റിയോയിൽനിന്ന് മടങ്ങിയെത്തിയതുമുതൽ സ്വീകരണങ്ങൾക്ക് നടുവിലാണ് ഗുസ്തിയിൽ വെങ്കലമെഡൽ നേടിയ സാക്ഷി മാലിക്. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം നൽകി രാജ്യം സാക്ഷിയുടെ നേട്ടത്തെ ആദരിക്കുകയും ചെയ്തു.

ഗോദയിൽ ചീറ്റപ്പുലിയെപ്പോലെ പോരാടുന്ന സാക്ഷിയെ നേരിൽക്കണ്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയേണ്ടിയിരുന്നത് തന്നെ സാക്ഷി ഇടിക്കുമോ എന്നായിരുന്നു. എന്നാൽ, താനൊരു പാവം ഗുസ്തിക്കാരിയാണെന്നും ഗോദയിൽനിന്നിറങ്ങിയാൽ വെറുമൊരു പാവം പെണ്ണാണെന്നും സാക്ഷി മോദിയോട് പറഞ്ഞു.

ഒളിമ്പിക് വേദിയിൽനിന്ന് ഓഗസ്റ്റ് 24-ന് മടങ്ങിയെത്തിയതുമുതൽ സാക്ഷിക്ക് തിരക്കോട് തിരക്കാണ്. ഞായറാഴ്ച ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ഹൈദരാബാദ് ബാഡ്മിന്റൺ അസോസിയേഷൻ സമ്മാനിച്ച ബിഎംഡബ്ല്യു കാർ സച്ചിൻ തെണ്ടുൽക്കറിൽനിന്ന് സ്വീകരിച്ച സാക്ഷി, പിന്നീട് ന്യൂഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടു. ഇന്ന് രാഷ്ട്രപതിയിൽനിന്ന് ഖേൽരത്‌ന പുരസ്‌കാരം സാക്ഷി ഏറ്റുവാങ്ങും.

സിന്ധുവും സാക്ഷിയും നേടിയത് സ്വർണമെന്ന് കായികമന്ത്രി

കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിന്റെ നാക്ക് വീണ്ടും അബദ്ധപഞ്ചാംഗമായി. റിയോയിൽ പി.വി സിന്ധുവും സാക്ഷി മാലിക്കും നേടിയത് സ്വർണമെഡലാണെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഗോയൽ ഇങ്ങനെ പറഞ്ഞത്.

ഖേൽരത്‌ന അവാർഡ് ജേതാക്കളും ദ്രോണാചാര്യ അവാർഡ് ജേതാക്കളും ധ്യാൻചന്ദ് അവാർഡ് ജേതാക്കളും പ്രധാനമന്ത്രിയെ സന്ദർശിച്ചു. ഇവർക്കൊപ്പം റിയോയിൽ സ്വർണമെഡൽ നേടിയ സിന്ധുവും സാക്ഷിയുമുണ്ടായിരുന്നു എന്നായിരുന്നു ഗോയലിന്റെ പ്രസ്താവന.