ലക്‌നൗ: വിവാദ പ്രസ്താവനയുമായി ബിജെപി എംപി സാക്ഷി മഹാരാജ് വീണ്ടും. ഇക്കുറിയും രാഹുൽ ഗാന്ധിക്കെതിരായാണ് സാക്ഷി മഹാരാജ് രംഗത്തെത്തിയിരിക്കുന്നത്.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഭ്രാന്തനാണെന്നാണ് ഉന്നാവോ എംപിയുടെ വാദം. കർഷകരുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി രാഹുൽ പ്രക്ഷോഭത്തിനൊരുങ്ങവെയാണ് ബിജെപി എംപിയുടെ പരിഹാസം ഉയർന്നത്.

രാഷ്ട്രീയത്തിന്റെ എബിസിഡി അറിയാത്ത ആളാണ് രാഹുൽ. ഗോതമ്പും ചോളവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്ത വ്യക്തിയാണ് കർഷകർക്കുവേണ്ടി വാദിക്കുന്നതെന്നും സാക്ഷി മഹാരാജ് പറഞ്ഞു. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കാനും സാക്ഷി മറന്നില്ല.

ഭൂകമ്പമുണ്ടായ നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ച വിഷയം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയെ പ്രശംസിച്ചത്. ശ്രീകൃഷ്ണൻ ദ്രൗപതിയെ രക്ഷിച്ചതുപോലെയാണ് നേപ്പാളിലെ ഇന്ത്യക്കാരെ മോദി രക്ഷിച്ചതെന്നായിരുന്നു എംപിയുടെ പരാമർശം. ഉത്തർപ്രദേശിലെ അംറോളി രത്തൻപുർ ഗ്രാമത്തിൽ നടന്ന യോഗത്തിലാണ് സാക്ഷിയുടെ വിവാദ പരാമർശങ്ങൾ. മഹാരാജ് വീണ്ടും വിവാദത്തിന് തിരികൊളുത്തിയത്.

മുമ്പും വിവാദ പ്രസ്താവനകളുമായി വാർത്തയിൽ നിറഞ്ഞ വ്യക്തിയാണ് സാക്ഷി മഹാരാജ്. നിരവധി പേരുടെ മരണത്തിനിടയാക്കിയ നേപ്പാളിലെ പ്രകൃതിദുരന്തത്തിനു കാരണം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കേദാർനാഥ് സന്ദർശനമാണെന്ന് നേരത്തെ ബിജെപി എംപി പറഞ്ഞിരുന്നു. രാഹുൽ ബീഫ് കഴിക്കുന്ന വ്യക്തിയാണ്. ദേഹശുദ്ധി വരുത്താതെയാണ് വിശുദ്ധിയുള്ള സ്ഥലം രാഹുൽ സന്ദർശിച്ചത്. അതിനാലാണ് ഭൂകമ്പം ഒഴിവാക്കാൻ കഴിയാത്തത് എന്നായിരുന്നു ഹരിദ്വാറിൽ സാക്ഷി മഹാരാജ് നടത്തിയ പ്രസ്താവന.

മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സേയെ ദേശീയവാദിയായി വിശേഷിപ്പിച്ച് നേരത്തെ സാക്ഷി മഹാരാജ് രംഗത്തെത്തിയിരുന്നു. മദ്രസകളിൽ ഖുർ ആൻ പഠിപ്പക്കുന്നതുപോലെ സ്‌കൂളുകളിൽ ഭഗവദ് ഗീത പഠിപ്പിക്കണമെന്നും ഹിന്ദു സ്ത്രീകൾ നാല് കുഞ്ഞുങ്ങൾക്ക് വീതം ജന്മം നൽകണമെന്നുമുള്ള പരാമർശങ്ങളും വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. വോട്ടവകാശം കുടുംബാസൂത്രണം നടത്തുന്നവർക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നും മുസ്ലീങ്ങളെ വന്ധ്യംകരിക്കണമെന്നും സാക്ഷി മഹാരാജ് മുമ്പ് പ്രസ്താവനയിറക്കിയിരുന്നു.

ഇത്തരം വിവാദ പ്രസ്താവനകൾ പുറത്തുവരുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുന്നത് ബിജെപിയുടെ സ്വഭാവമാണ് വെളിവാക്കുന്നതെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു.