- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ തീ കൊളുത്തി കൊന്നതിന് ജീവപര്യന്തം ശിക്ഷ; ജയിൽ മോചിതനായി ജോലിക്ക് പോകാതെ വീട്ടിലിരുന്ന കണ്ണന് ഭക്ഷണവും മരുന്നും നൽകിയത് അടുത്ത മുറിയിൽ താമസിച്ചിരുന്ന സാജു; മദ്യപാനത്തിനിടയിൽ തർക്കമുണ്ടായതിന്റെ പക വീട്ടാൻ കിടന്നപ്പോൾ തല്ലിക്കൊന്നു; മരിച്ച കാര്യം ചോദിച്ചവരോട് വൈകാതെ അറിയുമെന്ന് മറുപടിയും
തൊടുപുഴ: കണ്ണൻ വർഷങ്ങൾക്കു മുൻപ് ഭാര്യയെ തീ കൊളുത്തി കൊന്ന കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. ശിക്ഷ കഴിഞ്ഞെത്തിയ കണ്ണനെ ബന്ധുക്കൾ സ്വീകരിച്ചിരുന്നില്ല. പിന്നീട് സാജുവുമായി സൗഹൃദത്തിലാവുകയും ചെറുതോട്ടിൻകരയിൽ അടുത്തടുത്ത മുറികളിൽ വാടകയ്ക്കു താമസിക്കുകയും ചെയ്തു. ജോലിക്ക് പോകാതെ മുറയിലിരുന്ന വൃദ്ധന് സാജു ഭക്ഷണവും മരുന്നും വാങ്ങി നൽകി. ഒടുവിൽ കൊടുത്ത കൈയ്ക്ക് തന്നെ അയാൾ കടിച്ചു. പിന്നെ ഭാവഭേദമില്ലാതെ ചായകുടിയും.
തൊടുപുഴ പടി കോടിക്കുളം ചെറുതോട്ടിൻകരയിൽ സുഹൃത്തിനെ തലയിൽ അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി നെറ്റിപ്പിള്ളിൽ കണ്ണൻ 74കാരാനാണ്. പണിക്ക് ഒന്നും പോകാത്ത കണ്ണനു ഭക്ഷണവും മരുന്നും സാമ്പത്തിക സഹായവും നൽകിയിരുന്ന വേലംകുന്നേൽ സാജുവിനെ (48) ചൊവ്വാഴ്ച രാത്രി മൃഗീയമായി കൊലപ്പെടുത്തി വീണ്ടും മനസ്സിലെ ഭീകരത ചർച്ചയാക്കുകയാണ് ഈ 74-കാരൻ. കൊലയ്ക്ക് ശേഷം ഭാവഭേദമില്ലാതെ രാവിലെ പതിവ് ചായകുടിക്കും പ്രതി എത്തി. അടുത്ത മുറിയിൽ ടിവി കണ്ട് ഉറങ്ങിപ്പോയ സമയത്ത് സാജുവിനെ കൂടത്തിന് കൈ ഇടാൻ വച്ചിരുന്ന കാപ്പി വടി ഉപയോഗിച്ച് പ്രതി കണ്ണൻ തലയിലും മുഖത്തും കാലിലും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു
ബുധനാഴ്ച രാവിലെയും പതിവു പോലെ കടയിൽ എത്തി ചായ കുടിച്ചു. കടയുടെ പിന്നിൽ അടുത്തടുത്തുള്ള മുറികളിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതിയും സാജുവും. രാത്രി സാജുവിനെ കൊലപ്പെടുത്തിയ പ്രതി നീട്ടി വളർത്തിയിരുന്ന താടി വർഷങ്ങൾക്കു ശേഷം വെട്ടി ഒരുക്കുകയും ചെയ്തു. അയൽവാസിയായ സ്ത്രീ കാര്യം തിരക്കിയപ്പോൾ 'ഒരു കാര്യം ഉണ്ട്, വൈകാതെ അറിയാം' എന്നായിരുന്നു മറുപടി. പിന്നീടാണ് സാജുവിനെ കൊലപ്പെടുത്തിയ വിവരം നാട്ടുകാർ അറിഞ്ഞത്. ഇതിനിടെ പ്രതി അടുത്തുള്ള റബർ തോട്ടത്തിലേക്ക് മാറിയിരുന്നു.
പാറമടയിൽ പണിക്കാരനായ സാജു എന്നും പുലർച്ചെ അഞ്ചരയോടെ ചായക്കടയിൽ എത്തുമായിരുന്നു. ചായ കുടി കഴിഞ്ഞ് മൂത്ത മകൻ അജിത്തിന് ഒപ്പമാണ് പാറമടയിൽ പണിക്ക് പോയിരുന്നത്. 6 മണി ആയിട്ടും കാണാതെ വന്നതോടെ മകൻ അജിത് കൂട്ടുകാരനെ അച്ഛന്റെ താമസ സ്ഥലത്തേക്കു പറഞ്ഞ് അയച്ചു. അപ്പോഴാണ് സാജു കൊല്ലപ്പെട്ട വിവരം അറിയുന്നത്. ഇതോടെ കാളിയാർ പൊലീസ് സ്ഥലത്തെത്തി. ഇതോടെയാണ് കണ്ണന്റെ ക്രൂരത പുറംലോകം അറിഞ്ഞത്.
ഒരുമിച്ച് മദ്യപിച്ചിരുന്ന ഇരുവരും ഇടയ്ക്കു വഴക്ക് ഉണ്ടാക്കിയിരുന്നെന്നു പൊലീസ് പറഞ്ഞു. ഇതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് സൂചന. ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ വാസത്തിനു ശേഷമാണ് ചെരുതോട്ടിൻകരയിൽ എത്തിയത്. ഇവിടെ അടുത്ത മുറിയിൽ താമസിച്ചിരുന്ന ഇയാൾക്ക് ഭക്ഷണവും മരുന്നും അത്യാവശ്യം പണവും നൽകി സഹായിച്ചിരുന്നത് സാജു ആയിരുന്നു.
സാജുവും കണ്ണനും ഇടയ്ക്കിടയ്ക്ക് മദ്യപിച്ചു വഴക്കിടാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പി കെ.സദൻ, കാളിയാർ എസ്എച്ച്ഒ പങ്കജാക്ഷൻ, എസ്ഐ വി സി.വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി അന്വേഷണം നടത്തി. പാറമട ജോലിക്കാരനാണ് സാജു. ഭാര്യ: പരേതയായ ബിന്ദു. മക്കൾ: അജിത്, അനന്തു.
ചെറുതോട്ടിൻകരയിലുള്ള വെൽഡിങ് വർക്ക്ഷോപ്പ് കെട്ടിടത്തിനു പിന്നിൽ അടുത്തടുത്ത മുറികളിലായിരുന്നു സാജുവും കണ്ണനും താമസിച്ചിരുന്നത്. ഭാര്യ മരിച്ചു പോയ സാജുവിന്റെ ഒരു മകൻ വിവാഹം കഴിച്ച് മാറിതാമസിക്കുകയാണ്. മറ്റൊരു മകൻ ബന്ധുവിനൊപ്പവുമാണ് താമസം. രോഗിയായ കണ്ണൻ ഭക്ഷണവും മരുന്നും വാങ്ങി നൽകിയിരുന്നത് സാജുവായിരുന്നു. എന്നാൽ മദ്യലഹരിയിൽ ഇരുവരും തമ്മിൽ വഴക്കിടാറുണ്ടായിരുന്നു. സംഭവ ദിവസവും സാജു കണ്ണനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നെന്ന് പൊലീസ് പറഞ്ഞു.
മദ്യപാനത്തിനു ശേഷം ടി.വി കണ്ട് ഉറങ്ങിപ്പോയ സാജുവിനെ കണ്ണൻ കാപ്പിവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ് തലയുടെ ഇടതുഭാഗവും കണ്ണും തകർന്നിരുന്നു. ഇടതു കാലും തല്ലിയൊടിച്ചു. ഇന്നലെ രാവിലെ സാജുവിനെ ജോലിക്ക് വിളിക്കാനെത്തിയ മകനും സൃഹൃത്തുമാണ് മൃതദേഹം കാണുന്നത്. ഉടൻ ഇവർ പഞ്ചായത്തംഗത്തെ വിവരമറിയിച്ചു. ഇദ്ദേഹമാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവ സ്ഥലത്ത് പൊലീസ് എത്തിയ വിവരമറിഞ്ഞ് സ്ഥലത്തു നിന്നു മുങ്ങി ഏഴല്ലൂരിനു സമീപം പാറയിൽ ഒളിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു.
സാജുവിന്റെ ശരീരത്തിൽ 15 മുറിവുകൾ ഉണ്ടായിരുന്നു. കൊലയ്ക്കുപയോഗിച്ച കാപ്പിവടിയും സ്ഥലത്തു നിന്ന് കണ്ടെടുത്തു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. സാജുവിന്റെ മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും.
മറുനാടന് മലയാളി ബ്യൂറോ