തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങളിൽ ഉൾപ്പെടെ തൊഴിലാളി വേതനം ബാങ്ക് അക്കൗണ്ട് വഴിയോ ചെക്കായോ നൽകണമെന്ന നിയമ ഭേദഗതി നിയമസഭ പാസാക്കി. ചെക്കോ, ബാങ്ക് അക്കൗണ്ടോ എന്ന് തൊഴിൽ ഉടമയ്ക്കു തീരുമാനിക്കാം. ഇതോടെ എല്ലാ മാസവും തൊഴിലാളിക്ക് നൽകുന്ന ശമ്പളം എത്രയെന്ന് മനസ്സിലാക്കാൻ കഴിയും.

സ്വാകാര്യ ആശുപത്രികളും അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജീവനക്കാർക്ക് വേതനം നൽകുന്നത് മിനിമം കൂലിക്കും താഴെയാണെന്നാണ് വിമർശനം. കമ്പനികൾ അക്കൗണ്ടുകളിൽ കൂടതുൽ ശമ്പളം കാണിക്കും. എന്നാൽ ഇവർക്കൊന്നും അത് നൽകുകയുമില്ല. ഈ പരാതികൾ സജീവമായ സാഹചര്യത്തിലാണ് തൊഴിൽ വകുപ്പിന്റെ നിയമനിർമ്മാണ്. ഫലത്തിൽ കണക്കിലുള്ള തുക ജീവനക്കാരുടെ കൈയിൽ കിട്ടിയെന്ന് ഉറപ്പിക്കാൻ ഇതിലൂടെ കഴിയും.

തൊഴിലാളിയുടെ ശമ്പളം, പി.എഫ്, ഇ.എസ്.ഐ, അവധി, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങി 43 ഇനം വിവരങ്ങളും ബാങ്കിന് കൈമാറാൻ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. ശമ്പളം യഥാസമയം ലഭിച്ചിട്ടുണ്ടോ, നിയമപരമായ വേതനം നൽകുന്നുണ്ടോ എന്നൊക്കെ തൊഴിൽ വകുപ്പിന് പരിശോധിക്കാൻ അവസരം ലഭിക്കുന്നതാണ് നിയമം. ഇതിനെ വിപഌകരമാണെന്നാണ് മന്ത്രി ഷിബു ബേബി ജോൺ വിശേഷിപ്പിച്ചത്.

ശമ്പളം ബാങ്ക് വഴി നൽകുന്ന ഐ.ടി മേഖല ഇതിനോട് കടുത്ത എതിർപ്പാണ് പ്രകടിപ്പിക്കുന്നത്. ശമ്പളത്തിന്റെ വിശദാംശങ്ങൾ നൽകാനാവില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ല. ക്ഷേമ പെൻഷനുകൾ കുടിശിക ഇല്ലെന്നും നവംബർ വരെയുള്ള കർഷക പെൻഷനും സെപ്റ്റംബർ വരെയുള്ള മറ്റ് പെൻഷനുകളും വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ കൂലിയിൽ പങ്കുപറ്റുന്നവർക്ക് മാത്രമേ നിയമ ഭേദഗതിയോട് എതിർപ്പുണ്ടാകൂവെന്നും മന്ത്രി പറഞ്ഞു.

തൊഴിൽ ഉടമയുടെ അക്കൗണ്ട് പരിശോധിക്കാൻ നിയമമില്ലാതെ ശമ്പളം ബാങ്ക് വഴിയാക്കിയതു കൊണ്ട് കൃത്യമായ കൂലി കൊടുക്കുന്നുണ്ടെന്ന് ഉറപ്പിക്കാനാവില്ലെന്നാണ് പ്രതിപക്ഷ നിലപാട്. ബാക്ക് അക്കൗണ്ട് വേണോ ചെക്ക് വേണോ എന്ന് തീരുമാനിക്കാനുള്ള അവകാശം തൊഴിലാളിക്ക് നൽകണമെന്ന് പി.കെ. ഗുരുദാസൻ ആവശ്യപ്പെട്ടു.

പല മേഖലകളിലും കുറഞ്ഞ കൂലി നിശ്ചയിക്കാതെയും നിശ്ചയിച്ചവ യഥാസമയം പുതുക്കാതെയും ശമ്പളം ബാങ്കിൽ നൽകിയതു കൊണ്ട് മാത്രം പ്രശ്‌നങ്ങൾ പരിഹരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമ ഭേദഗതിയെ എതിർത്തു. നിയമം പാസാക്കും മുമ്പ് തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗം വിളിക്കണമെന്ന് സിപിഐ നിയമസഭാകക്ഷി നേതാവ് സി ദിവാകരൻ ആവശ്യപ്പെട്ടു. 31ന് എതിരെ 58 വോട്ടുകൾക്കാണ് ഭേദഗതി പാസാക്കിയത്.