- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മല്ലപള്ളി പ്രസംഗം ആളിക്കത്തിച്ചതിന് പിന്നിൽ പാർട്ടിക്കുള്ളിലെ ചതി ബുദ്ധി; മാധ്യമങ്ങൾ രണ്ടു രാത്രി അറിയാതെ പോയ സംഭവം പുറംലോകത്തെ അറിയിച്ചത് ആര്? ജില്ലാ സെക്രട്ടറിയും എംഎൽഎമാരും പങ്കെടുത്ത ചടങ്ങിൽ നേതാക്കൾ ഉൾപ്പെടെ സംശനിഴലിൽ; തോമസ് ഐസക്കിന് പകരം ഉദ്ഘാടനകനായെത്തിയത് സജി ചെറിയാന്റെ ശനിദശയായി; ഇനി പാർട്ടി പരിപാടികളുടെ ഫേസ്‌ബുക്ക് ലൈവിനും നിയന്ത്രണവും നിരീക്ഷണവും
തിരുവനന്തപുരം : പത്തനംത്തിട്ട മല്ലപ്പള്ളി വട്ടശ്ശേരിയിൽ പ്ലാസയിൽ നടന്ന പാർട്ടി പരിപാടിയിൽ ഭരണഘടനയെ അതിരൂക്ഷമായി മന്ത്രി സജി ചെറിയാൻ വിമർശിച്ചത് ഞായറാഴ്ച വൈകിട്ട് മൂന്നിന്. ഇക്കാര്യം മാധ്യമങ്ങളിൽ വന്നത് ചൊവ്വാഴ്ച രാവിലെ 11മണിക്ക്. രണ്ടു രാത്രി ആരോരും അറിയാതെ പോയ സംഭവം പുറത്തുവന്നതിൽ അടിമുടി ദുരൂഹതയെന്ന് സിപിഎം വിലയിരുത്തൽ.
പരിപാടിയിലെ ലൈഫ് സിപിഎം മല്ലപ്പള്ളി ഏര്യാകമ്മിറ്റിയുടെ ഫേസബുക്കിലുണ്ടായിരുന്നെങ്കിലും ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ ഇങ്ങനെയൊരു വിവാദ ഭാഗമുണ്ടെന്ന് അതിൽ പങ്കെടുത്തവർ പറഞ്ഞത് അനുസരിച്ച് പരതി നോക്കിയവർക്ക് മാത്രമേ കണ്ടെത്താനാകൂ. ഫേസ്‌ബുക്ക് ലൈവുകൾ അത് കഴിഞ്ഞാൽ അപ്രസക്തമാണ്. അതിനാൽ പരിപാടിയിൽ പങ്കെടുത്തിരുന്ന ആരോ ആണ് സംഭവത്തിന് പിന്നിലെന്ന് മല്ലപ്പള്ളി ഏര്യകമ്മിറ്റിയും ബലമായി സംശയിക്കുന്നു. ഇതോടെ പാർട്ടി ജില്ലാ കമ്മിറ്റി രഹസ്യമായ അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ടയിൽ സിപിഎമ്മിന് ഉള്ളിൽ തമ്മിലടി രൂക്ഷമാണ്. ഔദ്ധ്യോഗിക പക്ഷം സംഘടിപ്പിക്കുന്ന പരിപാടികൾ തക്കം കിട്ടിയാൽ പൊളിക്കാൻ നോക്കി നിൽക്കുന്ന ഒരുവിഭാഗം നേതൃത്വത്തിന് ഒപ്പം തന്നെയുണ്ട്. ജില്ലാ സെക്രട്ടറി ഉദയഭാനുവാണ് മറുപക്ഷത്തിന്റെ ലക്ഷ്യം. ആ വിഭാഗത്തിൽപ്പെട്ടവരെയും പാർട്ടി സംശയിക്കുന്നുണ്ട്. അതേസമയം പ്രസംഗം നടക്കുന്നതിനിടെ വേദിയിലുണ്ടായിരുന്ന രണ്ടു പേർ ഇത് കൈവിട്ടുപോയെന്ന് അടക്കം പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. അതിനാൽ പ്രസംഗം കേട്ട നേതാക്കൾക്ക് സംഭവം വിവാദമാകുന്ന ഭയം വേദിയിൽ വച്ചു തന്നെയുണ്ടയി.
എന്നാൽ ഫേസ്‌ബുക്ക് ലൈവ് പിൻവലിക്കാത്തതാണ് തിരിച്ചടിയായത്. ആ ദൃശ്യങ്ങളാണ് ഏറ്റവും വലിയതെളിവ് പ്രസംഗം വിവാദമായതോടെ മല്ലപ്പള്ളി സിപിഎം ഏരിയ കമ്മിറ്റിയുടെ ഫേസ്‌ബുക് പേജിലുണ്ടായിരുന്ന പ്രസംഗത്തിന്റെ വിഡിയോ നീക്കി. കുറച്ചു കൂടി ജാഗ്രത കാട്ടിയിരുന്നെങ്കിൽ വിവാദം മുന്നിൽ കണ്ട് വീഡിയോ നീക്കമായിരുന്നുവെന്നും പാർട്ടി വിലയിരുത്തുണ്ട്. അതേസമയം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ പ്രാദേശിക പാർട്ടി നേതൃത്വം ജാഗ്രത പുലർത്തണമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. ഇക്കാര്യം പാർട്ടി ചർച്ചചെയ്ത കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകും.
ഇനി മുതൽ പ്രാദേശിക തലത്തിലുള്ള പാർട്ടി പരിപാടികളെല്ലാം ലൈവാക്കി നൽകി വിവാദങ്ങൾ ക്ഷണിച്ചു വരുത്തരുത്തേണ്ടതില്ലെന്നാണ് പാർട്ടി നേതാക്കളുടെ വിലയിരുത്തൽ. ഈ പരിപാടിയുടെ ഉദ്ഘാടകനായി എത്തേണ്ടിയിരുന്നത് സജി ചെറിയാനായിരുന്നില്ലെന്നതാണ് രസകരമായ മറ്റൊരു വസ്തുത. തോമസ് ഐസക്കിനായിരുന്നു ഉദ്്ഘാടകൻ അദ്ദേഹത്തിന്റെ അസൗകര്യം കാരണമാണ് സജി ചെറിയാനെ ജില്ലാ കമ്മിറ്റി വിളിച്ചത്. ഫെയ്‌സ് ബുക്കിൽ ലൈവിട്ടാലും അത് കേൾക്കുന്ന പാർട്ടി നേതാക്കൾക്ക് വിവാദ സാധ്യത തോന്നിയാൽ അത് അപ്പോൾ തന്നെ ഇനി ഫെയ്‌സ് ബുക്കിൽ നിന്നും നീക്കും.
സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഫേസ്‌ബുക്ക് പേജിലൂടെ റിട്ട. ജില്ലാ ലേബർ ഓഫീസറും സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയംഗവുമായ കെ.പി രാധാകൃഷ്ണൻ നടത്തിയിരുന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറ് എപ്പിസോഡ് പൂർത്തിയാക്കിയതിനുള്ള അനുമോദന ചടങ്ങായിരുന്നു അത്. സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയായിരുന്നു സംഘാടകർ. എംഎൽഎമാരായ മാത്യു ടി. തോമസ്, അഡ്വ.പ്രമോദ് നാരായൺ, സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ രാജു ഏബ്രഹാം, എ. പത്മകുമാർ, ആർ. സനൽകുമാർ തുടങ്ങിയവർ വേദിയിലിരിക്കെയാണ് ഭരണഘടനയെ അവഹേളിച്ച് മന്ത്രി പ്രസംഗിച്ചത്.
''മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും.എന്നാൽ ഞാൻ പറയുന്നത്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞതും തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാരൻ എഴുതിവച്ചു.അത് ഈ രാജ്യത്ത് എഴുപത്തഞ്ച് വർഷമായി നടപ്പാക്കുന്നതിന്റെ ഫലമായി, രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ, ഏറ്റവും മനോഹരമായ ഒരു ഭരണഘടന ഇന്ത്യ എഴുതിവച്ചിട്ടുണ്ട്. അതിൽ കുറച്ച് മുക്കും മൂലയിലുമൊക്കെ ഗുണങ്ങളിട്ടിട്ടുണ്ടെന്ന് വേണമെങ്കിൽ പറയാം.
എന്നു വച്ചാൽ... മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം ഒക്കെ അതിന്റെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാൻ പറ്റുന്ന പുസ്തകം. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. 1957ൽ ഇവിടെ അധികാരത്തിൽ വന്ന ആദ്യത്തെ ഗവൺമെന്റ് തീരുമാനിച്ച കാര്യം തൊഴിൽ നിയമം സംരക്ഷിക്കണം, നടപ്പാക്കണം. കൂലി ചോദിക്കാൻ പറ്റില്ലായിരുന്നു. കൂലി ചോദിച്ചാൽ പൊലീസുകാർ നടുവ് ചവിട്ടിയൊടിക്കുമായിരുന്നു. ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് ഇന്ത്യയിൽ. അതുകൊണ്ടാണ് അംബാനിയും അദാനിയും ശതകോടീശ്വരന്മാരും ഇന്ത്യയിൽ വളർന്നുവരുന്നത്.''- ഇതായിരുന്നു സജി ചെയറിയാനെ വീഴ്‌ത്തിയ പ്രസംഗം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്