- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ ദിവസത്തെ റിസപ്ഷനിടെ അരുൺ വഴക്കിട്ട് ഇറങ്ങിപ്പോയി, കാറിൽ കറങ്ങിനടന്നു; 51കാരിയെ വിവാഹം കഴിച്ചത് സമ്പത്തിൽ കണ്ണുവെച്ച് തന്നെ; ശാഖയിൽ നിന്ന് സ്വന്തമാക്കിയത് 10 ലക്ഷം രൂപ; ദിവസങ്ങൾക്ക് മുമ്പ് വിവാഹം രജിസ്റ്റർ ചെയ്യാനുള്ള നടപടികൾക്കായി പഞ്ചായത്ത് ഓഫീസിലുമെത്തി; ശാഖയെ കൊലപ്പെടുത്തിയത് അരുണിന്റെ അപകർഷതാ ബോധം
തിരുവനന്തപുരം: കാരക്കോണത്തുകൊല്ലപ്പെട്ട 51കാരി ശാഖാ കുമാരിയും ഭർത്താവ് അരുണും തമ്മിൽ വിവാഹം കഴിഞ്ഞത് മുതൽ പ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ. രണ്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. രണ്ട് മാസം മുമ്പ് വിവാഹദിവസം നടന്ന റിസപ്ഷനിടെ അരുൺ ഇറങ്ങിപ്പോയെന്നും കാറുമായി കറങ്ങിനടക്കുകയായിരുന്നുവെന്നും സമീപവാസി വെളിപ്പെടുത്തി. വിവാഹം ദിനത്തിൽ തന്നെ ഇയാൾ ഭാര്യയുമായി വഴക്കടിച്ചിരുന്നെന്നാണ് ലഭിക്കുന്ന സൂചന. സമ്പന്നയായ ശാഖ ഏകദേശം പത്ത് ലക്ഷത്തോളം രൂപ അരുണിന് നൽകിയതായും ഇവർ പറഞ്ഞു. ശാഖയുടെ സമ്പത്ത് മോഹിച്ചാണ് ഇയാൾ വിവാഹം കഴിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരം.
അരുണും(26) ശാഖയും(51) പ്രണയത്തിനൊടുവിൽ വിവാഹിതരായെന്നാണ് നാട്ടുകാർക്ക് അറിയാവുന്ന വിവരം. ശാഖ തന്നെയാണ് വിവാഹം നടത്താൻ മുൻകൈയെടുത്തത്. വിവാഹ ക്ഷണക്കത്ത് ഇല്ലായിരുന്നില്ലെങ്കിലും എല്ലാവരെയും നേരിൽക്കണ്ട് ക്ഷണിച്ചിരുന്നു. വിവാഹദിവസം അരുണിന്റെ കൂടെ ആകെ അഞ്ച് പേർ മാത്രമാണുണ്ടായിരുന്നത്. വീട്ടുകാരോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല. മതാചാരപ്രകാരം നടന്ന ചടങ്ങിൽ ബന്ധുക്കളാരും ഇല്ലാതിരുന്നത് നാട്ടുകാരിൽ സംശയമുണർത്തിയിരുന്നു. അരുണിന്റെ സ്വദേശം പത്താംകല്ലാണെന്നും എന്നാൽ മറ്റുവിവരങ്ങളൊന്നും തങ്ങൾക്കറിയില്ലെന്നും നാട്ടുകാർ പറയുന്നു.
വിവാഹത്തിന് ശേഷം ദമ്പതിമാർക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് ഇവരും പറയുന്നത്. മരങ്ങൾ മുറിച്ചുവിറ്റതിലൂടെ ലഭിച്ച 10 ലക്ഷം രൂപ ശാഖ അരുണിന് നൽകിയിരുന്നു. കാറും വാങ്ങിച്ചുനൽകി. ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമങ്ങൾക്കായി പഞ്ചായത്ത് ഓഫീസിലെത്തിയത്. എന്നാൽ ഇതിനിടെ കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് നാട്ടുകാർക്കും വ്യക്തതയില്ല.
വലിയ ഭൂസ്വത്തുള്ള കുടുംബത്തിലെ അംഗമായ ശാഖാകുമാരിയെ രണ്ടുമാസം മുൻപ് മാത്രമാണ് അരുൺ വിവാഹം കഴിച്ചത്. ഏറെക്കാലത്തെ പരിചയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുന്നത്. എന്നാൽ വിവാഹത്തിൽ അരുണിന്റെ ബന്ധുക്കൾ ആരും തന്നെ പങ്കെടുത്തിരുന്നില്ലെന്നും വിവാഹബന്ധം രഹസ്യമായി സൂക്ഷിക്കാൻ അരുൺ ശ്രമിച്ചിരുന്നതായും നാട്ടുകാർ മൊഴി നൽകി.
്
ശാഖാകുമാരിയെ പലതവണ കൊലപ്പെടുത്താൻ അരുണിന്റെ ഭാഗത്തുനിന്നു ശ്രമം ഉണ്ടായതായി ശാഖാകുമാരിയുടെ വീട്ടിലെ ഹോം നഴ്സായ രേഷ്മ വെളിപ്പെടുത്തി. വിവാഹ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതാണ് അരുണിനെ പ്രകോപിപ്പിച്ചതെന്നും രേഷ്മ പറയുന്നു. കൂട്ടുകാരിൽ നിന്നടക്കം അരുണിനു അപമാനമേൽക്കുന്ന സ്ഥിതി വിശേഷമുണ്ടായെന്നും വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനിടെ നിരവധി തവണ ഇവർ വഴക്കിട്ടതായും രേഷ്മ മൊഴി നൽകി.
വിവാഹം രജിസ്റ്റർ ചെയ്യാൻ അരുൺ തയാറാകാതിരുന്നത് ശാഖയെ അലോസരപ്പെടുത്തിയിരുന്നു. ഈ ആവശ്യം നിരവധി തവണ ശാഖാകുമാരി ഉന്നയിച്ചുവെങ്കിലും അരുൺ വഴങ്ങിയില്ലെന്നും രേഷ്മ പറയുന്നു. വിവാഹമോചനത്തിന് അരുൺ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ശാഖാകുമാരി തയാറായിരുന്നില്ല. വൈദ്യുതമീറ്ററിൽ നിന്ന് ശാഖയുടെ കിടപ്പുമുറിയിലേക്കാണ് കണക്ഷൻ എടുത്തിരുന്നത്. ബോധപൂർവം ശാഖയെ പലതവണ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്താൻ അരുൺ ശ്രമിച്ചിരുന്നതായി രേഷ്മ പറയുന്നു.
വിവാഹമോചനത്തിനു വഴങ്ങാതെ വന്നപ്പോഴാണ് ശാഖാകുമാരിയെ കൊല്ലാൻ അരുൺ തീരുമാനിച്ചതെന്നു കാര്യസ്ഥൻ വിജയകുമാറും മൊഴി നൽകിയിരുന്നു. പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നിയിരുന്നതെന്നും വിജയകുമാർ മൊഴി നൽകി. ക്രിസ്മസ് വിളക്കുകൾ തൂക്കാൻ കണക്ഷൻ എടുത്തിരുന്ന വയറിൽനിന്ന് ഷോക്കേറ്റാണ് ശാഖാകുമാരിയുടെ മരണം. ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകൾ കണ്ടെന്ന് പ്രദേശവാസികൾ മൊഴി നൽകിയതാണ് കേസിൽ നിർണായകമായത്.
ഷോക്കേറ്റ് വീണെന്നാണ് അരുൺ ഞങ്ങളോട് പറഞ്ഞിരുന്നത്. എന്നാൽ മൂക്ക് ചതഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിലും തറയിലും ചോരപ്പാടുകൾ കണ്ടെന്നും അയൽവാസികൾ പൊലീസിനു മൊഴി നൽകി. ശാഖയുടെ പേരിലുള്ള നിരവധിയായ സ്വത്തുവകകൾ മോഹിച്ചാണ് അരുൺ ഈ വിവാഹത്തിനു തയാറായതെന്നു ശാഖാകുമാരിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. പരേതനായ അദ്ധ്യാപകന്റെ മകളാണ് ശാഖാകുമാരി. കിടപ്പുരോഗിയായ അമ്മയാണ് ഒപ്പമുണ്ടായിരുന്നത്.
പുലർച്ചെയാണ് ശാഖയെ കാരക്കോണം മെഡിക്കൽ കോളജിൽ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നില്ല. പുലർച്ചെ വീട്ടിൽവച്ച് ഷോക്കേറ്റു എന്നാണ് അരുൺ പറഞ്ഞത്. എന്നാൽ അരുണിന്റെ മറുപടിയിലും പെരുമാറ്റത്തിലും ഡോക്ടർമാർ ചില സംശയം ഉന്നയിച്ചതോടെയാണ് അരുണിനു കുരുക്ക് വീണത്. കസ്റ്റഡിയിലെടുത്തു പൊലീസ് ചോദ്യം ചെയ്തതോടെ ഷോക്കടിപ്പിച്ചു കൊന്നുവെന്ന് അരുൺ പൊലീസിനോട് ഏറ്റുപറയുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ