- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമക്കെതിരെ തിരിഞ്ഞത് യാഥാസ്ഥിതിക മുസ്ലീങ്ങളും സിനിമ ഇഷ്ടപ്പെടാത്തവരും; സഹോദരിയുടേതടക്കം അനുഭവത്തിൽ നിന്നാണ് ബിരിയാണിയുണ്ടായതെന്നും സംവിധായകൻ സജിൻ ബാബു; താൻ ജനിച്ചത് മുസ്ലീമായി; സ്ത്രീ സുന്നത്ത് ഇപ്പോഴുമുണ്ടെന്നും പ്രതികരണം
കൊച്ചി: നിരവധി അന്തർദേശിയ ദേശീയ പുരസ്കാരങ്ങളും സിനിമ മേഖലയിലെ പ്രമുഖരുടെതടക്കം അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയ ബിരിയാണി ഒടിടിയിലും മികച്ച വിജയമാണ് കരസ്ഥമാക്കിയത്.ടെലിഗ്രാം ഗ്രൂപ്പുകളിലുടെ ഉൾപ്പടെ സിനിമകണ്ടവർ തുക സംവിധായകന് അയച്ചുകൊടുത്തത് സജിൻബാബു തന്നെ തന്റെ ഫേസ്ബുക്കിലുടെ പ്രേക്ഷകരോട് പങ്കുവെച്ചിരുന്നു.എന്നാലിപ്പോൾ സിനിമയെ സംബന്ധിച്ച് വളരെയേറെ ഗൗരവമുള്ള വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ സജിൻബാബു.
രാജ്യാന്തര പുരസ്കാരങ്ങൾക്ക് ശേഷം ബിരിയാണിക്ക് ദേശീയ അവാർഡിൽ സ്പെഷ്യൽ മെൻഷൻ ലഭിച്ചപ്പോൾ സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക് ആണെന്നും പ്രചരണമുണ്ടായതായും സജിൻ ബാബു. യാഥാസ്ഥിതിക മുസ്ലിങ്ങളോ സിനിമ ഇഷ്ടപ്പെടാത്ത ചെറുവിഭാഗമോ ആണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. പ്രമുഖമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രതികരണം.
സജിൻ ബാബുവിന്റെ വാക്കുകൾ
ഞാൻ മുസ്ലിം സമുദായത്തിൽ ജനിച്ചയാളാണ്. ഖദീജ നേരിട്ട പലതും സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നെടുത്തവയാണ്. ഞാൻ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് സഹോദരിയുടെ വിവാഹം. അവർക്കന്ന് 16 വയസാണ് പ്രായം. അവരന്ന് പത്താം ക്ലാസിലാണ്. ഒന്നുമറിയാത്ത പ്രായം. എന്നാലാവും വിധം വിവാഹത്തെ എതിർക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ സാധിച്ചില്ല. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനകം അവൾ ആത്മഹത്യശ്രമം നടത്തി. അന്ന് മുതലാണ് മതത്തോടുള്ള എന്റെ കാഴ്ചപ്പാട് മാറിത്തുടങ്ങുന്നത്. മുസ്ലിം സമൂഹം ഇന്ന് നേരിടുന്ന പലതരം വെല്ലുവിളികളെ അവഗണിച്ചുകൊണ്ടല്ല ഞാനിതുപറയുന്നത്. എന്റെ അമ്മയടക്കം നേരിട്ട കാര്യങ്ങൾ അന്ന് മുതൽ എന്റെ മനസിലുണ്ടായിരുന്നു. മതസ്വത്വം വേണ്ടെന്ന തീരുമാനത്തിലാണ് പേരടക്കം മാറിയത്. ഇന്ന് ഒരു മതവിശ്വാസത്തിന്റെയും ഭാഗമല്ല. മതസ്വത്വമില്ലാത്ത മനുഷ്യനായി ജീവിക്കാനാണ് ശ്രമിക്കുന്നത്.
എന്റെ ആദ്യത്തെ രണ്ട് സിനിമകൾ ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ആയിരുന്നു. ഞാൻ ക്രിസ്ത്യനാണെന്ന് പലരും കരുതിയിരുന്നു. എന്റെ പേരായിരുന്നു അതിന് കാരണം. ക്രിസ്ത്യാനിയായ ഒരാൾ മുസ്ലിം സമൂഹത്തെ അധിക്ഷേപിച്ചുവെന്ന് വിശ്വസിക്കുന്നുവരുണ്ട്. ഞാൻ ഹിന്ദുവാണെന്ന് കരുതി മുസ്ലിങ്ങളിൽ ചിലർ അവൻ കാഫിറാണ് എന്ന് പ്രതികരിച്ചത് കണ്ടു.
ഇന്ത്യയിൽ മുസ്ലിം സമൂഹം വലിയ വെല്ലുവിളി നേരിടുമ്പോൾ ഇത്തരമൊരു സിനിമ ആവശ്യമായിരുന്നോ എന്ന് ചോദിച്ചവരുണ്ട്. കേരളത്തിലെ മുസ്ലിങ്ങൾ അത്തരമൊരു പ്രതിസന്ധി നേരിടുന്നില്ല. ബിരിയാണി സംസാരിച്ചത് കേരളീയ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ്. ബിരിയാണിയിലെ ഖദീജ മുസ്ലിം മാത്രമല്ല, അവർ കേരളത്തിൽ നിന്നുള്ള ഒരു സ്ത്രീ കൂടിയാണ്.
സ്ത്രീ സുന്നത്ത് തിരുവനന്തപുരത്ത് എന്റെ ജമാഅത്തിലടക്കം നടക്കുന്നുണ്ട്. ഒസാത്തിമാരാണ് അത് ചെയ്യുന്നത്.ഖദീജ കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ പ്രതിനിധിയല്ല. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ എല്ലാ സ്ത്രീകളുടെയും പ്രതിനിധിയാണ്.
കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നേടിക്കൊടുത്ത ബിരിയാണി മാർച്ച് 26ന് തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. സജിൻ ബാബുവാണ് രചനയും. കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലും ബിരിയാണി പ്രദർശിപ്പിച്ചിരുന്നു. ബിരിയാണികേവ് ഇന്ത്യ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രദർശനത്തിനെത്തിയത്.
സ്ത്രീ സുന്നത്ത് കേരളത്തിൽ നടക്കുന്ന കാര്യമാണെന്നും തിരുവനന്തപുരത്ത് തന്നെ ജമാഅത്തിലടക്കം ഇപ്പോഴും നടക്കുന്നുണ്ടെന്നും സജിൻ ബാബു.