കൊച്ചി: ജിഷ്ണു കേസിൽ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്ത പാമ്പാടി നെഹ്രു കോളജ് വൈസ് പ്രിൻസിപ്പൽ ശക്തിവേലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കോളേജിൽ പ്രവേശിക്കരുത്, കോളേജിന്റെ കാര്യങ്ങളിൽ ഇടപെടരുത് എന്നീ ഉപാധികൾ ജാമ്യം ലഭിക്കാൻ കോടതി വച്ചിട്ടുണ്ട്. 50,000 രൂപ കെട്ടിവയ്ക്കുകയും വേണം.

ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ നിരാഹാര സമരം കടുത്ത സർക്കാർ വിരുദ്ധ വികാരത്തിന് ഇടയാക്കിയതിനിടെ ഇന്നലെയാണ് കോയമ്പത്തൂരിലെ അന്നൂരിൽനിന്ന് ക്രൈംബ്രാഞ്ച് സംഘം ശക്തിവേലിനെ പൊക്കിയത്. തുടർന്ന് തൃശൂരിലെത്തിച്ച പ്രതിയെ രാത്രി ഒന്നരവരെ പൊലീസ് ചോദ്യംചെയ്തു. തനിക്ക് ഒളിത്തവാളം ഒരുക്കിയത് നെഹ്രു കോളജ് ചെയർമാനും ജിഷ്ണു കേസിലെ ഒന്നാം പ്രതിയുമായ പി. കൃഷ്ണദാസ് ആണെന്ന് ശക്തിവേൽ മൊഴി നല്കി.

കോപ്പിയടി ആരോപണത്തെ തുടർന്ന് ജിഷ്ണു കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കിയ കേസിൽ അഞ്ചു പ്രതികളാണ് ഉള്ളത്. പി. കൃഷ്ണദാസിനും കോളജ് പിആർഒ സഞ്ജിത് വിശ്വനാഥനും മുൻകൂർ ജാമ്യം നേരത്തേ ലഭിച്ചിരുന്നു. ഇവരെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയശേഷം വിട്ടയയ്ച്ചു. മുൻകൂർ ജാമ്യം ലഭിക്കാത്ത ശക്തിവേൽ അടക്കമുള്ള മൂന്നു പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.

നാലും അഞ്ചും പ്രതികളായ സി.പി. പ്രവീണിന്റെയും ദീപുവിന്റെയും മുൻകൂർ ജാമ്യാപേക്ഷ നടപടികൾ കോടതിയിൽ ഇപ്പോൾ നടക്കുകയാണ്. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകുന്നത് വരെ ഇവരെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ ഇരുവരേയും അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ കോടതിയിൽ അറിയിക്കുകയും ചെയ്തു.

ഇതിനിടെ, മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കേ ശക്തിവേലിനെ അറസ്റ്റ് ചെയ്ത നടപടി കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാട്ടി ശക്തിവേലിന്റെ ഭാര്യ കോടതിയിൽ ഹർജി നൽകിയിരുന്നു.

ശക്തിവേലിനെ ഞായറാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ കോയമ്പത്തൂർ അവിനാശി റോഡിലെ അന്നൂരിൽ തങ്കവേലു എന്നയാളുടെ ഫാം ഹൗസിൽ നിന്നാണു പിടികൂടിയത്. ജിഷ്ണു കേസ് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ് ഓപറേഷനു നേതൃത്വം നല്കിയത്.

കോപ്പിയടിക്കാത്ത ജിഷ്ണുവിനെ കോപ്പിയടിച്ചെന്ന പേരിൽ കുടുക്കാനും തുടർന്ന് മർദിക്കാനും നേതൃത്വം നൽകിയത് വൈസ് പ്രിൻസിപ്പലായിരുന്ന ശക്തിവേലാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ഉൾപ്പെടെയുള്ള ബന്ധുക്കൾ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചിരുന്നു. കേസിലെ എല്ലാ പ്രതികളെയും എത്രയും വേഗം അറസ്റ്റു ചെയ്യുമെന്ന് മുഖ്യമന്ത്രി ഫോണിൽ ഉറപ്പുനൽകിയതിനെ തുടർന്നായിരുന്നു ഇത്.