തിരുവനന്തപുരം: ഭരണഘടനാ അവഹേളിക്കലിൽ തെറ്റ് പറ്റിയെന്ന് സിപിഎം അവൈലബിൾ സെക്രട്ടറിയേറ്റിൽ മന്ത്രി സജി ചെറിയാന്റെ കുറ്റസമ്മതം. ആവേശത്തിൽ പറഞ്ഞതാണ് വിനയായതെന്ന് മന്ത്രി പാർട്ടിയെ ബോധിപ്പിച്ചുവെന്നാണ് സൂചന. എന്തു ശിക്ഷയും ഏറ്റെടുക്കാൻ തയ്യാറാണെന്നും പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കാൻ തയ്യാറാണെന്നും അറിയിച്ചു. ഫലത്തിൽ സിപിഎം ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനം രാജിവയ്ക്കാമെന്ന് പറഞ്ഞിരിക്കുകയാണ് മന്ത്രി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് യോഗത്തിൽ വിശദീകരിച്ചിട്ടില്ലെന്നാണ് സൂചന.

സിപിഎം കേന്ദ്ര നേതൃത്വം രാജി വേണമെന്ന നിലപാടിലാണ്. എന്നാൽ വിശ്വസ്തനെ കൈവിടാൻ പിണറായി തയ്യാറല്ല. എന്നാൽ രാജിക്ക് വേണ്ടിയുള്ള സമ്മർദ്ദം അതിശക്തമാണ്. ഇത് മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വത്തിന്റെ നിർബന്ധത്തിൽ മന്ത്രി രാജിവച്ചുവെന്ന പ്രചരണം മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് രാജിക്കാര്യത്തിൽ തീരുമാനം വൈകുന്നത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി കോടിയേരിയും വിശദ ചർച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കും.

അവൈലബിൾ സെക്രട്ടറിയേറ്റിൽ പങ്കെടുത്ത പുറത്തെത്തിയ സജി ചെറിയാൻ എന്തിനാണ് രാജി എന്ന ചോദ്യമാണ് ഉയർത്തിയത്. രാജിവയ്ക്കില്ലെന്ന വിലയിരുത്തലും ഇതോടെ സജീവമായി. ഇതും പാർട്ടി നിർദ്ദേശ പ്രകാരമുള്ള പ്രതികരണമായിരുന്നു. സജി ചെറിയാന്റെ പ്രസ്താവനയിൽ സിപിഎം കരുതലോടെ വിശദീകരണം നടത്തും. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങളും നിർണ്ണായകമാണ്. ഇതെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് നിരീക്ഷിക്കുന്നുണ്ട്.

ഭരണഘടനയ്ക്കെതിരായ വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ സിപിഎം നടത്തിയത് നിർണായക നീക്കങ്ങളായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സാഹചര്യങ്ങൾ ചർച്ച ചെയ്തു. അതിന് ശേഷം അഡ്വക്കേറ്റ് ജനറലുമായും ചർച്ച നടത്തി. മന്ത്രി രാജിവച്ചില്ലെങ്കിലും നിയമ പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രിക്ക് കിട്ടിയ നിയമോപദേശം എന്നാണ് സൂചന. കോടതിയിൽ പ്രതിരോധം തീർക്കാമെന്നാണ് അഡ്വക്കേറ്റ് ജനറൽ അറിയിച്ചത്. എന്നാൽ അംബേദ്കറിനെ മോശക്കാരനാക്കിയത് സിപിഎമ്മിനെ വെട്ടിലാക്കുന്നുണ്ട്.

പലതലങ്ങളിലായി ഈ വിഷയത്തിൽ രാജി ഒഴിവാക്കാൻ കഴിയുമോ എന്നതും പരാമർശം ഉന്നയിച്ച് ആരെങ്കിലും കോടതിയിലെത്തിയാൽ അവിടെ നിന്ന് തിരിച്ചടിയോ പരാമർശമോ ഉണ്ടാകുമോ എന്നതും സർക്കാർ ഗൗരവമായി കാണുന്നുണ്ട്. ഇതേക്കുറിച്ചാണ് നിയമോപദേശം തേടിയത്. അതിന് ശേഷമായിരുന്നു എകെജി സെന്ററിൽ അവയ്ലബിൾ സെക്രട്ടറിയേറ്റ് യോഗം. യോഗത്തിലേക്ക് ആദ്യം എത്താതിരുന്ന സജി ചെറിയാനെ പിന്നീട് നേതാക്കൾ വിളിച്ച് വരുത്തിയതായാണ് വിവരം. മന്ത്രിയുടെ പരാമർശത്തിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുള്ളതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ യോഗത്തിൽ മന്ത്രി കുറ്റസമ്മതം നടത്തിയത്.

ബ്രിട്ടീഷുകാർ പറഞ്ഞത് ഇന്ത്യക്കാർ എഴുതിവെച്ചതാണ് ഇന്ത്യൻ ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിതെന്നുമുള്ള വിവാദപരാമർശം ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിലാണ് സാംസ്‌കാരികവകുപ്പ് മന്ത്രി സജിചെറിയാൻ നടത്തിയത്. പ്രസംഗത്തിനെതിരേ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം നിയമസഭയിൽ മന്ത്രി ഖേദപ്രകടനം നടത്തിയിരുന്നു. ഈ പ്രസംഗവും പരാമർശവും റിപ്പോർട്ട് ചെയ്തതോടെ മന്ത്രിക്കെതിരെ പ്രതിപക്ഷവും ഭരണഘടനാവിദഗ്ധരും രംഗത്തെത്തി

സംഭവത്തെ ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രിസഭയുടെ തലവനെന്ന നിലയിൽ മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നുമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചത്. സർക്കാരിന്റെ നടപടി വീക്ഷിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഭരണഘടനയെ തള്ളി പറഞ്ഞ മന്ത്രിക്ക് രാജിവെക്കാതെ മറ്റുവഴികളില്ലെന്ന് നിയമവിദഗദ്ധരും ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് സിപിഎം തിരിക്കിട്ട കൂടിയാലോചനകൾ നടത്തിവരുന്നത്.