മലപ്പുറം: പ്രളയക്കെടുതിയെ കേരളം ഒറ്റക്കെട്ടായി നേരിട്ടപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശിർക്ക് (ബഹുദൈവാരാധന) ആരോപിച്ച് സലഫി പ്രഭാഷകൻ രംഗത്ത്. വിഗ്രഹങ്ങളും നിലവിളക്കുകളും മുസ്ലിംങ്ങൾ കഴുകിക്കൊടുത്തത് കടുത്ത ശിർക്കാണെന്നും പ്രളയസമയത്ത് ക്രിസ്ത്യൻ പള്ളിയിലും ഭജനമഠത്തിലും നിസ്‌കരിച്ചത് തെറ്റാണെന്നും പറഞ്ഞുള്ള പ്രഭാഷണവും ലേഖനവുമാണ് വിവാദമായിരിക്കുന്നത്. മുജാഹിദ് വിസ്ഡം വിഭാഗത്തിൽ നിന്ന് വിഘടിച്ചു പ്രവർത്തിക്കുന്ന സക്കറിയ സ്വലാഹി വിഭാഗം പണ്ഡിതനായ അബ്ദുൽ റഊഫ് നദ് വിയാണ് വിഷം ചീറ്റുന്ന പ്രഭാഷണവുമായി എത്തിയിരിക്കുന്നത്. ഇവരുടെ പ്രസിദ്ധീകരണമായ അൽ ഇസ്ലാഹ് മാസികയിലും ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതേ മുജാഹിദ് വിഭാഗത്തിൽപ്പെട്ട അബ്ദുൽ മുഹ്സിൻ ഐദീദ്, നിയാഫ് ബിൻ ഖാലിദ്, ഷംസുദ്ദീൻ പാലത്ത് എന്നിവരുടെ തീവ്രവും വർഗീയ വിഷം ചീറ്റുന്നതുമായ പ്രസംഗങ്ങൽ മുമ്പ് ഏറെ വിവാദമായിരുന്നു. സക്കരിയ സ്വലാഹിയുടെ നേതൃത്വത്തിലുള്ള ഈ മുജാഹിദ് സലഫി വിഭാഗം ശുറൂത്തി ദമ്മാജികൾ എന്ന പേരിലും അറിയപ്പെടാറുണ്ട്.

പ്രളയ ദുരന്തത്തിൽ ജാതിയും മതവും കൊടിനിറവുമെല്ലാം മറന്ന് ഒരുമയോടെയുള്ള മലയാളികളുടെ പ്രവർത്തം എങ്ങും വാഴ്‌ത്തപ്പെടുമ്പോഴാണ് ഇതിനെ വിമർശിച്ചും വർഗീയ വിഷം ചീറ്റിയും അബ്ദുൽ റഊഫ് നദ് വിയുടെ പ്രഭാഷണം. പ്രവാചകൻ ഇബ്രാഹീം വിഗ്രഹങ്ങൾ തകർക്കുകയാണ് ചെയ്തതെന്നും അതുകൊണ്ട് വിഗ്രഹങ്ങൾ കഴുകിക്കൊടുക്കുകയല്ല വേണ്ടതെന്നും ഇദ്ദേഹം പറയുന്നു. ഇബ്രാഹീം നബിയുടെ കാലത്താണ് ജീവിച്ചിരിക്കുന്നതെങ്കിൽ ഇവിടെയുള്ളവർ ഇബ്രാഹീം നബിയെ ഐ.എസ് ആക്കുമെന്നും ഇവിടത്തെ മുസ്ലിം സംഘടനകൾ തന്നെ ഇബ്രാഹീം നബിക്കെതിരെ കേസ് കൊടുക്കുമെന്നും അബ്ദുൽ റഊഫ് പറയുന്നു.

'ഇസ്ലാമിനെ പ്രളയക്കെടുതിയിൽ മുക്കി മതസംഘടനകളുടെ ദുരുതാശ്വാസ പ്രവർത്തനം' എന്ന തലക്കെട്ടിലാണ് റഊഫ് നദ് വിയുടെ പ്രഭാഷണവും ലേഖനവും വന്നിട്ടുള്ളത്. ഈ ആശയത്തോട് യോജിപ്പുള്ള പലരും സോഷ്യൽ മീഡിയയിൽ ഈ പ്രസംഗം പ്രചരിപ്പിച്ചിട്ടുണ്ട്. അൽ ഇസ്ലാഹ് മാസികയിലെയും പ്രഭാഷണത്തിലെയും ചില ഭാഗങ്ങൾ ഇങ്ങനെ: ' ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് വന്ന ഒട്ടേറെ വാർത്തകൾ, ചർച്ചുകളിലും ക്ഷേത്ര പരിസരങ്ങളിലും ഭജന മുറിയിലുമെല്ലാം മാപ്പിള മക്കൾ നടത്തിയ ജമാഅത്ത് നിസ്‌കാരത്തെയും ജുമുഅയെയും സംബന്ധിച്ചായിരുന്നു. ഇവ മത സാഹോദര്ചയത്തിന്റെ ഉദാത്ത മാതൃകയായി വാഴ്‌ത്തപ്പെട്ടു.

ഇതിൽ ജമാഅത്തേ ഇസ്ലാമിക്കാരും സമസ്തക്കാരും മുജാഹിദ് ഗ്രൂപ്പുകളും ആകാശ ഭൂമികളുടെ വിശാലതയേക്കാൾ വിശാല മനസ്‌കത കാണിച്ചു. ബഹുദൈവാരാധനയെയും അതിലേക്ക് എത്തിക്കുന്ന വഴികളെയും ഇസ്ലാം കഠിനമായി വിലക്കിയിരിക്കുന്നു. ഇത് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന മുസ്ലിംങ്ങൾക്ക് എങ്ങനെയാണ് വിഗ്രഹങ്ങൾക്കും പ്രതിഷ്ഠകൾക്കും കുരിശിനും മറിയമിന്റെയും ഏശുവിന്റെയും പ്രതിമകൾക്കും പൂവും മാലയും ചാർത്തി ദീപം തെളിയിച്ച് (വൈദ്യുത ദീപമാണെങ്കിലും) പൂജിക്കപ്പെടുകയും, ആരാധിക്കപ്പെടുകയും ചെയ്യുന്ന ചിത്രങ്ങൾക്കും വരകൾക്കും ഫോട്ടോകൾക്കും ഇടയിൽ അവ മുന്നിലും പിന്നിലും ഇടത്തും വലത്തുമാക്കി അള്ളാഹുവിനുള്ള ഇബാദത്തായ നമസ്‌കാരവും ജുമുഅയും നിർവഹിക്കാൻ പറ്റുക.'

'നബി കൃസ്ത്യാനികൾക്ക് പള്ളി തുറന്ന് കൊടുത്തുവോ?, ഒരു പള്ളിയും ഇതര മതസ്ഥർക്ക് ആരാധനക്കായി ആരും തുറന്ന് കൊടുത്തത് കണ്ടില്ല. ഹൈന്ദവർക്ക് പ്രഭാത-സായാഹ്ന പൂജാ കർമ്മങ്ങൾ എല്ലാ ദിവസവും ഉള്ളതാണല്ലോ? ഒരുപാട് ക്ഷേത്രങ്ങളും ചർച്ചുകളും വെള്ളത്തിൽ മുങ്ങി. ഇതര മതക്കാർക്ക് അവരുടെ ആരാധന നടത്താൻ നബി മദീന പള്ളി തുറന്നുകൊടുത്ത ഖണ്ഡിതമായ തെളിവുകളുണ്ടല്ലോ 'മതസൗഹാർദ്ദ' വാദികൾക്ക്?! ഇത് മുജാഹിദ്-ജമാഅത് സ്റ്റേജുകളിലും പേജുകളിലും നിരന്തരമായി തെളിവാക്കപ്പെടുന്നതും ഇപ്പോൾ സോഷ്യൽ മീഡിയകളിലെ 'മൗലാനമാർ' നിരന്തരമായി തെളിവാക്കുന്നതുമായ കാര്യമാണ്. '

'മുസ്ലിംങ്ങൾ ശിർക്കിന്റെ കേന്ദ്രങ്ങൾ ശുദ്ധീകരിക്കൽ കടുത്ത ശിർക്കാണ്, ഇസ്ലാം സർവ്വ തിന്മകളെയും അതിലേക്ക് നയിക്കുന്ന തിന്മകളെയും വിലക്കിയിട്ടുണ്ട്. കുഫ്റിനെയും ശിർക്കിനെയോ ആദരിക്കുകയോ തൃപ്തിപ്പെടുകയോ അനുഭാവം കാണക്കുകയോ സഹകരിക്കുകയോ സഹായിക്കുകയോ അംഗീകരിക്കുകയോ അത്തരം കാര്യങ്ങൾ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന കാര്യത്തിൽ യൊതൊരു ഇളവും ഇസ്ലാം നൽകുന്നില്ലെന്ന് മാത്രമല്ല, ശക്തമായി വിലക്കുകയും ചെയ്യുന്നു.'

'നാളിതുവരെ സ്വന്തം മഹല്ലിലെ അള്ളാഹുവിനെ ആരാധിക്കുന്ന പള്ളി ഇത്ര സൂക്ഷമതയോടെയും വൃത്തിയോടെയും കഴുകി ശുദ്ധിയാക്കിയിട്ടുണ്ടാകുമോ? ഈ ശുദ്ധീകരണ സൗഹാർദ്ദക്കാരുടെ പലരുടെയും പള്ളിയിൽ പോയി നോക്കിയാൽ കാണാം വൃത്തി ഹീനമായി കിടക്കുന്ന അള്ളാഹുവിന്റെ പള്ളിയുടെ കോലം. ഇവർ ഇസ്ലാമിക സേവകരോ ശിർക്ക് സേവകരോ?. ശക്തരായ സേവകർ പാവം ദൈവങ്ങളെ പ്രളയക്കെടുതിയിൽ നിന്ന് ദുരിതാശ്വാസം നടത്തി രക്ഷപ്പെടുത്തി.

ചിന്തിക്കുന്നവർക്ക് പാഠമുണ്ട്. ഈ വിഗ്രഹ സേവകരായ മാപ്പിള മക്കൾ ഇബ്രാഹീം നബിയുടെ കാലത്ത് ജീവിച്ചിരുന്നുവെങ്കിൽ വിഗ്രഹങ്ങളെ തച്ചുടച്ച ഇബ്രാഹീം നബിക്കെതിരിൽ പ്രകടനംനടത്തി, തച്ചുടക്കരുത്, മതം പൊട്ടും എന്ന കവിതയെഴുതി രാജ്യദ്രോഹിയും ഐ.എസ്സുമായി പ്രഖാപിച്ച് കോടതിയിൽ കേസ് കൊടുത്ത് തച്ചുടക്കപ്പെട്ട വിഗ്രഹങ്ങളുടെ ക്ലിപ്പ് തയ്യാറാക്കി കൂടെ ഇബ്രാഹീം നബിയുടെ ആയതും ചേർത്ത് എത്തിക്കേണ്ടിടത്തെല്ലാം എത്തിക്കാൻ പി.ആർ.ഒയെ ചുമതലപ്പെടുത്തി, വലിയൊരു ദഅവത്ത് ഹികിമത്തോടെ നിർവഹിച്ചതിൽ സായൂജ്യമടയുമായിരുന്നു.'