മസ്‌കത്ത്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് സന്തോഷത്തിന് വക നൽകി ഒരു വാർത്ത. ഒമാന്റെ ആദ്യ ബജറ്റ് വിമാനക്കമ്പനിയായ സലാം എയർ ആഴ്‌ച്ചകൾക്കുള്ളിൽ പറന്നുയരുമെന്നാണ് എല്ലാവർക്കും സന്തോഷത്തിന് ഇട നൽകുന്നത്. സർവിസ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് കമ്പനി ട്വിറ്ററിൽ അറിയിച്ചു. വിമാനങ്ങളുടെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. സീറ്റുകൾ ലെതർ ആക്കുന്ന ജോലികൾ നടന്നുവരുകയാണ്.

ടിക്കറ്റ് വിൽപന വൈകാതെ ആരംഭിക്കുമെന്നും സലാം എയർ അധികൃതർ അറിയിച്ചു. സർവിസ് ആരംഭിക്കുന്നതിന് വേണ്ട ബാക്കി കാര്യങ്ങൾ ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർത്തീകരിക്കും. സ്വദേശികൾക്ക് ഒപ്പം വിദേശികളും ഏറെ പ്രതീക്ഷയോടെയാണ് സലാം എയറിന്റെ വരവുകാത്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ മസ്‌കത്തിൽ സലാലയിലേക്ക് നാലു പ്രതിദിന സർവിസുകളായിരിക്കും കമ്പനി നടത്തുക. ഒപ്പം ദുബൈ, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര സർവിസുകളും ഉണ്ടാകും.

കിഴക്കൻ ആഫ്രിക്ക, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലേക്ക് സർവിസ് ആരംഭിക്കുന്നതും പരിഗണിക്കുമെന്ന് കമ്പനി അധികൃതർ നേരത്തേ അറിയിച്ചിരുന്നു. 15 റിയാൽ മുതലാകും സലാം എയറിന്റെ ടിക്കറ്റ് നിരക്കുകൾ. ബുക് ചെയ്യുന്ന തീയതി, യാത്രക്കാരുടെ തിരക്ക് തുടങ്ങി നിരവധി ഘടകങ്ങൾ കണക്കിലെടുത്ത് മാത്രമാകും കുറഞ്ഞ നിരക്ക് ലഭിക്കുക. ഇക്കോണമി സീറ്റുകൾ മാത്രമുണ്ടാകുന്ന വിമാനത്തിൽ ലഗേജുകളില്ലാതെ യാത്ര ചെയ്യുന്നവർക്ക് പ്രത്യേക നിരക്കുകളടക്കം ഏർപ്പെടുത്തുമെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു.

വർധിക്കുന്ന വിമാനയാത്രികരുടെ എണ്ണം കണക്കിലെടുത്താണ് ബജറ്റ് വിമാന കമ്പനിക്ക് രൂപം നൽകാൻ സർക്കാർ തീരുമാനിച്ചത്. മസ്‌കത്ത് നാഷനൽ ഡെവലപ്‌മെന്റ് ആൻഡ് ഇൻവെസ്റ്റ് കമ്പനിയുടെ കീഴിലുള്ള സലാം എയറിന് ഈ വർഷം ആദ്യത്തിലാണ് സിവിൽ ഏവിയേഷൻ പൊതുഅഥോറിറ്റി അനുമതി നൽകിയത്. ആദ്യഘട്ടത്തിൽ മൂന്ന് എയർബസ് എ320 വിമാനങ്ങളാണ് സർവിസ് നടത്തുക.