തിരുവനന്തപുരം: കൊച്ചിയിൽ അതിക്രമത്തിന് ഇരയായ നടിയെ അധിക്ഷേപിച്ചു കൊണ്ടാണ് ഇപ്പോൾ സിനിമാക്കാർ ജനപ്രിയ നായകനെ സംരക്ഷിക്കാൻ രംഗത്തെത്തുന്നത്. ദേശീയ അവാർഡ് ജേതാവ് സലിം കുമാർ പോലും ഈ നിലപാടാണ് സ്വീകരിച്ചത്. ഫേസ്‌ബുക്കിൽ നടിയെ അധിക്ഷേപിക്കുന്ന വിധത്തിൽ പോസ്റ്റിട്ട സലിംകുമാർ കടുത്ത വിമർശനം നേരിട്ടു. ഇതിന് ശേഷം അമ്മ പ്രസിഡന്റ് ഇന്നസെന്റും നടിയെ അധിക്ഷേപിക്കുന്ന വിധത്തിലാണ് സംസാരിച്ചത്. ഏറ്റവും ഒടുവിൽ ഹീനമായ വിധത്തിൽ ഒരു അധിക്ഷേപ വാക്കിനും ഇന്നലെ ഏഷ്യാനെറ്റിന്റെ ചാനൽ ചർച്ചയിൽ നേരിട്ടു.

നിർമ്മാതാവും ഫിലിം ചേമ്പർ പ്രതിനിധിയുമായ സജി നന്ത്യാട്ടാണ് ആക്രമിക്കപ്പെട്ട നടിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്. നടി നേരിട്ടത് കേവലം രണ്ടര മണിക്കൂർ മാത്രം നേരത്തെ പീഡനം, ദിലീപ് നേരിട്ടത് നീണ്ട 4 മാസത്തെ പീഡനമെന്ന് പറഞ്ഞാണ് സജി രംഗത്തെത്തിയത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട് സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ദിലീപിനെയും നാദിർഷായെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച ന്യൂസ് അവറിലാണ് സജി നന്ത്യാട്ടിന്റെ വാക്കുകൾ. അേേതാസമയം സജിയെ പൂർണമായും സംഭാഷണം തുടരാൻ അനുവദിക്കാതെ അധമം എന്ന് അവതാരകൻ വിനു വിശേഷിപ്പിക്കുകയും ചെയ്തു.

നടൻ ദിലീപിന്റെ വക്കാലത്തെടുത്തെന്ന പോലെ അദ്ദേഹത്തെ പിന്തുണച്ചു കൊണ്ടാണ് സജി നന്ത്യാട്ട് സംസാരിച്ചു തുടങ്ങിയത്. ഇങ്ങനെ പിന്തുണക്കുമ്പോൾ തന്നെ നടിയെ കുത്തിനോവിക്കാനും മറന്നില്ല. സൗഹൃദങ്ങൾ തെരഞ്ഞെടുക്കുമ്പോൾ സൂക്ഷിച്ചു വേണമെന്ന ദിലീപിന്റെ ഉപദേശം ഇരയെ കുറിച്ചുള്ള കുറ്റാരോപണമാണ് എന്ന് വിനു പറഞ്ഞപ്പോഴായിരുന്നു സജി നന്ത്യാട്ടിന്റെ ഈ വാക്കുകൾ.

രാത്രി തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തെ നിസ്സാരവൽക്കരിക്കാനാണ് സജി നന്ത്യാട്ട് ശ്രമിച്ചത്. അതു കൊണ്ടാണ് രണ്ട് മണിക്കൂർ മാത്രമാണ് നടി പീഡിപ്പിക്കപ്പെട്ടതെന്ന വിധത്തിൽ അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചത്. ദിലീപ് കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നു എന്നുമാണ് പറഞ്ഞത്. ഇതോട വിനു ഇതിനെ എതിർത്തു കൊണ്ട് രംഗത്തെത്തുകയായിരുന്നു. നിങ്ങൾക്ക് സുബോധമില്ലേ എന്നു ചോദിച്ചു കൊണ്ടാണ് വിനു മറുപടി നൽകിയത്. സജി നന്ത്യാട്ടിനെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാണ്.

അതേസമയം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ദിലീപിനെ ഇന്നലെ വിശദമായി ചോദ്യം ചെയതിരുന്നു. സംവിധായകനും നടനും ദിലീപിന്റെ സുഹൃത്തുമായ നാദിർഷായേയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും പതിമൂന്ന് മണിക്കൂറാണ് പൊലീസ് ചോദ്യം ചെയ്തത്. ദിലീപിനെയും നാദിർഷയേയും വെവ്വേറെ മുറികളിലായിട്ടാണ് ചോദ്യം ചെയ്തത്.