മസ്‌കത്ത്: സലാല ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. ഈ മാസം 15ന് ആരംഭിക്കുന്ന ഫെസ്റ്റിവലിൽ ഈദുൽ ഫിത്തർ അവധി ആഘോഷിക്കാനും ഫെസ്റ്റിവലിനുമായി എത്തുന്ന സന്ദർശകരെ സ്വീകരിക്കാനുള്ള തിരക്കിട്ട ഒരുക്കങ്ങളിലാണ് അധികൃതർ. ഫെസ്റ്റിവലിന്റെ ഭാഗമായി മുവാസലാത്ത് പ്രതിദിന സർവ്വീസുകൾ വർധിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് സർവ്വീസുകളുള്ളത് അഞ്ചായിട്ടാണ് വർധിപ്പിക്കുക.

മസ്‌കറ്റിൽ നിന്നും സലാലയിലേക്കും തിരിച്ചും നടത്തുന്ന സർവ്വീസ് മൂന്നാം പെരുന്നാൾ ദിനം മുതലാണ് നടത്തുക. ഇതോടെ പ്രതിദിന സീറ്റുകളുടെ എണ്ണം 225 ആകും. ആദ്യ സർവ്വീസ് രാവിലെ ഏഴിനും അവസാന സർവ്വീസ് രാത്രി ഏഴിനായിരിക്കും. ഇതോടൊപ്പം ഫെസ്റ്റിവൽ കാല പ്രത്യേക യാത്രാ നിരക്കുകളും ആനുകൂല്യങ്ങളും ഉണ്ടാകും. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര നൽകും. ഗ്രൂപ്പ് റിസർവേഷന് പ്രത്യേക നിരക്കിളവും ഉണ്ടാകും. നിരക്കുകളും യാത്രാ സമയങ്ങളും കമ്പനി വെബ്‌സൈറ്റിലും സാമൂഹിക മാദ്ധ്യമങ്ങളിലും വിവിധയിടങ്ങളിലുള്ള ഓഫീസുകളിലും ലഭ്യമാണ്.

സുഖയാത്ര പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ട് ഏറ്റവും പുതിയ ബസുകളാകും സലാല സർവ്വീസിന് ഉപയോഗിക്കുക. നിലവിൽ സലാലയിലേക്കുള്ള എല്ലാ ബസുകളും നിറഞ്ഞു കവിഞ്ഞാണ് സർവ്വീസ് നടത്തുന്നത്. ഈദുൽ ഫിത്തർ അവധി നേരത്തെ പ്രഖ്യാപിച്ചതോടെ ടിക്കറ്റുകൾ നേരത്തേ തന്നെ വിറ്റഴിഞ്ഞു പോയിരുന്നു. എങ്കിലും ഈപ്പോഴും ആവശ്യക്കാർ എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സലാല റൂട്ടിൽ അധിക ബസുകൾ ഓടിക്കാനുള്ള തീരുമാനത്തിൽ മുവാസലാത്ത് എത്തിയത്. മറ്റു സ്വകാര്യ കമ്പനികളും ഇതിനുള്ള തയ്യാറെടുപ്പിലാണ്.

മഴക്കാല ഉത്സവമായ സലാല ഫെസ്റ്റിവൽ അടുത്ത മാസം 31നാണ് അവസാനിക്കുക. ഈദുൽ ഫിത്തർ അവധിയാഘോഷിക്കുവാനും ഫെസ്റ്റിവലിനുമായി എത്തുന്ന സന്ദർശകർക്ക് നിരവധി സുരക്ഷാ സേവനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത നിയന്ത്രണവും ഉണ്ടാകും. കൂടാതെ ആംബുലൻസുകൾ, എടിഎം, കച്ചവടക്കാരുടെ ചൂഷണം തടയൽ, ഉൽപന്നങ്ങളുടെ വില നിരീക്ഷിക്കൽ തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും ഏർപ്പെടുത്തുന്ന ഒരുക്കത്തിലാണ് അധികൃതർ.

ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നത് ബീച്ചുകളിലാണ്. അതുകൊണ്ടുതന്നെ ബീച്ചുകളിൽ സിവിൽ ഡിഫൻസ് അംഗങ്ങളെയടക്കം വിന്യസിക്കും. സുരക്ഷാനിയമങ്ങൾ പാലിക്കണമെന്നും അമിത വേഗത്തിൽ വാഹനമോടിക്കരുതെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.