കൊച്ചിയിൽ സിപിഎമ്മിനെ നിയന്ത്രിക്കുന്നത് റിയൽ എസ്റ്റേറ്റ് മാഫിയ ആണെന്ന് തെളിയിച്ച് സക്കീർ ഹുസൈൻ വീണ്ടും ഏരിയാ സെക്രട്ടറി. വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടവിൽ വെച്ച് ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും സക്കീർ ഹുസൈനെ മാറ്റിനിർത്തിയിരുന്നു.

കഴിഞ്ഞ ദിവസം ചേർന്ന സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റാണ് സക്കീർ ഹുസൈനെ വീണ്ടും ഏരിയാ സെക്രട്ടറി ആക്കിക്കൊണ്ടുള്ള തീരുമാനം എടുത്തത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റി യോഗവും സക്കീർ ഹുസൈൻ ഏരിയ സെക്രട്ടറിയാകുന്നത് ചർച്ച ചെയ്തിരുന്നു. തുടർന്നാണ് തീരുമാനം ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചത്.

കൊച്ചിയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടവിൽവെച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ വി എം സക്കീർ ഹുസൈനെ സിപിഐഎം നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. സക്കീറിനെതിരായ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ എളമരം കരീമിന്റെ ഏകാംഗ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരമാണ് നടപടി. സക്കീർ കുറ്റക്കാരനല്ലെന്നും ചെറിയ ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമാണ് എളമരം കരീമിന്റെ കണ്ടെത്തൽ. പാർട്ടി സംസ്ഥാന നേതൃത്വം അംഗീകരിച്ച റിപ്പോർട്ട് തിങ്കളാഴ്ച ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാകമ്മിറ്റിയിലും അവതരിപ്പിച്ചിരുന്നു.

കളമശേരിയിലെ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് സക്കീർ ഹുസൈനെ ഒന്നാം പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നവംബർ നാലിന് സക്കീർ ഹുസൈനെ ജില്ലാ സെക്രട്ടേറിയറ്റ് ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്തു. ഈ തീരുമാനം അനുസരിച്ചാണ് സംസ്ഥാന സെക്രട്ടേറിയറ്റ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഏകാംഗ കമ്മീഷനെ നിയോഗിക്കുന്നത്.

ഏളമരം കരീമിന്റെ കമ്മീഷൻ സക്കീറിൽ നിന്നും വ്യവസായിയിൽ നിന്നും അഭിപ്രായങ്ങൾ കേട്ടശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. മറ്റൊരു പാർട്ടി കമ്മിറ്റിയിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് പാർട്ടി ഏരിയ സെക്രട്ടറിയെന്ന നിലയിൽ വിഷയത്തിൽ ഇടപെട്ടെന്നും അതേസമയം ജാഗ്രതക്കുറവ് കാട്ടിയില്ലെന്നുമാണ് കമ്മീഷന്റെ കണ്ടെത്തൽ. അതുകൊണ്ടുതന്നെ പാർട്ടിതലത്തിൽ സക്കീറിനെതിരെ നടപടികൾ വേണ്ടെന്നും കമ്മീഷൻ നിർദേശിച്ചിരുന്നു.

മുബൈ അധോലോകത്തിന്റെ മാതൃകയിൽ വിദേശ മലയാളി വ്യവസായി പി എ മുഹമ്മദിന്റെ മകനെ കൊച്ചിയിൽനിന്ന് തട്ടിക്കൊണ്ടുപോയ കേസിന്റെ ഒത്തുതീർപ്പിനായി സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ ഒരു കോടി രൂപ കമ്മീഷൻ പറ്റിയെന്നായിരുന്നു ഏരിയാ സെക്രട്ടറിക്കെതിരെയുണ്ടായ പ്രധാന ആരോപണം.

അൽഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ സിഎംഡി ഡോക്ടർ മുഹമ്മദ് റബീയുള്ളയുമായുള്ള വിഷയത്തിൽ മധ്യസ്ഥത പറഞ്ഞതിന് ഒരു കോടി രൂപ സക്കീർ ഹുസൈന് ലഭിച്ചുവെന്നാണ് ആരോപണം. പാർട്ടി ഏരിയാ സെക്രട്ടറിക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് കളമശ്ശേരിയിൽ പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു. ദുബായിൽ വച്ച് വിഷയം സക്കീർ ഹുസൈന്റെ മധ്യസ്ഥതയിൽ പരിഹരിച്ചുവെന്നാണ് പോസ്റ്ററിൽ ആരോപിച്ചിരുന്നത്.

വിദേശ മലയാളി പിഎ മുഹമ്മദിന്റെ കാക്കനാട് രാജഗിരി കോളേജിൽ പഠിക്കുന്ന മകനെ തൃശ്ശൂരിലെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. ഇന്ത്യയിലും വിദേശത്തുമായി വൻ ബിസിനസ്സ് ശൃംഖലയുള്ള ഫയേദ ട്രാവൽസ് സിഇഒ ആയ മുഹമ്മദ് ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നു. തുടർന്ന് മകനെ പൊള്ളാച്ചിയിൽ വച്ച് ക്വട്ടേഷൻ സംഘത്തിൽ നിന്ന് പൊലീസ് മോചിപ്പിക്കുന്നു. തുടർന്ന് തൃശ്ശൂരിലെ വാടകഗുണ്ടകളായ ജപ്പുവും ഷെഫീകും ഉൾപ്പടെയുള്ള മുന്നംഗ സംഘത്തെ പൊലീസ് കൊച്ചിയിലെത്തിച്ചു. ചോദ്യം ചെയ്യലിൽ അൽഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റ സി.എം.ഡി ഡോക്ടർ മുഹമ്മദ് റബീയുള്ളയുടെ ഒരു കോടി രൂപയുടെ ക്വട്ടേഷനാണിതെന്ന് അവർ വെളിപ്പെടുത്തി. റബിയുള്ളയെ മുഖ്യപ്രതിയാക്കി പൊലീസ് കേസെടുത്തു. ഇതോടെ ഡോ.റബിയുള്ളയ്ക്ക് നാട്ടിൽ വരാൻപറ്റാത്ത സാഹചര്യമായി. ഇതേതുടർന്ന് കുന്നുംകുളത്തെ വക്കീൽ മുഖേന, അഡ്വ എംകെ ദാമോദരൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു.

എന്നാൽ കോടതി ജാമ്യഹർജി തള്ളി. ഇതോടെയാണ് കേസ് ഒഴിവാക്കണമെന്ന് ആവശ്യവുമായി ഡോ. മുഹമ്മദ് റബീയുള്ള രംഗത്തെത്തുന്നത്. പിന്നീട് ഇരു വിഭാഗവും ഇടപ്പള്ളി ലുലു മാളിനടുത്ത വച്ച് നടത്തിയ ചർച്ചയിൽ കേസ് ഒഴിവാക്കാൻ റബീയുള്ള വൻ തുക നൽകാമെന്ന് സമ്മതിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ എറണാകുളം ജില്ലയിലെ ഒരു എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു ഈ മധ്യസ്ഥത. എന്നാൽ ഇൻഫോപാർക്ക് പൊലീസ് കേസിന്റെ തുടർ നടപടികളുമായി നീങ്ങിയതോടെ വിഷയങ്ങൾ അവസാനിച്ചില്ല. റബീയുള്ള പറഞ്ഞുറപ്പിച്ച പണവും നൽകിയില്ല. ഇതോടെയാണ് മൂന്നു മാസങ്ങൾക്ക് മുമ്പ് വിഷയം മുൻ എംഎൽഎ മുഖേന സി.പി.എം ജില്ലാ നേതൃത്വത്തിന് മുന്നിലെത്തുന്നത്. തുടർന്നാണ് കളമശ്ശേരി സി.പി.എം ഏരിയാ സെക്രട്ടറി വിഷയത്തിലിടപെടുന്നതെന്നാണ് ആരോപണം. പിന്നീട് വീണ്ടും എംകെ ദാമോദരൻ വഴി ജാമ്യത്തിനായി സമീക്കുന്നു.

ആദ്യത്തെ തവണ മുൻകൂർ ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട പൊലീസ്, രണ്ടാം തവണ മൃദുസമീപനം സ്വീകരിച്ചതോടെ ഡോ.റബീയുള്ളയ്ക്ക ജാമ്യം ലഭിച്ചു. പുതിയ സർക്കാർ വന്നതോടെയാണ് ഇതിനായി സി.പി.എം നേതൃത്വം ഇടപെട്ട് ഇൻഫോപാർക്ക് സിഐയിൽ നിന്ന് തൃപ്പൂണിത്തുറ സിഐയിലേക്ക് കേസ് മാറ്റിയതന്നും ആരോപണമുണ്ട്. ഇരു വ്യവസായികളും മലപ്പുറം സ്വദേശികളാണ്.

ഈ സംഭവത്തെ തുടർന്നാണ് സക്കീർ ഹുസൈനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി നിർത്തിയിരുന്നത്. സംഭവത്തെകുറിച്ച് അന്വേഷിക്കാൻ എളമരം കരീമിനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സക്കീർ ഹുസൈനെ വെള്ളപൂശി ഏരിയ സെക്രട്ടറിയായി വീണ്ടും അവരോധിച്ചിരിക്കുന്നത്.