ആലപ്പുഴ: ആളും ആരവവും ഇല്ലാതെ ഇനി സജി ചെറിയാൻ. മന്ത്രിസ്ഥാനം രാജിവച്ച് സാധാരണക്കാരിൽ സാധാരണക്കാരനായി സജി ചെറിയാൻ ചെങ്ങന്നൂരിൽ. 'സാരമില്ല, ഇതൊക്കെ രാഷ്ട്രീയത്തിന്റെ ഭാഗമല്ലേ' സങ്കടപ്പെട്ടു നിന്ന സഖാക്കളെ നേതാവ് തന്നെ സമാശ്വസിപ്പിച്ചു. മന്ത്രി സ്ഥാനം രാജിവച്ച് വീട്ടിലെത്തിയ സജി ചെറിയാൻ വീണ്ടും സ്‌കൂട്ടറിൽ കയറി. ജീവിതത്തിന്റെ തന്നെ ഭാഗമായ 'കരുണ'യിലേക്ക് സ്‌കൂട്ടർ ഓടിച്ചായിരുന്നു യാത്ര.

വീട്ടിൽ അൽപ സമയമേ ചെലവിട്ടുള്ളൂ. പിന്നെ ലുങ്കിയിൽ, തനി നാടൻ വേഷത്തിൽ, വർഷങ്ങളായി നേതൃത്വം നൽകുന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ നായകനായി മാറി. വീട്ടിൽനിന്ന് അൽപം അകലെയുള്ള കരുണയിൽ പലവിധ ഉത്തരവാദിത്തങ്ങളുണ്ട്. അത് പൂർത്തിയാക്കുകയാണ് ഇനിയുള്ള ലക്ഷ്യം. കരുണയിൽ കിടത്തിച്ചികിത്സയ്ക്കായി 100 കിടക്കകളുള്ള കെട്ടിടം സജ്ജമാകുന്നുണ്ട്. പണിയുടെ കാര്യങ്ങൾ അദ്ദേഹം ഫോണിൽ ചർച്ച ചെയ്തു.

പണികൾ പരിശോധിക്കുന്ന കൂട്ടത്തിൽ, തിരുവനന്തപുരത്തു പറഞ്ഞ കാര്യങ്ങളോടു കൂട്ടിച്ചേർത്ത് അദ്ദേഹം ചിലതു പറഞ്ഞു: 'മുഖ്യമന്ത്രിയെയും സർക്കാരിനെയും തകർക്കുകയാണ് പ്രതിപക്ഷത്തിന്റെ അജൻഡ. അതിന് ബിരിയാണിച്ചെമ്പ് വീണ്ടും കൊണ്ടുവന്നു. നാടുമുഴുവൻ കലാപത്തിനു ശ്രമിച്ചു. അതെല്ലാം പരാജയപ്പെട്ടപ്പോൾ എന്റെ പ്രസംഗം കൊണ്ടുവന്നു. അതിൽ ബലിയാടാകുന്നില്ലെന്നു ഞാൻ തീരുമാനിച്ചു. എന്റെ വാക്കുകൾ പാർട്ടിക്കു പ്രയാസമുണ്ടാക്കിയെങ്കിൽ പാർട്ടിയെ സംരക്ഷിക്കാൻ എനിക്കു ബാധ്യതയുണ്ട്. അതു ഞാൻ നിറവേറ്റി.'-ഇതാണ് സജി ചെറിയാൻ പറയുന്നത്.

കരുണ ചെയർമാൻ കൂടിയായ അദ്ദേഹം ജനറൽ സെക്രട്ടറി എൻ ആർ സോമൻപിള്ള, കൺവീനർ എം കെ ശ്രീകുമാർ എന്നിവരുമായി പാലിയേറ്റീവ് പ്രവർത്തനങ്ങൾ വിലയിരുത്തി. കൊഴുവല്ലൂരിലെ വീട്ടിൽനിന്നാണ് ഇവിടെയെത്തിയത്. തിരുവനന്തപുരത്തു നിന്ന് എംഎൽഎ ബോർഡ് വച്ച കാറിലാണ് സജി ചെറിയാൻ ചെങ്ങന്നൂരിൽ എത്തിയത്. പുനലൂരിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം ഉച്ചകഴിഞ്ഞായിരുന്നു വരവ്. വീടിനു മുന്നിൽ ഏറെ സഖാക്കൾ കാത്തു നിന്നു. മുദ്രാവാക്യം വിളികളോടെ പ്രവർത്തകരുടെ സ്വീകരണം.

സ്വീകരണ സമ്മേളനം നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കി. ഭരണഘടനയെ തള്ളി പറഞ്ഞ നേതാവിനെ സ്വീകരിക്കുന്നതുണ്ടാക്കുന്ന പൊല്ലാപ്പ് മനസ്സിലാക്കിയായിരുന്നു ഇതെല്ലാം. ഭരണഘടനയ്‌ക്കെതിരായ വിവാദ പ്രസംഗത്തെത്തുടർന്ന് മന്ത്രിസ്ഥാനത്തുനിന്നുള്ള സജി ചെറിയാന്റെ രാജി ജനങ്ങൾക്ക് സർക്കാരിലും പാർട്ടിയിലുമുള്ള വിശ്വാസം കൂട്ടിയെന്ന് വിലയിരുത്തൽ സിപിഎമ്മിനുണ്ട്. മന്ത്രിയെന്ന നിലയിൽ നല്ല പ്രവർത്തനമാണ് സജി ചെറിയാൻ നിർവഹിച്ചതെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. അതിനാൽ, ഇപ്പോഴത്തെ വിവാദവും അതിലുള്ള നിയമപ്രശ്‌നങ്ങളും അവസാനിച്ചാൽ അദ്ദേഹത്തിന് മന്ത്രിപദത്തിലേക്കു തിരിച്ചുവരാൻ വഴിയൊരുക്കണമെന്ന അഭിപ്രായമുണ്ട്.

മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാവുന്ന മുതിർന്ന അംഗങ്ങൾ ഈ സഭയിൽ കുറവാണെന്നതും പാർട്ടിക്കുമുമ്പിലുള്ള പ്രശ്‌നമാണ്. ഒന്നാം പിണറായി സർക്കാരിൽ ഇ.പി. ജയരാജൻ രാജിവെച്ചപ്പോഴത്തെ സ്ഥിതിയാണ് സിപിഎമ്മിലുള്ളത്. എന്നാൽ, കഴിഞ്ഞ സർക്കാരിൽ മുഖ്യമന്ത്രിയടക്കം 20 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. പരമാവധി സംഖ്യയായ 21-ലാണ് രണ്ടാം പിണറായി സർക്കാരുള്ളത്. ഇ.പി. ജയരാജൻ രാജിവെച്ചപ്പോൾ എം.എം. മണിയെ മന്ത്രിയാക്കി. പിന്നീട് ബന്ധുനിയമനക്കേസിൽനിന്ന് ജയരാജൻ സ്വതന്ത്രനായതോടെ അദ്ദേഹത്തിന് മന്ത്രിപദം നൽകി.

മണിയെ ഒഴിവാക്കാതെ ജയരാജനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനായത് 21 മന്ത്രിമാർവരെ ആകാമെന്നുള്ളതുകൊണ്ടാണ്. ഇത്തവണ അതിനുകഴിയില്ല. പകരംമന്ത്രി വന്നാൽ സജി ചെറിയാന് തിരിച്ചുവരാനുള്ള സാധ്യത തീരെ ഇല്ലാതാകും. അല്ലെങ്കിൽ ഒരാളെ രാജിവെപ്പിച്ചുമാത്രമേ മന്ത്രിയായി തിരിച്ചുകൊണ്ടുവരാനാകൂ.