തിരുവനന്തപുരം: ഭരണഘടനയേയും ഡോ അംബേദ്കറിനേയും അപമാനിച്ച മുൻ മന്ത്രി സജി ചെറിയാനെതിരെ പാർട്ടി നടപടി എടുക്കുമോ? അശരണർക്ക് വേണ്ടി നിലയുറപ്പിച്ച അംബേദ്കർ എന്നും സിപിഎമ്മിന്റെ വിപ്ലവ നേതാവാണ്. പാർട്ടി നയത്തിന് വിരുദ്ധമായിരുന്നു സജി ചെറിയാന്റെ പ്രസംഗം. അങ്ങനെ പാർട്ടിയെ എല്ലാ അർത്ഥത്തിലും പ്രതിസന്ധിയിലാക്കിയ സജി ചെറിയാൻ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്. അതായത് കേരളത്തിലെ സിപിഎം നയരൂപീകരണ സമിതിയിലെ പ്രധാനി. അംബേദ്കറിനെ 'ഒന്നും അറിയാത്തവൻ' എന്ന് പരോക്ഷമായി വിമർശിച്ച സജി ചെറിയാനെ സെക്രട്ടറിയേറ്റിൽ നിന്നും പുറത്താക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ സജി ചെറിയാനെ സംരക്ഷിക്കാനുള്ള തീരുമാനത്തിലാണ്. അതുകൊണ്ട് തന്നെ എംഎൽഎ സ്ഥാനവും പാർട്ടി പദവിയും സജി ചെറിയാന് നഷ്ടമാകില്ല.

സർക്കാരിനെതിരെ സ്വർണക്കടത്തു വിഷയത്തിലടക്കം സമരം നടത്തുന്ന പ്രതിപക്ഷത്തിനു വീണുകിട്ടിയ അപ്രതീക്ഷിത നേട്ടമായി രാജി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭ സ്തംഭിപ്പിച്ച പ്രതിപക്ഷത്തിന് വരും ദിവസങ്ങളിലും സഭയിൽ വീറോടെ പൊരുതും. പിണറായി വിജയൻ നേതൃത്വം നൽകിയ രണ്ടു സർക്കാരുകളിൽനിന്നുമായി ഇതുവരെ രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് സജി ചെറിയാൻ. എ.കെ.ശശീന്ദ്രൻ, ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, തോമസ് ചാണ്ടി എന്നിവരാണ് മുൻപ് രാജിവച്ച മന്ത്രിമാർ. എ.കെ.ശശീന്ദ്രനും ഇ.പി.ജയരാജനും പിന്നീട് മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്തി. പ്രത്യക്ഷമായി ഭരണഘടനയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചതിന്റെ പേരിൽ ഒരു മന്ത്രി രാജിവയ്ക്കുന്നതും സംസ്ഥാനത്ത് ഇതാദ്യമാണ്. ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡലിലും പ്രത്യക്ഷത്തിൽ ഭരണഘടനയെ തള്ളിപ്പറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് എംഎൽഎ സ്ഥാന രാജിയും സജി ചെറിയാന് മുമ്പിൽ സമ്മർദ്ദമായി എത്തുന്നത്.

എംഎഎ സ്ഥാനം സജി ചെറിയാൻ രാജിവച്ചാൽ ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പു വരും. ഇത് സിപിഎമ്മിന് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ പിണറായിക്കുണ്ട്. ചെ്ങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിൽ ഭാഗ്യപരീക്ഷണത്തിന് പിണറായി തയ്യാറല്ല. ഇത് സജി ചെറിയാന് തുണയായി മാറും. ഇതിനൊപ്പം പാർട്ടി പദവിയും ഭരണഘടനയുമായി ബന്ധമില്ലെന്ന് നിലപാടിലാണ് മുഖ്യമന്ത്രി. അതുകൊണ്ട് പാർട്ടി സെക്രട്ടറിയേറ്റിലും തുടരാം. എകെജി സെന്റർ കേന്ദ്രീകരിച്ച് സജി ചെറിയാന് കൂടുതൽ ഉത്തരവാദിത്തം നൽകാനും സാധ്യത ഏറെയാണ്. അങ്ങനെ ആലപ്പുഴയിൽ സജി ചെറിയാൻ അപ്രസക്തനാകുന്നില്ലെന്ന് പിണറായി ഉറപ്പിക്കും. മന്ത്രിസ്ഥാന രാജിയോടെ എല്ലാ വിവാദവും തീർന്നെന്ന് വിലയിരുത്തിലാണ് മുഖ്യമന്ത്രി.

എന്നാൽ നിയമസഭയിൽ പ്രതിപക്ഷം വിഷയം കത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് ഇക്കാര്യത്തിൽ മറുപടി പറയിക്കാനാകും ശ്രമം. സജി ചെറിയാനെ സംസ്ഥാന നേതൃത്വം സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും കേന്ദ്ര നേതൃത്വം ഇടപെട്ടതോടെയാണ് രണ്ടാം പിണറായി സർക്കാർ ഒരു വർഷം പിന്നിടുന്ന അവസരത്തിൽ മന്ത്രിസഭയിലെ ആദ്യ രാജിയുണ്ടാകുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും നിയമോപദേശങ്ങളും എതിരായതോടെ, മന്ത്രിസഭയിൽ ഭേദപ്പെട്ട പ്രകടനം നടത്തുന്ന ആലപ്പുഴയിലെ ശക്തനായ നേതാവിനെ നേതൃത്വത്തിനും കൈവിടേണ്ടിവന്നു. പുതിയ മന്ത്രിയെക്കുറിച്ചുള്ള ചർച്ചകൾ പാർട്ടിയിൽ ആരംഭിച്ചിട്ടില്ല. എന്നാൽ പല സ്ഥാനമോഹികളും ചരടുവലികളുമായി രംഗത്തുണ്ട്.

മന്ത്രിയുടെ കാര്യത്തിൽ പാർട്ടി സെക്രട്ടേറിയറ്റ് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. പുതിയ മന്ത്രി ഉടനെ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് പാർട്ടി നേതാക്കൾ നൽകുന്ന സൂചന. സജി ചെറിയാന്റെ വകുപ്പുകളായ സാംസ്‌കാരികവും മത്സ്യബന്ധനവും യുവജനകാര്യവും മുഖ്യമന്ത്രി ഏറ്റെടുക്കാനാണ് സാധ്യത. ഇതും സെക്രട്ടറിയേറ്റ് അനുമതിയോടെയാകും. രാജിവച്ചെങ്കിലും തന്റെ പ്രസംഗത്തെ സജി ചെറിയാൻ തള്ളിപ്പറഞ്ഞില്ലെന്നത് ശ്രദ്ധേയം. തന്റെ വാക്കുകളെ വളച്ചൊടിച്ചു എന്നു വ്യക്തമാക്കിയ മന്ത്രി, ഭരണഘടനയോടുള്ള തന്റെയും പാർട്ടിയുടെയും നിലപാടും വിശദീകരിച്ചു. ഈ സാഹചര്യത്തിൽ സജി ചെറിയാനെ കൂടുതൽ നടപടിക്ക് സിപിഎം വിധേയമാക്കണമെന്നാണ് ഉയരുന്ന ആവശ്യം.

എംഎൽഎ സ്ഥാനം സജി ചെറിയാൻ രാജിവച്ചിട്ടില്ല. കേസ് കോടതിയിലെത്തുമ്പോൾ അനുകൂല വിധിയുണ്ടായാൽ മന്ത്രിസ്ഥാനത്തേക്കു തിരികെ വരാനാകുമെന്ന പ്രതീക്ഷയാണ് അടുപ്പമുള്ളവർക്കുള്ളത്. മല്ലപ്പള്ളിയിലെ സിപിഎം പരിപാടി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. പാർട്ടി ഏരിയാ കമ്മിറ്റിയുടെ സമൂഹമാധ്യമത്തിലെ പേജിലാണ് വിഡിയോ വന്നത്. വിഭാഗീയതയുടെ ഭാഗമായിട്ടാണോ ഈ വിഡിയോ പ്രചരിപ്പിച്ചതെന്ന് പാർട്ടി പരിശോധിക്കും. വിഭാഗീയ പ്രശ്‌നങ്ങൾ ഇപ്പോഴും കെട്ടടങ്ങാത്ത ജില്ലയായാണ് ആലപ്പുഴയെ പാർട്ടി നേതൃത്വം കാണുന്നത്. പ്രസംഗത്തിലെ ഏതാനും ഭാഗങ്ങൾ അടർത്തിമാറ്റിയാണ് പ്രചാരണം നടക്കുന്നതെന്ന ആരോപണം സജി ചെറിയാനും ഉന്നയിക്കുന്നു.

രാവിലെ നടന്ന അവെയ്ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ പ്രസംഗത്തിനെതിരെ വിമർശനം ഉയർന്നെങ്കിലും യോഗത്തിനുശേഷം പുറത്തിറങ്ങിയ മന്ത്രി സജി ചെറിയാൻ രാജി ഇല്ലെന്ന സൂചനയാണ് ആത്മവിശ്വാസത്തോടെ നൽകിയത്. എന്നാൽ, മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതോടെ കേന്ദ്ര നേതൃത്വം ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നതെന്ന് വ്യക്തമായി. കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വവുമായി ആശയവിനിമയം നടത്തി. പിന്നാലെ സജി ചെറിയാൻ രാജിവച്ചു.

ഗവർണറും വിഷയത്തിൽ തന്ത്രപരമായ സമീപനമാണ് സ്വീകരിച്ചത്. മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നു പ്രഖ്യാപിച്ച് ഗവർണർ പന്ത് മുഖ്യമന്ത്രിയുടെ കോർട്ടിലേക്കു തട്ടി. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സജി ചെറിയാനെ വിളിച്ച് രാജിവയ്ക്കുകയാണ് ഉചിതമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് അറിയിച്ചു. തുടർന്ന്, മുഖ്യമന്ത്രിയെക്കണ്ട് രാജി സമർപ്പിച്ച സജി ചെറിയാൻ, തൊട്ടുപിന്നാലെ മാധ്യമങ്ങൾക്കു മുന്നിലെത്തി രാജി പ്രഖ്യാപനം നടത്തി.