പട്‌ന: ബിജെപി സർക്കാർ അധികാരമേറ്റത് മുതൽ തലവേദന തീർക്കുന്ന നേതാവാണ് സാക്ഷി മഹാരാജ്. വിഷം തുപ്പുന്ന പ്രസ്താവനകളുമായി വാർത്തകളിൽ നിറഞ്ഞു നിന്നു സാക്ഷി മഹാരാജ്. ബീഫ് വിവാദത്തിന്റെ പേരിൽ നിരന്തരമായി അദ്ദേഹം വിവാദത്തിൽ ചാടുകയും ചെയ്തിരുന്നു. ഒടുവിൽ ഗതികെട്ടാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ സാക്ഷി മഹാരാജിനെ വിളിച്ചുവരുത്തി ശാസിച്ചത്. എന്നാൽ, ഈ ശാസന ഒന്നും തന്നെ ബാധിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, ബിജെപിക്ക് വീണ്ടും തലവേദന ഉണ്ടാക്കുന്ന നേതാവുമായി വാർത്തകളിൽ നിറഞ്ഞു സാക്ഷി മഹാരാജ്. വിദ്വേഷ പരാമർശങ്ങളിൽ അമിതിഷായുടെ ശാസന കിട്ടിയതിന് പിന്നാലെ ബീഹാറിൽ ബിജെപി തോൽക്കുമെന്നാണ് സാക്ഷി മഹാരാജ് എം പി പറഞ്ഞിരിക്കുന്നത്. സംഭവം വിവാദമായതോടെ തിരുത്തുമായും അദ്ദേഹം രംഗത്തെത്തി.

ബീഹാറിൽ ബിജെപി തോൽക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. അങ്ങനെ സംഭിവിക്കുകയാണെങ്കിൽ അത് മോദിയുടേയോ അമിത്ഷായുടേയോ തോൽവിയല്ല. ബീഹാറിന് ബാധിച്ച അർബുദം അവിടത്തെ ജനങ്ങൾ മനസ്സിലാക്കി പെട്ടന്ന് ചികിത്സിക്കണമെന്നും ബീഹാറിൽ ബിജെപി തോറ്റാൽ അത് ബീഹാർ ജനതയുടെ തോൽവിയായിരിക്കുമെന്നും സാക്ഷി മഹാരാജ് പറഞ്ഞു. ജാതി രാഷ്ട്രീയമുള്ള ബീഹാറിലും ഉത്തർപ്രദേശിലും വിജയിക്കുക ബിജെപിക്ക് പ്രയാസമാണെന്നും അദ്ദേഹം ഇക്കണോമിക്‌സ് ടൈംസിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞു.

ദാദ്രി സംഭവത്തിലും ബീഫ് പരാമർശത്തിലും അമിത് ഷാ തന്നെ താക്കീത് ചെയ്ത കാര്യവും സാക്ഷി മഹാരാജ് സമ്മതിച്ചു. 'എന്നെ സംബന്ധിച്ച് പാർട്ടി അധ്യക്ഷൻ ഒരു അച്ഛനെ പോലെയാണെന്നും മകന് മാർഗനിർദ്ദേശം നൽകുന്നത് പോലെ മാത്രമാണത്. എന്നാൽ ഞങ്ങൾ സ്വന്തമായി അവകാശങ്ങളുള്ള നേതാക്കളാണ്. മിണ്ടാതിരിക്കാനും ശാസിക്കാനും ഞങ്ങൾ കുട്ടികളല്ല.' സാക്ഷി മഹാരാജ് പറഞ്ഞു.

അതേസമയം, പ്രസ്താവന വിവാദമായതോടെ തിരുത്തുമായി സാക്ഷി മഹാരാജ് രംഗത്തെത്തി. തന്റെ വാക്കുകൾ മാദ്ധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നെന്നും ബീഹാറിൽ മോദി, അമിത്ഷാ മാജിക് ശക്തമാണെന്നും ബിജെപി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ വികസന നയങ്ങൾക്കായി ബിഹാറിലെ ജനങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.