തിരുവനന്തപുരം: പേരും ലിംഗവും മാത്രം രേഖപ്പെടുത്തി സാക്ഷരത മിഷൻ വിതരണം ചെയ്തത് ഏഴാംതരത്തിന്റെ വ്യാജ തുല്യത സർട്ടിഫിക്കറ്റുകൾ ആണെന്നതിന് തെളിവുകൾ പുറത്ത്. പരീക്ഷ എഴുതണമെങ്കിൽ പഠിതാവിന്റെ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. പരീക്ഷ എഴുതിയവരുടെ വിവരങ്ങൾ സാക്ഷരതാ മിഷന്റെ പക്കലുണ്ടായിരുന്നിട്ടും ചില സർട്ടിഫിക്കറ്റുകളിൽ വിദ്യാർത്ഥിയുടെ വിവരങ്ങൾ രേഖപ്പെടുത്താത്തതാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. ഫോട്ടോ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തി പഠിതാവ് സമർപ്പിക്കുന്ന രജിസ്ട്രേഷൻ ഫോറം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് സാക്ഷരത മിഷൻ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നത് എന്നിരിക്കെയാണ് പേരും ലിംഗവും മാത്രം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.

സാക്ഷരത മിഷനും തിരുവനന്തപുരം നഗരസഭയും ചേർന്ന് നടപ്പിലാക്കുന്ന 'അക്ഷര ശ്രീ' പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ഏഴാംതരം തുല്യത സർട്ടിഫിക്കറ്റുകൾ വ്യാജന്മാർ കൈക്കലാക്കിയത് നേരത്തെ വിവാദമായിരുന്നു. പഠിതാവിന്റെ വിവരങ്ങൾ രേഖപ്പെടുത്തേണ്ട സ്ഥാനങ്ങളിൽ രേഖകൾ ഹാജരാക്കിയിട്ടില്ലെന്ന് സാക്ഷരത മിഷൻ ജീവനക്കാരൻ തന്നെ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളിൽ സെക്രട്ടറി, ബോർഡ് ഓഫ് എക്വിവലെൻസി എക്സാമിനേഷൻ കേരള എന്ന പദവി കൂടി വഹിക്കുന്ന സാക്ഷരത മിഷൻ ഡയറക്ടർ ഒപ്പ് വച്ച് സാക്ഷരത മിഷന്റെ സീൽ പതിച്ചു നൽകിയത് ഗുരുതര കൃത്യവിലോപമായാണ് കണക്കാക്കുന്നത്.

സാക്ഷരതാ മിഷൻ നടത്തുന്ന ഏതെങ്കിലും തുല്യതാകോഴ്‌സിൽ ചേർന്ന് ഒരാൾക്ക് പഠിക്കണമെങ്കിൽ രജിസ്‌ട്രേഷൻ ഫോമിൽ ഫോട്ടോ പതിപ്പിച്ചു, മേൽവിലാസം, ജനനതീയതി തുടങ്ങിയ വിവരങ്ങൾ പഠിതാവ് നൽകണം. ഇങ്ങനെ നൽകുന്ന വിവരങ്ങൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി ബോധ്യമാകുന്ന പക്ഷം പഠിതാവിന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. ഈ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ പരീക്ഷ എഴുതാൻ കഴിയൂ. എന്നാൽ അക്ഷരശ്രീ പദ്ധതിയിൽ സാക്ഷരത മിഷൻ നൽകിയ ഏഴാംതരം സർട്ടിഫിക്കറ്റുകളിൽ ജീവനക്കാരൻ പഠിതാവിന്റെ വിവരങ്ങൾ ചേർക്കേണ്ട ഭാഗങ്ങളിൽ 'ഒരു വിവരവും നൽകിയിട്ടില്ല, രേഖ ഹാജരാക്കിയിട്ടില്ല' എന്നൊക്കെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മേൽവിലാസം അടക്കം എഴുതേണ്ട ഭാഗങ്ങൾ ഒന്നും തന്നെ പൂരിപ്പിക്കാതെ നിരവധി സർട്ടിഫിക്കറ്റുകൾ ഇതിനകം വിതരണം ചെയ്തുകഴിഞ്ഞു. രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പഠിതാവിനെ കുറിച്ചുള്ള രേഖകളൊക്കെ നൽകണമെന്നിരിക്കെ സർട്ടിഫിക്കറ്റിൽ രേഖകൾ ലഭ്യമല്ലെന്ന് രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ രജിസ്റ്റർ ചെയ്യിച്ചോ ക്ലാസ് നൽകിയോ പരീക്ഷ നടത്തിയോ അല്ല ഇത്തരം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിരിക്കുന്നതെന്ന് വ്യക്തം.

സർട്ടിഫിക്കറ്റുകളിൽ സ്വീകർത്താവിന് സ്വയം വിവരങ്ങൾ രേഖപ്പെടുത്തനുള്ള സൗകര്യം ഒരുക്കുന്നതിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത് വ്യാജന്മാർക്കാണെന്നാണ് ജീവനക്കാർ അടക്കം ആക്ഷേപിക്കുന്നത്. ഗുണഭോക്താക്കളുടെ എണ്ണം പെരുപ്പിച്ചു കാട്ടി കുറുക്കുവഴിയിലൂടെ നഗരസഭയുടെ ഫണ്ട് തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ആക്ഷേപം ഉണ്ട്.



ഏഴാം തരം സർട്ടിഫിക്കറ്റ് ലഭിച്ചാൽ എന്താണ് പ്രയോജനം?

കേരള സർക്കാരിന്റെ സർട്ടിഫിക്കറ്റ് ആയതിനാൽ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. കൂടാതെ ഏഴാം ക്ലാസ് യോഗ്യത മാനദണ്ഡം ആക്കിയിട്ടുള്ള പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കാം. പുതിയ തൊഴിൽ സംരംഭം തുടങ്ങാൻ ബാങ്കുകളിൽ നിന്നും വായ്പയും കിട്ടും. കൂടാതെ സാക്ഷരത മിഷൻ നടത്തുന്ന പത്താംതരം തുല്യത കോഴ്‌സിൽ ചേർന്ന് പഠിക്കുകയും ചെയ്യാം. അതായത് ദുരുപയോഗം ചെയ്യാൻ കഴിയുന്ന ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അക്ഷരാഭ്യാസമില്ലാത്ത മറ്റൊരാൾക്കും എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യാം, പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കാം, പുതിയ തൊഴിൽ സംരഭം തുടങ്ങാൻ വായ്പയും എടുക്കാം, കൂടാതെ സാക്ഷരത മിഷൻ നടത്തുന്ന പത്താംതരം തുല്യത കോഴ്‌സിൽ ചേർന്ന് പഠിക്കുകയും ചെയ്യാം.

തിരുവനന്തപുരം നഗരസഭയിലെ നൂറ് വാർഡുകളിൽ സാക്ഷരത മുതൽ ഹയർ സെക്കന്ററി തലം വരെ സൗജന്യമായി വിദ്യാഭ്യാസം നൽകുന്നതിനായി 2017 സെപ്റ്റംബർ മാസത്തിൽ 4.15 കോടി ചെലവിൽ തുടക്കം കുറിച്ച പദ്ധതിയാണ് 'അക്ഷര ശ്രീ'. ഇതിന്റെ ഭാഗമായി നിരക്ഷരരെ കണ്ടെത്താൻ നടത്തിയ സർവ്വേ തട്ടിപ്പായിരുന്നുവെന്ന ആക്ഷേപവും നേരത്തെ ഉയർന്നിരുന്നു. നഗരത്തിൽ 11,700 നിരക്ഷരർ ഉണ്ടെന്ന കണ്ടെത്തൽ പെരുപ്പിച്ചു കാട്ടിയുള്ള കണക്കുകൾ ആണെന്ന ആരോപണവും ഉണ്ടായിരുന്നു. നിരക്ഷരരുടെ സർവ്വേ കണക്കിൽ നിരവധി അഭ്യസ്ത വിദ്യർ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു ആക്ഷേപം. പല വാർഡുകളിലും സർവ്വേ നടത്താൻ ആരും എത്താതിരുന്നതും പ്രതിഷേധം ശക്തമാക്കിയിരുന്നു.

ഇത്രയും നിരക്ഷരരെ കണ്ടെത്തിയിട്ടും ഇതുവരെ അക്ഷരശ്രീ പദ്ധതി പ്രകാരം ചുരുക്കം പേർക്കു മാത്രമേ സാക്ഷരത ക്ലാസ്സ് സംഘടിപ്പിക്കാൻ കഴിഞ്ഞുവെന്നുള്ളത് അന്നത്തെ ആക്ഷേപത്തെ ശരിവെക്കുന്നതാണ്. അക്ഷരശ്രീ പദ്ധതിയിൽ സാക്ഷരത മിഷൻ വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത് പുറത്തുകൊണ്ടുവന്ന ജീവനക്കാരനെ നേരത്തെ സസ്പെൻസ് ചെയ്തിരുന്നു. സർട്ടിഫിക്കറ്റ് വിതരണ ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ടു ഇദ്ദേഹം ഗവർണർക്കു പരാതി നൽകി.