ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തോളിന് പരിക്കേറ്റ് പൊട്ടിക്കരഞ്ഞ് മൈതാനം വിട്ട് പോകുന്ന സലാഹിന്റെ ദയനീയ ദൃശ്യം ആരാധകർ കണ്ണീരോടെയാണ് കണ്ടത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണാൾഡോ പോലും പൊട്ടിക്കരയുന്ന താരത്തെ ആശ്വസിപ്പിക്കുമ്പോൾ സലാഹിനെ നോക്കി പൊട്ടിച്ചിരിക്കുന്ന റയൽ ക്യാപ്റ്റൻ സെർജിയെ റാമോസിനെതിരെ ആരാധകരുടെ രൂക്ഷ വിമർശനം.

ലിവർപൂൾ ആരാധകർക്കും ഈജിപ്ഷ്യൻ ആരാധകർക്കും മാത്രമല്ല ഫുട്ബോൾ പ്രേമികൾക്കെല്ലാം റയൻ ക്യാപ്റ്റനോട് രോഷം തീരുന്നില്ല. റയൽ ക്യാപ്റ്റൻ ഇത്ര ക്രൂരനാണോ എന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്.സലാഹ് കളിക്കളം വിട്ട് പോകുമ്പോൾ അസിസ്റ്റന്റ് റഫറിയുമായി റാമോസ് ചിരിച്ച് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. മുഹമ്മദ് സലാഹ് ലോകകപ്പ് കളിക്കുമോ എന്ന ആശങ്കയിൽ നിൽക്കുന്ന ആരാധകർക്ക് മുന്നിൽ ഇത്തരമൊരു കാഴ്ച കൂടി വന്നതോടെ രോഷം അണപൊട്ടിയൊഴുകയായിരുന്നു. എന്നാൽ സലാഹിന് ലോകകപ്പ് നഷ്ടമാകില്ലെ എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

വിമർശനങ്ങൾ കൊഴിക്കുന്ന വേളയിൽ റാമോസിന്റെ പ്രതികരണം ട്വീറ്ററിലെത്തി. ''ചില തവണ ഫുട്‌ബോൾ കാണിക്കുന്നത് ഇതിന്റെ നല്ലവശവും മറ്റുള്ളവരുടെ ചീത്തയുമാണ്. എല്ലാത്തിലും ഉപരി നമ്മൾ ഫുട്‌ബോൾ കളിക്കാരാണ്. പെട്ടെന്ന് പരിക്ക് ഭേദമായി വരു സലാഹ് ഭാവി നിനക്കായ് കാത്തിരിക്കുന്നു'' എന്നായിരുന്നു റാമോസിന്റെ ട്വീറ്റ.

അതേസമയം, മനപ്പൂർവ്വമല്ലാതെയുള്ള നീക്കമാണ് റാമോസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ചെൽസി മുൻ താരം ഫ്രാങ്ക് ലംപാർഡ് പ്രതികരിച്ചു. രണ്ട് സംഭവങ്ങളെയും ചേർത്ത് വായിക്കേണ്ടതില്ലെന്നും റാമോസ് കാഴ്ച വെച്ചത് മികച്ച പ്രതിരോധമാണെന്നും മാഞ്ചസ്റ്റർ മുൻ പ്രതിരോധ താരം റിയോ ഫെർഡിനാൻഡും അഭിപ്രായപ്പെട്ടത്.

റയൽ മാഡ്രിഡുമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റുമുട്ടതിനിടെയായിരുന്നു സലാഹിന് പരിക്കേറ്റത്. ലിവർപൂൾ താരമായ സലാഹിനെ തടയുന്നതിന് റയൽ ക്യാപ്റ്റൻ സെർജിയോ റാമോസ് നടത്തിയ ശ്രമമാണ് സലാഹിന് പരിക്ക് പറ്റാൻ ഇടയാക്കിയത്. കണ്ണീരോടെ സലാഹ് മൈതാനം വിട്ട് പോയത് ആരാധകരെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. സലാഹിന്റെ ഇടതു തോളെല്ലിന്റെ സ്ഥാനം മാറിയതായിട്ടാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.