തിരുവനന്തപുരം: അഭിമുഖങ്ങളിലൂടെ വിവാദമുണ്ടാക്കാൻ കേരളത്തിൽ ഏറ്റവും മിടുക്കൻ കൈരളി ടിവി എം ഡി ജോൺ ബ്രിട്ടാസാണ്. അദ്ദേഹത്തിന്റെ സെലബ്രിറ്റി അഭിമുഖ പരിപാടിയായ ജെ ബി ജംഗ്ഷനിലെ പല അഭിമുഖങ്ങളും ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയുടെ തല്ലും തലോടലും ബ്രിട്ടാസ് ഏറ്റുവാങ്ങിയിട്ടുണ്ട്. കേരളം മുഴുവൻ സൗമ്യ-ജിഷ വധക്കേസുകളെ കുറിച്ച് സംസാരിക്കുന്ന വേളയിൽ ജെബി ജംഗ്ഷനിൽ ബ്രിട്ടാസ് നടത്തിയൊരു അഭിമുഖം ഏറെ വിവാദത്തിന് വഴിവച്ചു. സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ച സഖാവ് കവിതയിലെ അണിയറക്കാരെ ഉൾപ്പെടുത്തി നടത്തിയ അഭിമുഖത്തിൽ ബലാത്സംഗിയെ പ്രണയിക്കുന്ന പെൺകുട്ടിയെ കുറിച്ചുള്ള കവിത പാടി രചയിതാവ് സാം മാത്യു രംഗത്തുവന്നതാണ് ബ്രിട്ടാസിനും വിനയായത്. സാം മാത്യുവിനും ബ്രിട്ടാസിനും സോഷ്യൽ മീഡിയയിൽ പൊങ്കാല പെരുകുകയാണ്.

സഖാവ് എന്ന കവിത ആലപിച്ച ആര്യ ദയാലും കവിത എഴുതിയത് താനാണെന്ന് അവകാശപ്പെടുന്ന പ്രതീക്ഷ ശിവദാസും ചർച്ചയിൽ പങ്കെടുത്തിരുന്നു. യൂ ടൂബിലും പിന്നീട് ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയയിലും വൈറലായി മാറിയ സഖാവ് എന്ന കവിതയുടെ രചയിതാവിനെ ചൊല്ലിയുള്ള തർക്കം എവിടെയുമെത്താതെ നിൽക്കെയാണ് രചയിതാക്കളായി അവകാശവാദമുന്നയിച്ച സാം മാത്യുവിനെയും പ്രതീക്ഷാ ശിവദാസിനെയും ആലപിച്ച് വൈറലാക്കിയ ആര്യാ ദയാലിനെയും ഒരുമിച്ചിരുത്തി ജോൺ ബ്രിട്ടാസ് ജെ.ബി ജംഗ്ഷൻ അവതരിപ്പിച്ചത്.

കവിതയുടെ അവകാശത്തർക്കത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നപ്പോഴാണ് പെണ്ണെഴുത്തിന്റെ സ്വഭാവത്തിൽ താൻ വേറെയും കവിതകൾ രചിച്ചിട്ടുണ്ടെന്ന് സാം മാത്യു പറഞ്ഞത്. പെൺചിന്തകളിലൂടെയുള്ള കവിതയാണ് സഖാവ് എന്നതിനാൽ സാമിനേക്കാൾ പ്രതീക്ഷ എഴുതാനല്ലേ സാദ്ധ്യത എന്ന സംശയം ബ്രിട്ടാസ് ഉന്നയിച്ചപ്പോഴാണ് തന്റെ പുതിയ പെണ്ണെഴുത്ത് സാം പരിചയപ്പെടുത്തിയത്. തുടർന്നാണ് സാം ബലാത്സംഗിയെ പ്രണയിക്കുന്ന പെണ്ണിനെ കുറിച്ചുള്ള കവിത ആലപിച്ചത്. ഇതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചതിനാണ് ബ്രിട്ടാസിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാക്കിയത്.

സാമിന്റെ കവിതയിലെ ഉള്ളടക്കം ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി പീഡകനെ പ്രണയിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നതായിരുന്നു. ഗോവിന്ദച്ചാമിയും അമീറുൽ ഇസ്ലാമിനെയുമൊക്കെ കേരളസമൂഹം ചർച്ച ചെയ്യുന്ന സമയത്തായിരുന്നു ഇത്തരമൊരു കവിത വന്നത്. സാം മാത്യു കവിത പരിചയപ്പെടുത്തുന്നത് ഇങ്ങനെ: ''ബലാത്സംഗം ചെയ്യപ്പെട്ട ഒരു പെൺകുട്ടി, തന്റെ ഉള്ളിലൊരു ബീജം തന്ന ആ പുരുഷനെ ഇഷ്ടപ്പെടുന്നു, പ്രണയിക്കുന്നു. എപ്പോഴും ദേഷ്യമാണല്ലോ തോന്നുന്നത്. സ്‌നേഹം ഒരു പ്രതികാരമാകുന്ന ഘട്ടം. തന്റെ ഉള്ളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അവൾ പറയുന്നതാണ് കവിത''

ഇതൊക്കെ വിചാരിച്ചിട്ട് നീ ബത്സംഗം ചെയ്യാൻ പോയേക്കരുത് കേട്ടോ എന്ന ഉപദേശത്തോടെ ബലാത്സംഗ കവിത ആലപിക്കാൻ സാമിനോട് ബ്രിട്ടാസ് ആവശ്യപ്പെടുന്നു. ഒന്ന് പ്രോത്സാഹിപ്പിക്കണേ എന്ന് പ്രതീക്ഷാ ശിവദാസിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. പടർപ്പ് എന്ന പേരിലാണ് കവിത.

''ഉറ തെറ്റി മാറും കറയേറ്റ പാടും ഇറയേ നിന്റെ മോഹങ്ങൾ

ഇരുളിൽ തന്ന മോഹങ്ങൾ. അകമേ ഉറവയറ്റടയുന്ന നീരൊഴുക്ക് ഇളയായി മലരായ് തളിരിടുമ്പോൾ.

ഇടവിട്ടു വേദനിക്കുന്ന താഴവാരം, ഇളവെയിൽ താണുറങ്ങുന്ന തീരം.

എവിടെയോ എന്നെ ഓർത്തിരിപ്പുണ്ടെന്ന് കരുതി ഞാനിരിക്കുന്നു. മോഹമുറിവുമായിരിക്കുന്നു

'ആരോടും പറഞ്ഞില്ലിതേവരെ.. ആരൊക്കെയിറക്കിവിട്ടിട്ടും..

നീ തന്ന നിലാവിനെ പേറി ഞാൻ.. രാവൊക്കെ തനിച്ചു താണ്ടുന്നു..

കാട്ടുവള്ളിയിലൂടെ ഇഴഞ്ഞെത്തി..

ആർത്തുചുറ്റിവരിഞ്ഞ കാമത്തിലും..

നീ അന്ധമാം പ്രേമസംഗീതമായ്.. അന്തരംഗങ്ങളിൽ ലയിച്ചൂ..'

അമ്മയാകുന്നു മാറും മനസ്സും,നന്മയാകുന്നു

എന്ന് തുടരുന്നു സാം മാത്യുവിന്റെ പുതിയ കവിത.

'അടുത്തവർഷം കോളേജിൽ ചേർന്നാൽ താനും സുഹൃത്തുക്കളും മത്സരവേദികളിൽ സാമിന്റെ ഈ കവിത അവതരിപ്പിച്ചേക്കാം, വളരെയധികം ഇഷ്ടമായി എന്നാണ് പ്രതീക്ഷ ശിവദാസ് കവിതയോട് പ്രതികരിക്കുന്നത്. കയ്യടിയോടെയാണ് ജോൺ ബ്രിട്ടാസ് കവിതയെ വരവേറ്റത്. എന്തായാലും പൈങ്കിളി കവിതയാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയുടെ വിമർശനം ഏറ്റുവാങ്ങിയ സഖാവ് കവിതയിലെ അവകാശത്തർക്കം ഇപ്പോഴും അവിടെ നിലനൽക്കുകയാണ്്. ഇതിനിടെയാണ് സാമിന്റെ പുതിയ പെണ്ണെഴുത്ത് കവിതയും വിവാദത്തിലായത്.