കറുകച്ചാൽ: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന സജി ഓലിക്കര (57) നിര്യാതനായി. ഹൃദ്രോഗ ബാധയെത്തുടർന്ന് തൃശൂർ ചാലക്കുടി ശാന്തി ആശുപത്രിയിൽ ശനിയാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു അന്ത്യം.

ഇളയ മകളുടെ വിവാഹം ക്ഷണിക്കാൻ കോഴിക്കോടുള്ള ബന്ധുക്കളുടെ വീടുകളിലേക്കു പോകുന്നതിനായി കുടുംബാംഗങ്ങളോടൊപ്പം വെള്ളിയാഴ്ച രാവിലെയാണ് ചമ്പക്കരയിലുള്ള വീട്ടിൽനിന്നും പുറപ്പെട്ടത്. പോകും വഴി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട് നടക്കും.

ജില്ലാ പഞ്ചായത്തുകൾ നിലവിൽ വന്ന 1995 മുതൽ രണ്ടര വർഷക്കാലം സജി ഓലിക്കര പ്രസിഡന്റായിരുന്നു. സിപിഐ അംഗമായി കറുകച്ചാൽ ഡിവിഷനിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് ധാരണ പ്രകാരം രണ്ടര വർഷത്തിനുശേഷം സ്ഥാനമൊഴിഞ്ഞു. സിപിഐയിൽ നിന്നും രാജിവച്ച സജി കേരള കോൺഗ്രസ് എം സംസ്ഥാനകമ്മിറ്റിയംഗമായി പ്രവർത്തിക്കുകയായിരുന്നു. പരേതരായ പോത്തൻ ജോണ്. അച്ചാമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ റാണി ആയിരൂർ ചുഴിക്കുളത്തിൽ കുടുംബാംഗം. മക്കൾ വർഷ (ഓസ്‌ട്രേലിയ), മേഘ (ദുബായ്). മരുമകൻ കെവിൻ ( ഓസ്‌ട്രേലിയ).