താഴ്ന്ന ജാതിക്കാരോടും കൂലിവേല ചെയ്യുന്നവരോടും ഭക്ഷണം കൊടുക്കുന്നതിൽ പോലും അവഗണന കാണിച്ച ജന്മിയോട് പാത്രം കമഴ്‌ത്തി പ്രതിഷേധിച്ച് അഹങ്കാരി എന്ന അലങ്കാരം സ്വീകരിച്ച സജിനിക്ക് പിന്തുണയുമായി അയർലന്റ് സഖി പ്രവർത്തകർ രംഗത്ത്.

പാവപ്പെട്ട 13 അനാഥ പെൺകുട്ടികളെ വളർത്തുന്ന നമ്മയുടെ ജന്മിയായി മാറിയ തൊടുപുഴ മോലുകാവ്മറ്റം സ്‌നേഹ ഭവനിലെ സജിനിയും ഭർത്താവ് മാഖൂസും ദുരിതങ്ങളുടെ ഭാണ്ഡങ്ങളും പേറി മറ്റുള്ളവരെ പഴിക്കാതെ 13 ജീവനുകളെ സംരക്ഷിച്ച് ലോകത്തിന് മാതൃകയാവുമ്പോൾ അവർക്ക് ഒരു കൈത്താങ്ങാകാനുള്ള ശ്രമത്തിലാണ് അയർലന്റി സഖിയുടെ അണിയറ പ്രവർത്തകർ.

അയർലന്റിലെ സഖി എന്ന സ്ത്രീ സംഘടന പെൺകുട്ടികൾക്ക് ജീവിതം നൽകുന്ന സജിനിക്ക് തണലേകാൻ ഒരുങ്ങുന്നത് വരുന്ന 15 ാം തീയതി ഞായറാഴ്ച സ്‌പൈസ് ബസാർ ടാല വഴിയാണ്. 12 മുതൽ 4 വരെ നടത്തുന്ന കഫേ മോർണിംഗിൽ നിന്നും സ്വരൂപിക്കുന്ന പണം മുഴുവൻ സേനേഹഭവന് കൈമാറാൻ ആണ് സഖി പ്രവർത്തകർ ഉദ്ദേശിക്കുന്നത്.

സുമനസ്സുകളുടെ സഹായം ഒന്നു കൊണ്ട് മാത്രം മുന്നോട്ടുപോകുന്ന സജിനിയുടെ സ്‌നേഹഭവന്റെ പ്രവർത്തനങ്ങൾ മുടക്കം കൂടാതെ നടന്ന് പോകാൻ നിങ്ങൾക്കും പങ്കാളികളാകാം. ഈ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് നമ്മൾ ഓരോരുത്തരും നൽകുന്ന ഒരു ചെറിയ സംഭാവന പോലും ഒരു പക്ഷേ സ്‌നേഹഭവന് ഒരു വലിയ തണലായേക്കാം. നന്മയും സഹാനുഭൂതിയും സ്‌നേഹവും നിറഞ്ഞ അയർലന്റിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും ഈ വരുന്ന ഞായറാഴ്ച സ്‌പൈസ് ബസാർ ടാലയിലേക്ക് ക്ഷണിക്കുന്നതായി ഭാരാവാഹികൾ അറിയിച്ചു.. ഈ വലിയ പ്രവർത്തനത്തിൽ നമുക്കും പങ്കാളിയാവാം.