- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലപ്പെട്ടത് 'എസ്ഡിപിഐ വേട്ടപ്പട്ടികൾ, ഇവർ കണ്ണവത്തെ കണ്ണീരിലാഴ്ത്തിയ നാടിന്റെ ശാപജന്മങ്ങൾ' എന്ന ഭീഷണി ഫ്ളക്സിലെ മുഖം; ശ്യാമപ്രസാദിനെ ആക്രമിച്ച് കൊന്നത് സലാഹുദ്ദീൻ ഡ്രൈവറായ സ്കൂൾ വാഹനത്തിൽ താൽക്കാലിക ഡ്രൈവറായി പോയ അയ്യൂബിന്റെ കാലുവെട്ടിയതിന് പ്രതികാരമെന്ന് പ്രോസിക്യൂഷൻ കേസ്; പ്രതി സഹോദിമാർക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിയത് തിരിച്ചറിഞ്ഞ് ആസത്രണം; എൽ വളവിൽ അതിക്രൂരമായ കൊലയും; കണ്ണവത്തെ രാഷ്ട്രീയം വീണ്ടും പുകയുമ്പോൾ
കണ്ണൂർ: എസ്.ഡി.പി.ഐ. പ്രവർത്തകൻ സയ്യിദ് മുഹമ്മദ് സലാഹുദ്ദീന്റെ കൊലപാതകം അതിവേഗ ആസൂത്രണത്തിന്റെ ഫലം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സഹോദരങ്ങൾക്കൊപ്പം സ്വന്തം കാറിൽ കണ്ണവത്തെ വീട്ടിൽനിന്ന് സലാഹുദ്ദീൻ സാധനങ്ങൾ വാങ്ങാനായി കൂത്തുപറമ്പിലേക്ക് പോയത് മനസ്സിലാക്കിയായിരുന്നു ആക്രമണം. തിരിച്ചു വരുമെന്ന് മനസ്സിലാക്കി കാത്ത് നിന്ന് കൊലപ്പെടുത്തകയായിരുന്നു. ഇതിന് വേണ്ടി വ്യക്തമായ തിരക്കഥയും തയ്യാറാക്കി. മൂന്ന് മണിക്കൂറു കൊണ്ട് എല്ലാ പദ്ധതിയും ആസൂത്രണം ചെയ്തു. സഹോദരങ്ങൾക്കൊപ്പം സലാഹുദീൻ തിരികെ സംഭവം നടന്ന സ്ഥലത്തെത്തിയത് 3.40-ഓടെ ആയിരുനനു.
എ.ബി.വി.പി. പ്രവർത്തകൻ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന നിലയ്ക്ക് സലാഹുദ്ദീന് നേരത്തേ ഭീഷണിയുണ്ടായിരുന്നു. ചിറ്റാരിപ്പറമ്പിനും കണ്ണവത്തിനും മധ്യേയാണ് കൊലപാതകം നടന്ന കൈച്ചേരിവളവ്. ഇവിടെനിന്ന് രണ്ടര കിലോമീറ്റർ ദൂരമേ സലാഹുദ്ദീന്റെ വീട്ടിലേക്കുണ്ടായിരുന്നുള്ളൂ. കൂത്തുപറമ്പ്-നെടുമ്പൊയിൽ റോഡ് തിരക്കുള്ള പ്രധാന പാതയാണെങ്കിലും കൊലനടന്ന സ്ഥലം പൊതുവേ വിജനമാണ്. ഈ പ്രത്യേകത മനസ്സിലാക്കിയാണ് ഇവിടെ കൊലപാതകത്തിനായി തെരഞ്ഞെടുത്തത്. ഏതാണ്ട് എൽ ആകൃതിയിലുള്ള വളവിൽ രക്ഷകരായി ആരും എത്തില്ലെന്ന് അക്രമികൾ തിരിച്ചറിഞ്ഞു.
ഈ സ്ഥലത്തിന്റെ ഒരുവശം കുന്നാണെങ്കിൽ മറുവശത്ത് കാടും രണ്ടോ മൂന്നോ വീടുകളുമേ ഉള്ളൂ. ബൈക്ക് കാറിലിടിച്ചതിനെത്തുടർന്നുള്ള ശബ്ദം കേട്ട് സമീപത്തെ കുറച്ചുപേർ വന്നു. എന്നാൽ പ്രശ്നം ഞങ്ങൾ തമ്മിൽ പറഞ്ഞുതീർത്തുകൊള്ളാമെന്ന് പറഞ്ഞ് ഇവരെ പറഞ്ഞയച്ചു. അതിന് ശേഷമായിരുന്നു കൊല. ബൈക്കിലെത്തിയ രണ്ടുപേർക്കുപുറമെ റോഡരികിൽ ആയുധങ്ങളുമായി ഏതാനും പേർ ഒളിഞ്ഞിരുന്നു. ഇവരെല്ലാം ചേർന്നാണ് കൊലപാതകം നടത്തിയത്. സംഘത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന് തിട്ടപ്പെടുത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ംഭവത്തിന് സഹോദരങ്ങൾ തന്നെ ദൃക്സാക്ഷികളായുള്ളത് അന്വേഷണത്തിന് ഏറെ സഹായമാകുമെന്നാണ് പൊലീസ് വിലയിരുത്തൽ.
സഹോദരങ്ങളുടെ മൊഴി കഴിയുംവേഗം രേഖപ്പെടുത്താൻ നാർക്കോട്ടിക് സെൽ എ.എസ്പി. രേഷ്മയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂത്തുപറമ്പിൽനിന്ന് സംഭവം നടന്ന സ്ഥലത്തേക്ക് 12 കിലോമീറ്ററുണ്ട്. ഇതിനിടയിലുള്ള മൊബൈൽ ടവർ കേന്ദ്രീകരിച്ചും കൂത്തുപറമ്പിനും കണ്ണവത്തിനും ഇടയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചും പ്രതികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കൂത്തുപറമ്പിൽനിന്ന് സഹോദരിമാരായ റായിദ, ലത്തീഫിയ, സഹോദരൻ ഫസലുദ്ദീൻ എന്നിവർക്കൊപ്പം കാറോടിച്ചുവരുമ്പോൾ കണ്ണവത്തിനടുത്ത കൈച്ചേരിവളവിൽവെച്ച് പിന്നിൽനിന്നുവന്ന ബൈക്ക് കാറിലിടിക്കുകയും ബൈക്കിലുള്ളവരുമായി തർക്കമുണ്ടാവുകയുമായിരുന്നു. തുടർന്ന് വാഹനത്തിന്റെ താക്കോൽ മറ്റൊരു സംഘം ഊരിയെടുക്കുകയും സലാഹുദ്ദീനെ വലിച്ച് പുറത്തിട്ട് വെട്ടുകയുമായിരുന്നു. ടയാൻ ശ്രമിച്ചപ്പോഴാണ് റായിദയ്ക്ക് പരിക്കേറ്റത്. ലത്തീഫിയ ബോധരഹിതയായിരുന്നു. തലയുടെ ഇരുഭാഗത്തും മാരകമായി വെട്ടേറ്റ സലാഹുദ്ദീൻ വീണു.
കണ്ണവത്തുനിന്ന് ആംബുലൻസെത്തി റായിദയ്ക്കൊപ്പം തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും സലാഹുദ്ദീൻ മരിച്ചിരുന്നു. നിസാമുദ്ദീൻ എന്ന സഹോദരൻ കൂടിയുണ്ട്. കണ്ണവത്ത് പിതാവ് നടത്തിയിരുന്ന സ്കൂളിന്റെ ഡ്രൈവറായി കുറച്ചുകാലം ജോലിനോക്കിയിരുന്നു സലാഹുദ്ദീൻ. നജീബയാണ് ഭാര്യ. മക്കൾ: അസ്വ സലാം (നാല്), ഹാദിയ (രണ്ട്). ശ്യാമപ്രസാദിനെ 2018 ജനുവരി 19-ന് കൊമ്മേരിയിൽവെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീൻ. പിന്നീട് സലാഹുദ്ദീൻ കോടതിയിൽ കീഴടങ്ങുകയായിരുന്നു.
രണ്ടുവർഷത്തിലേറെയായി പ്രദേശത്ത് അരങ്ങേറിയ ഗൂഢാലോചനയുടെ ഇരയാണ് ഇന്നലെ കൊല്ലപ്പെട്ട സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീൻ എന്നാണ് എസ് ഡി പി ഐ ആരോപണം. ഉള്ളാൾ തങ്ങളായിരുന്ന അന്തരിച്ച താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽബുഖാരിയുടെ ചെറുമകനാണ് സലാഹുദ്ദീൻ. ഉള്ളാൾ തങ്ങളുടെ മൂത്ത മകൾ ബീ കുഞ്ഞി ബീയുടെ മകൾ നുസൈബ ബീവിയാണ് കൊല്ലപ്പെട്ട സയ്യിദ് സ്വലാഹുദ്ദീന്റെ മാതാവ്. സയ്യിദ് ഹാമിദ് യാസീൻ തങ്ങളുടെ രണ്ടാമത്തെ മകനാണ് സലാഹുദ്ദീൻ. പ്രമുഖ മതപണ്ഡിതനും ഇന്ത്യൻ സ്റ്റാൻഡേർഡ് നമസ്കാര സമയക്രമീകരണ വിദഗ്ധനുമായിരുന്ന യുകെ ആറ്റക്കോയ തങ്ങൾ ഇന്നലെ കൊല്ലപ്പെട്ട സയ്യിദ് സ്വലാഹുദ്ദീന്റെ പിതാമഹനാണ്.
സലാഹുദ്ദീൻ ഡ്രൈവറായ സ്കൂൾ വാഹനത്തിൽ താൽക്കാലിക ഡ്രൈവറായി പോയ അയ്യൂബിന്റെ കാലുവെട്ടിയതിന് പ്രതികാരമായാണ് ശ്യാമപ്രസാദ് അക്രമിക്കപ്പെട്ടതെന്നായിരുന്നു വിലയിരുത്തൽ. പതികളുടേതെന്ന പേരിൽ പൊലീസ് സലാഹുദ്ദീന്റെയും മറ്റും ഫോട്ടോകൾ ഫ്ളക്സ് ബോർഡുകളിൽ ലുക്ക് ഔട്ട് നോട്ടീസായി സ്ഥാപിക്കുകയും ചെയ്തു. ഇതിനെതിരേ യാസീൻ തങ്ങൾ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് തന്നെ ഫ്ളക്സ് ബോർഡ് നീക്കംചെയ്തു. പിന്നീട് സ്വലാഹുദ്ദീനെ ശ്യാമപ്രസാദ് വധക്കേസിൽ ഏഴാം പ്രതിയായി ഉൾപ്പെടുത്തുകയും ചെയ്തു.
അതിനിടെ സലാഹുദ്ദീനെതിരേ ആർഎസ്എസിന്റെ പരസ്യവധഭീഷണിയുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ഫ്ളക്സിന്റെ ചിത്രവും പുറത്തുവന്നു. കൊല്ലപ്പെട്ട സലാഹുദ്ദീൻ ഉൾപ്പെടെ ഏഴ് പേർക്കെതിരേ ഭീഷണി മുഴക്കിക്കൊണ്ടുള്ള വലിയ ഫ്ളക്സ് കണ്ണവത്ത് പൊതുവഴിവക്കിലാണ് വച്ചിരുന്നത്. 'എസ്ഡിപിഐ വേട്ടപ്പട്ടികൾ, ഇവർ കണ്ണവത്തെ കണ്ണീരിലാഴ്ത്തിയ നാടിന്റെ ശാപജന്മങ്ങൾ' എന്ന വലിയ എഴുത്തിനൊപ്പം നിസാമുദ്ദീൻ, സലാഹുദ്ദീൻ, അജ്മൽ, അഷ്ഫർ, സഫീർ സി, നൗഷാദ്, അഷ്കർ എന്നിവരുടെ പേരും ചിത്രവും മേൽവിലാസവുമുണ്ട്.
ശിവജി വോയ്സ് എന്ന പേരിലായിയുന്നു പരസ്യമായ കൊലവിളി. എന്നാൽ, ഇതിനെതിരേ പൊലീസ് നടപടിയൊന്നുമെടുത്തില്ലെന്നും എസ് ഡി പി ഐ ആരോപിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ