തിരുവനന്തപുരം: എല്ലാ സിനിമകളും തികഞ്ഞ പ്രതീക്ഷയോടെയാണ് അതിന്റെ അണിയറ പ്രവർത്തകർ അണിയിച്ചൊരുക്കുന്നത്. ഇര എന്ന സലാം ബാപ്പുവിന്റെ ചിത്രം പുറത്തിറങ്ങും മുമ്പ് അത് നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണോയെന്ന് സംശയം ഉയർന്നെങ്കിലും,പിന്നീട് റിലീസായതോടെ ആ ധാരണകൾ മാറി. അതേസമയം മാതൃഭൂമി പ്ത്രത്തിന്റെ ഭാഗമായുള്ള ചിത്രഭൂമിയിൽ ഇരകളാകുന്ന പ്രേക്ഷകർ എന്ന പേരിലുള്ള റിവ്യൂവിൽ ചിത്രത്തിന്റെ ക്ലൈമാക്‌സ് വെളിപ്പെടുത്തിയത് വിവാദമായിരുന്നു.ഈ പ്ശ്ചാത്തലത്തിൽ, ക്ലൈമാക്്‌സ് വെളിപ്പെടുത്തുന്ന തരത്തിലേക്ക് പത്രം തരം താണുപോകരുതെന്ന് ഓർമിപ്പിക്കുകയാണ് സംവിധായകൻ സലാം ബാപ്പു.

സലാം ബാപ്പുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

'നിരവധി മഹത്തായ കലാകാരന്മാരെ മലയാളത്തിന് സംഭാവന ചെയ്യുകയും ചെറുപ്പക്കാരുടെ സാഹിത്യാഭിരുചികളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചിട്ടുമുള്ള മലയാളത്തിലെ ലക്ഷണമൊത്ത സാഹിത്യ വാരികയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ്. ശുദ്ധമായ സാഹിത്യത്തെയും കലയെയും ജനകീയമാക്കി നിലനിർത്തുന്നതിൽ മാതൃഭൂമി വഹിക്കുന്ന പങ്ക് ആർക്കും അവഗണിക്കാനും പറ്റില്ല.. ഏറ്റവും സത്യസന്ധതയോടെ വായനക്കാർ വായിച്ചിരുന്ന പത്രമാണ് മാതൃഭൂമി, പ്രസിദ്ധീകരണം നിർത്തുന്നതുവരെ സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിൽ കൂടെ നിന്ന സിനിമ വരികയാണ് ചിത്രഭൂമി... ഇത്രയും മഹത്തായ പാരമ്പര്യമുള്ള മാതൃഭൂമി അടുത്തകാലത്തായി സിനിമക്കെതിരായി, സിനിമയെ നശിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നത് പ്രതിഷേധാർഹം തന്നെയാണ്,

ചെറുപ്പത്തിൽ പൊന്നാനിയിൽ നിന്നും ഗുരുവായൂർ നിന്നും തിരൂർ നിന്നും റിലീസ് സിനിമകൾ കാണുമ്പോൾ കഷ്ടപ്പെട്ട് ടിക്കറ്റിനായി ക്യു നിൽക്കുന്ന സമയത്ത് സിനിമ കണ്ടിറങ്ങുന്നവരിൽ ചില തെമ്മാടികൾ ക്ലൈമാക്‌സും സസ്പെൻസും ഉറക്കെ വിളിച്ചു പറഞ്ഞു പോകും ഒരു പ്രേക്ഷനെന്ന നിലയിൽ ആ സമയത്തുണ്ടാകുന്ന ദേഷ്യവും സങ്കടവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്, സസ്‌പെൻസ് വെളിപ്പെടുത്തുന്ന തെമ്മാടി കൂട്ടങ്ങളെ നാട്ടുകാർ കൈകാര്യം ചെയ്യുന്നത് പലപ്പോഴും ഞാൻ സാക്ഷ്യം വഹിച്ചിട്ടുമുണ്ട്, ഈ അവസ്ഥയിലേക്ക് മലയാളത്തിന്റെ പ്രിയപ്പെട്ട പത്രം തരംതാണു പോകരുത് , കാണാനിരിക്കുന്ന സിനിമയുടെ ക്ലൈമാക്‌സ് വെളിപ്പെടുത്താൻ ഏത് അടുത്ത കൂട്ടുകാരനെയും നമ്മൾ അനുവദിക്കാറില്ല, ഇത് ഒരു പ്രേക്ഷകന്റെ അവകാശമാണ്...

വ്യക്തിപരമായി എനിക്ക് ഏറെ അടുപ്പമുള്ള സ്ഥാപനമാണ് മാതൃഭൂമി, അതിന്റെ തലപ്പത്തിരിക്കുന്ന പലരും സഹോദര തുല്ലൃരാണ്, ജീവനക്കാരുമായി അടുത്ത സൗഹൃദവും കാത്തു സൂക്ഷിക്കുന്നു, മാതൃഭൂമിയുടെ വിഷ്വൽ മീഡിയയിലെ ആദ്യ ചുവടുവെപ്പായ എംബി ടിവിയുടെ മാതൃഭൂമി കലോത്സവത്തിന്റെ കൂടെ കേരളമൊട്ടുക്ക് സഞ്ചരിക്കാൻ ക്യാമറക്ക് പുറകിൽ ഞാനുമുണ്ടായിരുന്നു... എനിക്ക് ആദ്യമായി സ്വതന്ത്രമായി ഒരു വർക്ക് തരാൻ ധൈര്യം കാണിച്ചത് മാതൃഭുമിയാണ്, തിരുവനന്തപുരത്ത് വെച്ച് നടന്ന ആദ്യ ഗൃഹലക്ഷ്മി അവാർഡ്. എന്റെ സിനിമകൾക്ക് അകമഴിഞ്ഞ പിന്തുണ നൽകുന്നതിൽ മാതൃഭൂമി ഒരു മടിയും കാണിച്ചിട്ടുമില്ല, അതുകൊണ്ടുതന്നെ എന്റെ ശീലം മാതൃഭൂമി പത്രവും ചാനലുമാണ്

എന്നിരുന്നാലും പറയട്ടെ മാതൃഭൂമി പോലെ ഒരു പത്രം സിനിമാ നിരൂപണം നടത്തുമ്പോൾ കുറച്ചൊക്കെ ഔചിത്യം പാലിച്ചാൽ നല്ലതായിരുന്നു.. ഇത് നിങ്ങൾക്ക് പരസ്യം തരാത്ത സിനിമാക്കാരോടുള്ള ചൊരുക്ക് തീർക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രേക്ഷകരെയാണ്, അവരുടെ ആസ്വദിക്കാനുള്ള അവകാശത്തെയാണ്... നിങ്ങൾ വിമർശിച്ച പല ചിത്രങ്ങളും ബോക്‌സ് ഓഫീസിൽ വിജയം കൈവരിച്ചത് നമ്മൾ കണ്ടതാണ്, എന്നാൽ സ്വപ്നസാക്ഷാത്കാരമായി ചെറുപ്പക്കാർ കഷ്ടപ്പെട്ട് സിനിമ ഒരുക്കി പ്രതിക്ഷയോട് വരുമ്പോൾ അവരെ എഴുതി നശിപ്പിക്കാതിരിക്കാനുള്ള നന്മ മാതൃഭൂമിയിൽ നിന്ന് പ്രതീക്ഷിക്കുന്നു.. വിമർശിക്കുന്നത് വളരാൻ ആയിരിക്കണം...