- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവഹേളിച്ചത് അംബേദ്കറെ; തള്ളി പറഞ്ഞത് ഭരണ ഘടനയെ; സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗത്തിൽ യെച്ചൂരിക്ക് കടുത്ത അതൃപ്തി; മന്ത്രിയെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് ദേശിയ നേതൃത്വം നിർദ്ദേശിച്ചു; ആലപ്പുഴയിലെ വിശ്വസ്തനെ കൈവിടാൻ പിണറായിക്ക് താൽപ്പര്യക്കുറവ്; അവൈലബിൾ സെക്രട്ടറിയേറ്റിലെ ചർച്ച നിർണ്ണായകമാകും; ഭരണഘടനാ വിമർശനത്തിൽ സജി ചെറിയാന്റെ രാജി അനിവാര്യതയോ?
തിരുവനന്തപുരം : രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശങ്ങളോട് സിപിഎം എടുക്കുന്ന നിലപാടിൽ പ്രതിഷേധം ശക്തം. ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത് എന്നായിരുന്നു മന്ത്രിയുടെ വിവാദപ്രസംഗം. ഭരണഘടനയോടു കൂറു പുലർത്തുമെന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി അതേ ഭരണഘടനയെ തള്ളിപ്പറഞ്ഞതിനെക്കുറിച്ചു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയനോടു വിശദീകരണം തേടി. മന്ത്രി വീഴ്ച വരുത്തി എന്നതാണ് ഗവർണ്ണറുടെ പ്രാഥമിക നിഗമനം. ഈ സാഹചര്യത്തിൽ മന്ത്രി സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വരുമെന്ന വിലയിരുത്തൽ സജീവമാണ്. ഭരണഘടനയ്‌ക്കൊപ്പം ഭരണഘടനാ ശിൽപിയായ ഡോ ബിആർ അംബേദ്കറിനേയും സജി ചെറിയാൻ അപമാനിച്ചു എന്നതാണ് വസ്തുത.
സജി ചെറിയാന്റെ പ്രസ്താവനയിൽ സിപിഎം ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. സജി ചെറിയാൻ രാജിവയ്ക്കണമെന്ന നിലപാടിലാണ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ് സജി ചെറിയാൻ. ആലപ്പുഴ രാഷ്ട്രീയത്തിലെ കരുത്തൻ. അതുകൊണ്ട് തന്നെ സജി ചെറിയാനെ മുഖ്യമന്ത്രി കൈവിടില്ലെന്നാണ് സൂചന. സിപിഎം സൈബർ സഖാക്കൾ സജി ചെറിയാനെ വിവാദത്തിൽ നിന്ന് രക്ഷിച്ചെടുക്കാൻ പലവിധ കഥകളുമായി സജീവമായി രംഗത്തുണ്ട്.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റിയുടെ പരിപാടിയിൽ ഞായറാഴ്ചയായിരുന്നു മന്ത്രിയുടെ വിവാദപ്രസംഗം. ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത് എന്നാണ് മന്ത്രി പറഞ്ഞത്. പ്രസക്ത ഭാഗങ്ങൾ: 'ജനങ്ങളെ കൊള്ളയടിക്കാൻ മനോഹരമായി എഴുതിവച്ച ഭരണഘടനയാണു രാജ്യത്തുള്ളത്. അതിൽ കുറച്ചു ഗുണങ്ങൾ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ അതിന്റെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണിത്. ബ്രിട്ടിഷുകാരൻ പറഞ്ഞു തയാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതി വച്ചു. ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിരുന്ന ഭരണഘടനയാണ് ഇത്'. മല്ലപ്പള്ളി സിപിഎം ഏരിയ കമ്മിറ്റിയുടെ ഫേസ്‌ബുക് പേജിൽ പ്രസംഗത്തിന്റെ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. പ്രസംഗം വിവാദമായതോടെ ഇതു നീക്കി.
മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ അതിന്റെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണിത്. ബ്രിട്ടിഷുകാരൻ പറഞ്ഞു തയാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതി വച്ചു എന്ന് സജി ചെറിയാൻ പറയുമ്പോൾ അത് അംബേദ്കറിനെ കളിയാക്കലാണ്. അംബേദ്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭരണ ഘടനയെ ബ്രിട്ടീഷുകാർ എഴുതി നൽകിയതായി ചിത്രീകരിക്കുകയാണ് സജി ചെറിയാൻ. അയിത്തവും തൊടുക്കൂടായ്മയും തുടച്ചു നീക്കാനുള്ള വിപ്ലവകരമായ പരിശ്രമം നടത്തിയ അംബേദ്കറെ സിപിഎമ്മും ഇടതുപക്ഷവും വിപ്ലവ നായകനായാണ് എന്നും വിലയിരുത്തുന്നത്. അത്തരത്തിലൊരു ദേശീയ നേതാവിനെയാണ് സജി ചെറിയാൻ കളിയാക്കുന്നത്. ഇത് സിപിഎം പിന്തുടർന്ന് പോന്ന ദേശീയ കാഴ്ചപ്പാടിന് എതിരാണ്. അതിനിടെയാണ് ഗവർണ്ണറുടെ ഇടപെടലുകൾ.
മുഖ്യമന്ത്രി നടപടി സ്വീകരിക്കുന്നില്ലെങ്കിൽ എന്തു വേണമെന്നു തീരുമാനിക്കാമെന്ന നിലപാടിലാണ് ഗവർണർ. ദേശീയതയിൽ അടിയുറച്ച വിശ്വാസമാണു ഭരണഘടന എന്നും ഇക്കാര്യം മുഖ്യമന്ത്രി ശ്രദ്ധിക്കുമെന്നു കരുതുന്നുവെന്നും ഗവർണർ മാധ്യമങ്ങളോടു പ്രതികരിച്ചു. ഭരണഘടനയെ അല്ല ഭരണകൂടത്തെയാണു താൻ വിമർശിച്ചതെന്നു മുഖ്യമന്ത്രിയോടു വ്യക്തിപരമായും പിന്നീടു നിയമസഭയിലും സജി ചെറിയാൻ വിശദീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ പറഞ്ഞ വാക്കുകൾ എങ്ങനെ പരിശോധിച്ചാലും അതിൽ നിറയുന്നത് അംബേദ്കറിനോടും ഭരണ ഘടനയോടുമുള്ള അവഹേളനാണ്. പിന്നോക്ക സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന അംബേദ്കറെ എങ്ങനെ ദേശീയ രാഷ്ട്രീയ ചരിത്രത്തിൽ പോലും ആരും അപമാനിച്ചിട്ടില്ലെന്നതാണ് വസ്തുത.
മന്ത്രിക്കെതിരെ നടപടി ഇല്ലെങ്കിൽ കോടതിയെ സമീപിക്കാനാണു പ്രതിപക്ഷ തീരുമാനം. ഭരണഘടനയെയും ഭരണഘടനാ ശിൽപികളെയും പരസ്യമായി അവഹേളിച്ചു സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി സജി ചെറിയാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സംഘം ഗവർണർക്കു നിവേദനം നൽകി. യുഡിഎഫ്, ബിജെപി നേതാക്കളും പരാതി നൽകി. മന്ത്രിക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഡിജിപിക്കു പരാതി നൽകി. ഇവ മുഖ്യമന്ത്രിക്കു ഗവർണർ അയച്ചു കൊടുത്തു. കോടതി ഇടപെട്ടാൽ പ്രശ്‌നം ഗുരുതരമാകുമെന്ന നിയമോപദേശമാണു സർക്കാരിനു ലഭിച്ചതെന്ന് അറിയുന്നു. അതുകൊണ്ട് തന്നെ സജി ചെറിയാനിൽ നിന്നും രാജി എഴുതി വാങ്ങും.
സിപിഎം സംസ്ഥാന നേതൃത്വം ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല എന്നതു ശ്രദ്ധേയമായി. വിവാദം ആളിപ്പടർന്ന ശേഷം പാർട്ടിയുടെ ഔദ്യോഗികതല ചർച്ചകൾ ഒന്നും നടന്നിട്ടില്ല. ഇന്നു രാവിലെ മന്ത്രി കൂടി പങ്കെടുക്കുന്ന അവെയ്ലബിൾ സെക്രട്ടേറിയറ്റ് ചേരും. വൈകിട്ട് മന്ത്രിസഭാ യോഗവുമുണ്ട്. പാർട്ടിയുടെയും സർക്കാരിന്റെയും തീരുമാനം ഈ യോഗങ്ങളോടെ വ്യക്തമാകും. മന്ത്രിയുടെ വിവാദ പ്രസ്താവനയിൽ സിപിഐ കടുത്ത അതൃപ്തിയിലാണ്. ഭരണഘടനയോടുള്ള ഇടതുപക്ഷത്തിന്റെ നിലപാടിനെത്തന്നെ നിരാകരിക്കുന്ന പ്രസംഗമാണ് മന്ത്രിസഭാംഗം കൂടിയായ നേതാവ് നടത്തിയതെന്ന് പാർട്ടി വിലയിരുത്തി.
അതിവിചിത്രമായ വിശദീകരണമാണ് മന്ത്രി ന്യായീകരണമായി നൽകുന്നത്. എല്ലാ കുറ്റവും തള്ളുന്നു. 'അപ്പർ കുട്ടനാട്, ഓണാട്ടുകര ഭാഷയിൽ ഞാൻ പറഞ്ഞതു തെറ്റിദ്ധാരണ ഉണ്ടാക്കിയതാണ്. ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ല. പിന്നെന്തിനാണു രാജിവയ്‌ക്കേണ്ടത്. മല്ലപ്പള്ളിയിലെ പാർട്ടി യോഗത്തിലാണു പ്രസംഗിച്ചത്. അവിടെ ഒരു മാധ്യമങ്ങളും ഉണ്ടായിരുന്നില്ല. സ്വാഭാവികമായി കാര്യങ്ങൾ സംസാരിക്കേണ്ട വേദി എന്ന നിലയ്ക്കു സംസാരിച്ചിട്ടുണ്ടാകും. ഭരണഘടനയ്‌ക്കെതിരെ പറഞ്ഞിട്ടില്ല എന്നതിൽ ഉറച്ചു നിൽക്കുന്നു. ഗവർണർ ചോദിച്ചാൽ അദ്ദേഹത്തെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറയുന്നു. അതായത് സ്വയം രാജിവയ്ക്കില്ലെന്ന് പറഞ്ഞു വയ്ക്കുകയാണ് സജി ചെറിയാൻ.
എന്നാൽ വിഷയം കോടതിയിൽ എത്തിയാൽ പ്രതിസന്ധിയാകുമെ്ന്ന ഭയം സർക്കാരിനുണ്ട്. അതുകൊണ്ട് തന്നെ സിപിഎം ഇക്കാര്യത്തിൽ എടുക്കുന്ന നിലപാടും നിർണ്ണായകമാകും.
മറുനാടന് മലയാളി ബ്യൂറോ