ന്യൂഡൽഹി: താനാണ് ശരിയായ മുസ്ലിെമന്നും പ്രവാചകൻ മുഹമ്മദാണ് ഏറ്റവും വലിയ യോഗിയെന്നും ബിജെപി എംപി സാക്ഷി മഹാരാജ്. വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ നിറഞ്ഞ ഉന്നാവോ എംപി ഇക്കുറി പ്രവാചകൻ മുഹമ്മദിന്റെ പേരിലാണ് വാർത്തകളിൽ നിറയുന്നത്. സൂര്യനെ സാമുദായികമായി കാണുന്നവർ സൂര്യപ്രകാശം സ്വീകരിക്കുന്നത് നിർത്തണമെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

ജൂൺ 21ന് രാജ്യാന്തര യോഗാ ദിനം ആഘോഷിക്കാനിരിക്കെയാണ് ബിജെപി എംപിയുടെ വിവാദ പ്രതികരണം. താനാണ് ശരിയായ മുസ്ലീമെന്നും പ്രവാചകൻ മുഹമ്മദ് ഏറ്റവും വലിയ യോഗിയാണെന്നുമായിരുന്നു വിവാദ പ്രസ്താവന.

മുഹമ്മദ് നബി എന്നതാണ് ഇസ്ലാമിലെ വലിയ പേരെന്നും അദ്ദേഹം ഒരു വലിയ യോഗിയാണെന്ന് ഞാൻ കരുതുന്നുവെന്നുമാണ് സാക്ഷി പറഞ്ഞത്. വിശ്വാസം ഉള്ളവരാണ് മുസൽമാൻ. ഞാൻ ശരിയായ മുസ്ലീമാണെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

സൂര്യനില്ലെങ്കിൽ താനും മറ്റുള്ളവരും ഈ ലോകം മുഴുവനും ഇരുട്ടിലാകും. അതിനാൽ സൂര്യനെ സാമുദായികമായി കാണുന്നവർ സൂര്യപ്രകാശം സ്വീകരിക്കുന്നത് നിർത്തണമെന്നും സാക്ഷി മഹാരാജ് പറഞ്ഞു. സൂര്യനമസ്‌കാരം നടത്തി യോഗ ദിനം ആചരിക്കുന്ന കാര്യത്തിൽ രാജ്യത്ത് വിവിധ കോണിൽ നിന്ന് എതിർപ്പുകൾ ഉയർന്നിരുന്നു.

സൂര്യനമസ്‌കാരമടക്കമുള്ള യോഗാഭ്യാസങ്ങൾ യോഗദിനത്തിൽ നിർബന്ധമായി ചെയ്യണമെന്ന സർക്കാർ നിർദ്ദേശത്തിനെതിരെ മുസ്ലിം വ്യക്തിനിയമ ബോർഡ് രംഗത്തുവന്നിരുന്നു. സർക്കാർ നിർദ്ദേശത്തിനെതിരെ ബോർഡ് സുപ്രീം കോടതിയെ സമീപിക്കാനും തീരുമാനിച്ചു. ഇതിനു പിന്നാലെയാണ് സാക്ഷി മഹാരാജിന്റെ പ്രതികരണം.