതമായ നടപടിക്രമങ്ങൾ പാലിക്കാതെ അനുച്ഛേദം 370 റദ്ദാക്കുകയും ജമ്മു-കാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത നടപടികൾ എന്നിവയ്‌ക്കെതിരെയെല്ലാം ഉള്ള ജനകീയ സമരങ്ങളിൽ എന്റെ പ്രസ്ഥാനം മുൻപന്തിയിൽ നിന്നിട്ടുണ്ട്. കോൺഗ്രസ്സും ഇന്നത്തെ ഭരണകക്ഷിയായ ബിജെപിയും ഭരണഘടനയുടെ അന്തഃസത്ത ഉയർത്തിപ്പിടിക്കുന്നതിൽ പല ഘട്ടങ്ങളിലും പരാജയപ്പെട്ടിട്ടുണ്ട്. ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്നത് ഇവർ വ്യാപകമായി നടപ്പാക്കി. 1959-ൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ഈ രീതിയിലാണ് പിരിച്ചുവിട്ടത്. മതനിരപേക്ഷ മൂല്യങ്ങൾ ഇപ്പോൾ നേരിടുന്ന വെല്ലുവിളി വളരെ കടുത്തതാണ്. ഏറ്റവും ഒടുവിൽ ഗുജറാത്ത് കലാപത്തിന് ഉത്തരവാദികളായവരെ തുറന്നുകാട്ടാൻ ശ്രമിച്ചവർക്കെതിരെ സ്വീകരിച്ച ജനാധിപത്യവിരുദ്ധ നടപടികളും നാം കാണുകയാണ്.

ഈ വിമർശനം ഉന്നയിച്ചപ്പോൾ ഞാൻ എന്റേതായ ഭാഷയും ശൈലിയുമാണ് ഉപയോഗിച്ചത്. ഒരിക്കൽ പോലും ഇത് ഭരണഘടനയോടുള്ള അവമതിപ്പായി വ്യാഖ്യാനിക്കപ്പെടുമെന്ന് ഞാൻ കരുതിയില്ല. അങ്ങനെ ഞാൻ ഉദ്ദേശിച്ചിട്ടേയില്ല. ഇക്കാര്യം ഇന്നലെ നിയമസഭയിൽ തന്നെ വ്യക്തമാക്കിയതാണ്.

എന്നിരിക്കിലും ഞാൻ പറഞ്ഞ ചില വാക്കുകൾ തെറ്റിദ്ധാരണാജനകമായ പ്രചരണത്തിന് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മണിക്കൂർ നീണ്ട എന്റെ പ്രസംഗത്തിലെ ഏതാനും ചില ഭാഗങ്ങൾ അടർത്തി മാറ്റിയാണ് ഈ ദുഷ്പ്രചരണം നടത്തുന്നത്. ഇത് സിപിഐ (എം) ഉം ഇടതുപക്ഷ ജനാധിപത്യമുന്നണിയും സംസ്ഥാന സർക്കാരും ഉയർത്തിപ്പിടിക്കുന്ന സമീപനങ്ങളെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും സംസ്ഥാന സർക്കാരിന്റെയും നയസമീപനങ്ങളെ ദുർബ്ബലപ്പെടുത്താൻ എന്റെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തുകൊണ്ടുള്ള പ്രചരണം ഉത്തരവാദപ്പെട്ട ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്നിൽ അതിയായ ദുഃഖം ഉണ്ടാക്കുന്നുണ്ട്. ഞാൻ ഒരിക്കൽ പോലും ഭരണഘടനയെ അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ല.

എന്റെ പ്രസംഗത്തിലെ പരാമർശങ്ങൾ സംബന്ധിച്ചുള്ള നിയമവശങ്ങളെപ്പറ്റി ബഹു. മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയിട്ടുള്ളതായും ഞാൻ മനസ്സിലാക്കുന്നു. ആ സാഹചര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കുന്നതിന് ഞാൻ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന അഭിപ്രായമാണുള്ളത്.

അതിനാൽ, ഞാൻ എന്റെ മന്ത്രിസ്ഥാനം രാജിവയ്ക്കുകയാണ്. എന്റെ രാജിക്കത്ത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്.

മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് എന്റെ പ്രസ്ഥാനം നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഞാൻ തുടർന്നും സജീവമായി ഉണ്ടായിരിക്കും എന്നുകൂടി പറയാൻ ആഗ്രഹിക്കുന്നു.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് രാജി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ചേംബറിലേക്ക് വിളിപ്പിച്ച് രാജി ആവശ്യപ്പെടുകയായിരുന്നു. രാജിവയ്ക്കേണ്ടിവരുമെന്ന് എജിയുടെ നിയമോപദേശം സർക്കാരിന് ലഭിച്ചിരുന്നു. ഭരണഘടനയോട് കൂറുപുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഭരണഘടനയെ തള്ളിപ്പറഞ്ഞത് കോടതിയിൽ തിരിച്ചടിയാകുമെന്നാണ് എജിയുടെ നിയമോപദേശം. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രി തീരുമാനിച്ചത്.

ഭരണഘടനാ ലംഘന പരാമർശത്തിൽ സജി ചെറിയാനെ പിന്തുണയ്ക്കാതെ സിപിഐഎം കേന്ദ്ര നേതൃത്വം രംഗത്തെത്തിയിരുന്നു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തിലെ നിലപാട് വ്യക്തമാക്കിയില്ല. സംസ്ഥാനത്തെ നേതാക്കൾ യോഗം ചേർന്ന് തീരുമാനമെടുക്കട്ടെയെന്നാണ് യെച്ചൂരി പ്രതികരിച്ചത്. സംസ്ഥാന നേതാക്കളുമായി താൻ സംസാരിച്ചെന്നും ഉചിതമായ തീരുമാനം ഉടൻ ഉണ്ടാകും എന്നും യെച്ചൂരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സജി ചെറിയാൻ രാജി പ്രഖ്യാപിച്ചത്.

പരാമർശങ്ങളിൽ മന്ത്രി മിതത്വം പാലിക്കേണ്ടതായിരുന്നെന്നും പ്രതിപക്ഷത്തിന് അനാവശ്യമായി ആയുധം നൽകിയെന്നും ഇന്നത്തെ സിപിഐഎം അവൈലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. തനിക്ക് നാക്ക് പിഴയാണ് സംഭവിച്ചതെന്ന് മന്ത്രി സെക്രട്ടറിയേറ്റിൽ വിശദീകരിച്ചു. ഭരണഘടനയെ അല്ല ഭരണകൂടത്തെ വിമർശിക്കാനാണ് താൻ ഉദ്ദേശിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. യോഗത്തിനു ശേഷം പുറത്തിറങ്ങിയ മന്ത്രിയോട് രാജിവെക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എന്തിന് രാജിവെക്കണമെന്ന് മറുചോദ്യമാണ് മന്ത്രി ചോദിച്ചത്.

പരാമർശം ഇങ്ങനെയായിരുന്നു:

'തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തിൽനിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരന്മാരായത്.''
''മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാൽ, ഈ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി വെച്ചിട്ടുണ്ട്.''