തിരുവനന്തപുരം: മലയാളത്തിലെ ആദ്യ വനിതാ ചാനലായ സഖി ടിവിയുടെ വാർത്താവിഭാഗം പ്രവർത്തനോദ്ഘാടനം നാളെ നടക്കും. നിർദ്ധനരായ 101 യുവതികൾക്ക് മംഗല്യഭാഗ്യം ഒരുക്കുന്ന 'സഖി മാംഗല്യം 2014' ന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. നാളെ വൈകിട്ട് അഞ്ചിന് മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിലാണ് പരിപാടി.

ചാനൽ സംപ്രേഷണത്തിന്റെ അൻപതാം ദിനാഘോഷം മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും. സഖി മാംഗല്യം 2014 ന്റെ പ്രവർത്തനോദ്ഘാടനം എംഎൽഎ വി ശിവൻകുട്ടി നിർവഹിക്കും. വാർത്താവിഭാഗം പ്രവർത്തനം അജിതബീഗം ഉദ്ഘാടനം ചെയ്യും.

വനിതാമാദ്ധ്യമ പ്രവർത്തകരായ ലീലാമേനോൻ, പ്രേമ മന്മഥൻ, സരസ്വതി നാഗരാജൻ, ആർ പാർവതീ ദേവീ, തുളസി ഭാസ്‌കർ, കെ കെ ഷാഹിന, സരിത വർമ്മ, ഹേമലത, മായാ ശ്രീകുമാർ എന്നിവരെ ചടങ്ങിൽ ആദരിക്കും.

സഖി ടിവി എംഡി ശ്രീരാജ് മേനോൻ, ചെയർമാൻ ഡോ. ആർ ആർ നായർ, ജസ്റ്റിസ് ഡി ശ്രീദേവി, സംവിധായകൻ ശ്യാമപ്രസാദ്, എഴുത്തുകാരൻ മധുനായർ, ചലച്ചിത്രകാരി ബീനാപോൾ, ഡോ. സ്വീറ്റി തുടങ്ങിയവർ പങ്കെടുക്കും.